മലയാളം

ഒരു സെർബിയൻ എഴുത്തുകാരനും പത്രപ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന റാഡോയെ ഡൊമാനോവിച് (ഫെബ്രുവരി 16, 1873 – ഓഗസ്റ്റ് 17, 1908), ആക്ഷേപഹാസ്യ ചെറുകഥകളാൽ പ്രശസ്തനായിരുന്നു.

സെൻട്രൽ സെർബിയയിലെ ഒവിസിഷ്റ്റ് ഗ്രാമത്തിലാണ് റാഡോയെ ഡൊമാനോവിച് ജനിച്ചത്. പ്രാദേശിക അദ്ധ്യാപകനും വ്യാപാരിയുമായ മിലോഷ് ഡൊമാനോവിചിന്‍റെയും, ഒന്നാമത്തെയും രണ്ടാമത്തെയും സെർബിയൻ പ്രക്ഷോഭത്തിലെ സൈനിക മേധാവികളിൽ ഒരാളായ പാവ്‌ലെ ഷുകിചിന്‍റെ പിൻഗാമിയായ പേർസീഡ ഷുകിചിന്‍റെയും പുത്രന്‍. ക്രാഗുയെവറ്റ്സിനടുത്തുള്ള യാറൂഷിറ്റസ് ഗ്രാമത്തിലാണ് അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ചതും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും. ക്രാഗുയെവറ്റ്സിലെ മിഡിൽ സ്കൂളില്‍ പഠിച്ച അദ്ദേഹം ബെൽഗ്രേഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സെർബിയൻ ഭാഷയും ചരിത്രത്തിലും തത്വശാസ്ത്രവിഭാഗത്തില്‍ നിന്ന് ബിരുദവും നേടി.

1895-ൽ ഡൊമാനോവിചിന് സെർബിയയുടെ തെക്ക് ഭാഗത്തുള്ള, ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് അടുത്തിടെ മോചിപ്പിക്കപ്പെട്ട പ്രദേശമായ പിറോട്ടിൽ, ഒരു അദ്ധ്യാപക തസ്തികയില്‍ തന്‍റെ ആദ്യ നിയമനം ലഭിച്ചു. തന്‍റെ രാഷ്ട്രീയ വീക്ഷണങ്ങൾ രൂപപ്പെടുത്താൻ സഹായിച്ച അധ്യാപകനും സാമൂഹിക പ്രവര്‍ത്തകനുമായ യാഷ പ്രോഡനോവിച്ചിനെ(1867-1948) പിറോട്ടിൽ വെച്ച് അദ്ദേഹം കണ്ടുമുട്ടി. അവിടെ വെച്ച് തന്നെ അദ്ദേഹം ശ്രെംസ്കി കാർലോവിറ്റ്സിലെ ഒരു പാവപ്പെട്ട സ്കൂൾ അദ്ധ്യാപികയും, തന്‍റെ ഭാവി ഭാര്യയും, ഹ്രസ്വവും പ്രക്ഷുബ്ധവുമായ ജീവിതത്തിലുടനീളം തന്നെ പിന്തുണയ്ക്കുകയും മൂന്ന് മക്കള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്ത, നതാലിയ റാകെറ്റിചിനെ(1875-1939) കണ്ടുമുട്ടുകയും ചെയ്തു.

അദ്ദേഹം പ്രതിപക്ഷമായ പീപ്പിൾസ് റാഡിക്കൽ പാർട്ടിയിൽ ചേർന്നതിനാൽ, ഒബ്രെനോവിച് രാജവംശവുമായി എതിര്‍പ്പിലായി. തുടര്‍ന്ന് 1895 അവസാനത്തോടെ അദ്ദേഹത്തെ വ്രാൻയെയിലേക്ക് സ്ഥലം മാറ്റി, പിന്നെ 1896 ൽ വീണ്ടും ലെസ്കോവാറ്റ്സിലേക്കും മാറ്റി. ഈ അധ്യാപന കാലഘട്ടത്തില്‍ തന്നെ 1895-ൽ ഡൊമനോവിചിന്‍റെ എഴുത്തുജീവിതം ആരംഭിച്ചു. അദ്ദേഹത്തിന്‍റെ ആദ്യത്തെ റിയലിസ്റ്റിക് ചെറുകഥ പ്രസിദ്ധീകരിച്ചു. സർക്കാരിനെതിരെ 1898-ൽ പരസ്യമായി പ്രത്യക്ഷപ്പെട്ടതിനുശേഷം അദ്ദേഹത്തെയും ഭാര്യയെയും പൊതുഭാരണത്തില്‍ നിന്ന് പുറത്താക്കി. ഡൊമാനോവിച് കുടുംബത്തോടൊപ്പം ബെൽഗ്രേഡിലേക്ക് മാറി.

ബെൽഗ്രേഡിൽ അദ്ദേഹം “നക്ഷത്രം” എന്ന പ്രതിവാര മാസികയിലും പ്രതിപക്ഷ രാഷ്ട്രീയ പത്രമായ “പ്രതിധ്വനി” യിലും സഹ എഴുത്തുകാരോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങി. ഈ സമയത്ത് അദ്ദേഹം, “രാക്ഷസന്‍”, “അഭിനിവേശം ഇല്ലാതാക്കൽ” പോലെയുള്ള തന്‍റെ ആദ്യ ആക്ഷേപഹാസ്യ കഥകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. റാഡോയെയുടെ പ്രശസ്തിയിലേക്കുള്ള ഉയർച്ച അദ്ദേഹത്തിന്‍റെ ഏറ്റവും പ്രസിദ്ധ കഥകളായ “നേതാവ്” (1901), “സ്ട്രാഡിയ” (1902) എന്നിവയുടെ പ്രസിദ്ധീകരണത്തോടെയാണ്. അതിൽ അദ്ദേഹം ഭരണകൂടത്തിന്‍റെ കാപട്യവും വീഴ്ചയും പരസ്യമായി വെളിപ്പെടുത്തുകയും അതിനെ ആക്രമിക്കുകയും ചെയ്തു.

1903-ൽ അലക്സാണ്ടർ ഒബ്രെനോവിച്ചിന്‍റെ ഭരണം അവസാനിപ്പിച്ച അട്ടിമറിക്ക് ശേഷം, ജനപ്രീതിയുടെ ഉന്നതിയിൽ, ഡൊമാനോവിചിന് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഒരു എഴുത്തുകാരന്‍റെ സ്ഥാനം ലഭിച്ചു. പുതിയ ഭരണകൂടം അദ്ദേഹത്തെ ഒരു വർഷത്തെ സ്പ്ഷ്യലൈസേഷനായി ജർമ്മനിയിലേക്ക് പോകാൻ അനുവദിച്ചു. അത് അദ്ദേഹം മ്യൂണിക്കിൽ ചെലവഴിച്ചു. സെർബിയയിൽ തിരിച്ചെത്തിയ റാഡോയെ സമൂഹത്തിൽ യഥാർത്ഥ മാറ്റമൊന്നും വരാത്തത്തതിൽ നിരാശനായി സ്വന്തം രാഷ്ട്രീയ വാരികയായ “സ്ട്രാഡിയ” ആരംഭിച്ചു. അതിൽ അദ്ദേഹം പുതിയ ജനാധിപത്യത്തിന്‍റെ ബലഹീനതകളെ വിമർശിച്ചുകൊണ്ടിരുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ രചനയ്ക്ക് മുന്‍പ്‌ ഉണ്ടായിരുന്ന ശക്തിയും പ്രചോദനവും ഉണ്ടായിരുന്നില്ല.

1908 ഓഗസ്റ്റ് 17 അർദ്ധരാത്രിക്ക് ശേഷം വിട്ടുമാറാത്ത ന്യുമോണിയയും ക്ഷയരോഗവുമായുള്ള നീണ്ട പോരാട്ടത്തെത്തുടർന്ന്, 35 ആം വയസ്സിൽ റാഡോയെ ഡൊമാനോവിച് അന്തരിച്ചു. ബെൽഗ്രേഡിലെ പുതിയ സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരിക്കാത്ത കൃതികൾ ഒന്നാം ലോകമഹായുദ്ധസമയത്ത് നഷ്ടപ്പെട്ടു.

സാഹിത്യ പ്രവർത്തനം

റാഡോയെ ഡൊമാനോവിചിന്‍റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ചിലത് ഉൾപ്പെടുത്തുന്നു:

  • രാക്ഷസന്‍, 1898
  • അഭിനിവേശം ഇല്ലാതാക്കൽ, 1898
  • ചാപ്പ, 1899
  • നേതാവ്, 1901
  • മാർക്കോ രാജകുമാരന്‍ രണ്ടാം തവണ സെർബിയക്കാര്‍ക്കിടയിൽ, 1901
  • സ്ട്രാഡിയ, 1902
  • ചാവുകടൽ, 1902
  • ആധുനിക പ്രക്ഷോഭം, 1902
  • ഒരു സാധാരണ സെർബിയൻ കാളയുടെ ന്യായവാദങ്ങള്‍, 1902

സെർബിയൻ എഴുത്തുകാരനായ റാഡോയെ ഡൊമാനോവിചിന്‍റെ സമ്പൂർണ്ണ കൃതികൾ ഡിജിറ്റൈസ് ചെയ്യുക, യഥാർത്ഥ കൃതികളും വിവർത്തനങ്ങളും വായിക്കാൻ വായനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ക്വാളിറ്റി എഞ്ചിനീയറും സാഹിത്യപ്രേമിയുമായ വ്‌ളാദിമിർ ജിവനോവിച് “റാഡോയെ ഡൊമാനോവിച്” എന്ന പ്രോജക്റ്റ് മുന്നോട്ട് കൊണ്ട് പോകുന്നു. ഇനിപ്പറയുന്ന കഥകൾ പ്രോജക്റ്റിനായി പ്രത്യേകം വിവർത്തനം ചെയ്‌ത്, ആദ്യമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു:

“റാഡോയെ ഡൊമാനോവിച്” പ്രോജക്റ്റിനായി കഥകള്‍ വിവർത്തനം ചെയ്‌തത് – ദേവിക രമേഷ്.

 

 


[Contents of this biographical reference page were written for the “Radoje Domanović” Project with the goal of promoting the life and works of the famous Serbian satirist, Radoje Domanović, and are released into public domain. Editor]

%d bloggers like this: