നേതാവ് (2/3)

(മുമ്പത്തെ പേജ്)

ഒരു ദൂര യാത്ര പോകാന്‍ ധൈര്യമുണ്ടായിരുന്ന എല്ലാവരും അടുത്ത ദിവസം അണിനിരന്നു. ഇരുനൂറിലേറെ കുടുംബങ്ങള്‍ പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തി. തങ്ങളുടെ ഭൂമി നോക്കാന്‍ കുറച്ചു പേര്‍ മാത്രം വീടുകളില്‍ ഒതുങ്ങി കൂടി.

ജനിച്ച ദേശവും അവരുടെ പൂർവ്വികരുടെ കല്ലറകളും ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരായ ഈ ദയനീയരായ ജനക്കൂട്ടത്തിന്‍റെ കഠിനമായ നിർഭാഗ്യമോര്‍ക്കുമ്പോൾ തീർച്ചയായും സങ്കടമുണ്ട്. അവരുടെ മുഖങ്ങള്‍ ക്ഷീണിതവും സൂര്യതാപമേറ്റ് മങ്ങിയതുമായിരുന്നു. നീണ്ട കാലത്തെ കഠിനമായ കഷ്ടപ്പാടുകൾ അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. ദുരിതങ്ങളുടെയും കടുത്ത നിരാശയുടെയും ഒരു ചിത്രം അവരുടെ അവസ്ഥ വിളിച്ചോതിയിരുന്നു. എന്നാൽ ഈ നിമിഷത്തിൽ, ഗൃഹാതുരത്വവുമായി കൂടിച്ചേര്‍ന്ന പ്രതീക്ഷയുടെ ആദ്യ തിളക്കം അവരിലാകെ നിറഞ്ഞു നിന്നിരുന്നു. തീക്ഷ്ണമായി എടുത്തിരുന്ന നെടുവീർപ്പുകളും നിഷിദ്ധമാണെന്ന് കരുതുന്ന എന്തൊക്കെയോ ചെയ്യുന്നു എന്ന ഭാവത്തിലുള്ള തലകുലുക്കലുകളുടെയുമൊപ്പം കുറച്ച് വൃദ്ധരുടെ കവിളുകളിലൂടെ ഒരു തുള്ളി കണ്ണുനീർ ഒഴുകി. മെച്ചപ്പെട്ട ഒരു ദേശം തേടി പോകുന്നതിനുപകരം ഈ പാറകൾക്കിടയിൽ വീണു മരിക്കാൻ വേണ്ടി കുറച്ചുകാലം കൂടി അവിടെ തന്നെ താമസിക്കാന്‍ അവര്‍ തയ്യാറായിരുന്നു. പല സ്ത്രീകളും ഉറക്കെ വിലപിക്കുകയും തങ്ങള്‍ വിട്ടുപോകുന്ന പ്രിയപ്പെട്ടവരുടെ കല്ലറയില്‍ ചെന്ന് വിടപറയുകയും ചെയ്തു.

ധൈര്യമുള്ളവരായിരിക്കാന്‍ പുരുഷന്മാർ ഉച്ചവെച്ചു പറഞ്ഞുകൊണ്ടിരുന്നു. ‘ശരി, ഈ നശിച്ച നാട്ടിലെ കുടിലുകളിൽ തുടര്‍ന്നും പട്ടിണി കിടക്കാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?’ സാധ്യമായിരുന്നെങ്കില്‍ ആ ശപിക്കപ്പെട്ട പ്രദേശവും കുടിലുകളും അവരോടൊപ്പം കൊണ്ട് പോകാന്‍ ആ ദരിദ്രർ തയ്യാറായിരുന്നു.

ഒരു കൂട്ടം ആളുകള്‍ കൂടുമ്പോള്‍ ഉണ്ടാവുന്ന പതിവ് ശബ്ദങ്ങളും അലർച്ചയും അവിടെയുമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അസ്വസ്ഥരായിരുന്നു. അമ്മമാരുടെ മുതുകിൽ കെട്ടിയ തുണിത്തൊട്ടിലിൽ കിടന്നു കുട്ടികൾ വിറച്ചു. കന്നുകാലികൾ പോലും അൽപ്പം അസ്വസ്ഥരായിരുന്നു. ഒരുപാട് കന്നുകാലികളൊന്നുമില്ല. കഷ്ടിച്ചൊരു കാളക്കുട്ടിയും പിന്നെ വലിയ തലയും തടിച്ച കാലുകളുമുള്ള ഒരു മെലിഞ്ഞ, വൃത്തികെട്ട കുതിരയും. അതിന്‍റെ മുതുകിലെ ചുമടുതാങ്ങിക്ക് മേല്‍ പഴയ കമ്പളങ്ങൾ, സഞ്ചികൾ, കൂടാതെ രണ്ട് ചാക്കും കയറ്റിക്കൊണ്ടിരുന്നു. അങ്ങനെ ആ പാവം മൃഗം ആ ഭാരത്തിന് കീഴിൽ വിറച്ചു. എന്നിട്ടും അത് പണിപ്പെട്ടു എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റുള്ളവർ കഴുതകളെ കയറ്റുകയായിരുന്നു; കുട്ടികൾ നായ്ക്കളെ അവയുടെ തോല്‍വാറുകളില്‍ പിടിച്ചു നിയന്ത്രിക്കുകയും ചെയ്തു. സംസാരം, അലരിവിളികള്‍, ശാപവാക്കുകള്‍, വിലാപങ്ങള്‍, കരച്ചില്‍, കുര, മർദ്ദനങ്ങള്‍, എല്ലാം പെരുകുന്നു. ഒരു കഴുത പോലും കുറച്ച് തവണ അമറി. പക്ഷേ, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവേന, നേതാവ് ഒരു വാക്കുപോലും പറയാതെ നിശബ്ദനായിരുന്നു. ജ്ഞാനിയായ മനുഷ്യൻ!

അയാൾ തല താഴ്ത്തി നിശബ്ദനായി ഇരുന്നു. വല്ലപ്പോഴും നിലത്തു തുപ്പുക മാത്രം ചെയ്തു. എന്നാൽ അയാളുടെ വിചിത്രമായ പെരുമാറ്റം കാരണം, അയാളുടെ പ്രശസ്തി വളരെയധികം വര്‍ദ്ധിച്ചു. ഏവരും ഏതു പ്രതിബന്ധങ്ങളിലൂടെയും കടന്നു പോകാന്‍ തയ്യാറായിരുന്നു. താഴെപ്പറയുന്ന സംഭാഷണങ്ങൾ അവിടെ കേള്‍ക്കുമാറായി:

‘അത്തരമൊരു മനുഷ്യനെ കണ്ടെത്തിയതിൽ നമ്മൾ സന്തുഷ്ടരായിരിക്കണം. അദ്ദേഹത്തെക്കൂടാതെ നാം മുന്നോട്ട് പോയിരുന്നെങ്കിൽ നാം നശിക്കുമായിരുന്നു. ഞാൻ നിങ്ങളോട് പറയുന്നു, അദ്ദേഹത്തിന് നല്ല ബുദ്ധി ഉണ്ട്! അദ്ദേഹം നിശബ്ദനാണ്. അദ്ദേഹം ഇതുവരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ’- നേതാവിനെ ബഹുമാനത്തോടും അഭിമാനത്തോടും കൂടി നോക്കിക്കൊണ്ട് ഒരാൾ പറഞ്ഞു.

‘അദ്ദേഹം എന്ത് പറയണം? ധാരാളം സംസാരിക്കുന്നവൻ അധികം ചിന്തിക്കുന്നില്ല. അദ്ദേഹം മിടുക്കനാണ്, അത് ഉറപ്പാണ്! അദ്ദേഹം ആലോചിക്കുകയാണ്, ഒന്നും പറയുന്നുമില്ല’ – മറ്റൊരുവനും നേതാവിനെ വിസ്മയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.

‘ഇത്രയധികം ആളുകളെ നയിക്കുന്നത് എളുപ്പമല്ല! അദ്ദേഹത്തിന്‍റെ മേൽ ഒരു വലിയ ഉത്തരവാദിത്തമുള്ളതിനാൽ അദ്ദേഹത്തിനു ഒരുപാട് ആലോചിക്കേണ്ടതുണ്ട്’ – ആദ്യത്തെയാള്‍ വീണ്ടും പറഞ്ഞു.

പുറപ്പെടാനുള്ള സമയം ആഗതമായി. എന്നിരുന്നാലും, മറ്റാരെങ്കിലും മനസ്സ് മാറ്റി അവരോടൊപ്പം വരുമോ എന്ന് അറിയാൻ അവർ അൽപസമയം കാത്തിരുന്നു. പക്ഷേ ആരും വരാത്തതിനാൽ അവർക്ക് ഇനി അവിടെ തുടരാന്‍ സാധിച്ചില്ല.

‘നമുക്ക് പോകണ്ടേ?’ – അവർ നേതാവിനോട് ചോദിച്ചു.

അയാൾ ഒരു വാക്കുപോലും പറയാതെ എഴുന്നേറ്റു.

ഏറ്റവും ധീരരായ ആളുകൾ എന്ത് സഹായത്തിനുമായി ഉടൻ തന്നെ അയാളുടെ ചുറ്റും കൂടി.

നേതാവ് മുഖം ചുളിച്ചു, തല താഴ്ത്തി, കുറച്ച് ചുവടുകൾ വെച്ചു. അന്തസ്സായ രീതിയിൽ തന്‍റെ വടി മുൻപിലേക്ക് കുത്തി നടന്നു. ആ കൂട്ടം അദ്ദേഹത്തിന്‍റെ പിന്നില്‍ അണിനിരന്ന് ഉച്ചത്തില്‍ അലറി, “ഞങ്ങളുടെ നേതാവ് നീണാള്‍ വാഴട്ടെ!”

അദ്ദേഹം കുറച്ച് ചുവടുകൾ മുന്നോട്ടു വെച്ച് ഗ്രാമത്തിന്‍റെ പൊതുഹാളിനു മുന്നിലെ വേലിയുടെ അടുത്തെത്തി. സ്വാഭാവികമായും, അയാള്‍ അവിടെ നിന്നു; അതിനാൽ സംഘവും നിന്നു.

നേതാവ് അൽപ്പം പിന്നോട്ട് മാറി വേലിയിൽ വടികൊണ്ട് പലതവണ അടിച്ചു.

‘ഞങ്ങൾ എന്തുചെയ്യണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?’ – അവർ ചോദിച്ചു.

അയാൾ ഒന്നും പറഞ്ഞില്ല.

‘നാം എന്തു ചെയ്യണം? വേലി പൊളിക്കുക – അതാണ് നമ്മൾ ചെയ്യേണ്ടത്! എന്തുചെയ്യണമെന്ന് വടി കൊണ്ട് അദ്ദേഹം നമ്മളെ കാണിച്ചുതന്നത് നിങ്ങൾ കാണുന്നില്ലേ?’ – നേതാവിന് ചുറ്റും നിന്നവർ അലറി.

‘അവിടെയാണ് ഗേറ്റ്! അവിടെയാണ് ഗേറ്റ്!’ – കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചുകൂവിക്കൊണ്ട് അവരുടെ എതിർവശത്തുള്ള ഗേറ്റിലേക്ക് വിരൽ ചൂണ്ടി.

‘മിണ്ടാതെയിരിക്കൂ, കുട്ടികളെ… ’

‘ദൈവമേ ഞങ്ങളെ സഹായിക്കൂ, എന്താണ് ഇവിടെ നടക്കുന്നത്?’ – ഇങ്ങനെ പറഞ്ഞുകൊണ്ട് കുറച്ച് സ്ത്രീകൾ കുരിശുവരച്ചു.

‘ഒന്നും മിണ്ടരുത്! എന്തുചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. വേലി പൊളിക്കുക!’

ഒരിക്കലും അവിടെ സ്ഥിതി ചെയ്തിട്ടില്ലയെന്നത് പോലെ ഒരു നിമിഷം കൊണ്ട് ആ വേലി നിലംപരിശ്ശായി.

അവർ ആ വേലി മറികടന്നു.

ഒരു നൂറു ചുവടുകള്‍ വെച്ചുകഴിഞ്ഞപ്പോള്‍ നേതാവ് വലിയ മുള്ളുള്ള ഒരു മുൾപടർപ്പിനകത്തേക്ക് നടന്നു കയറി. വളരെ പ്രയാസത്തോടെ അയാൾ പുറത്തേക്കു വരുകയും തുടർന്ന് എല്ലാ ദിശകളിലേക്കും തന്‍റെ വലിയ വടി തട്ടാൻ തുടങ്ങുകയും ചെയ്തു. ആരും അയാളെ തടഞ്ഞില്ല.

‘ഇപ്പോൾ എന്താണ് പ്രശ്‌നം?’ – പിന്നിലുള്ളവർ അലറി.

‘മുൾപടർപ്പു മുറിക്കുക!’ – നേതാവിന് ചുറ്റും നിൽക്കുന്നവർ നിലവിളിച്ചു.

‘അതാ അവിടെ, മുള്ളുള്ള കുറ്റിക്കാട്ടിന് പിന്നില്‍ വഴിയുണ്ട്! അതവിടുണ്ട്!’ – പിന്നിലുള്ള നിരവധി ആളുകളും കുട്ടികളും വിളിച്ചു പറഞ്ഞു.

‘വഴിയുണ്ട്! വഴിയുണ്ട്!!’ – വിളിച്ചു പറഞ്ഞവരെ കളിയാക്കികൊണ്ട്‌ നേതാവിനു ചുറ്റുമുള്ളവര്‍ കോപത്തോടെ പറഞ്ഞു. ‘അദ്ദേഹം നമ്മെ എവിടേക്കാണ് നയിക്കുന്നതെന്ന് അന്ധരായ നമുക്ക് എങ്ങനെ അറിയാൻ കഴിയും? എല്ലാവർക്കും ഉത്തരവുകൾ നൽകാൻ കഴിയില്ല. നേതാവിന് ഏറ്റവും മികച്ചതും നേരിട്ടുള്ളതുമായ വഴി അറിയാം. മുൾപടർപ്പു മുറിക്കുക!’

വഴി വൃത്തിയാക്കാന്‍ അവർ ചാടി വീണു.

‘അയ്യോ’ മുള്ളു കയ്യിൽ കൊണ്ട ഒരാളും ബ്ലാക്ക്‌ബെറിയുടെ ഒരു ശാഖ മുഖത്ത് അടിച്ച മറ്റൊരാളും നിലവിളിച്ചു.

‘സഹോദരന്മാരേ, എന്തെങ്കിലും ചെയ്യാതെ നിങ്ങള്‍ക്ക് ഒന്നും നേടാനാവില്ല. വിജയിക്കാൻ നിങ്ങൾ അൽപ്പം ബുദ്ധിമുട്ടണം. ’ – സംഘത്തിലെ ധീരർ അവര്‍ക്ക് ഉത്തരം നൽകി.

വളരെയധികം പരിശ്രമത്തിനുശേഷം അവർ മുൾപടർപ്പിനെ തകർത്ത് മുന്നോട്ട് നീങ്ങി.

കുറച്ചുകൂടി അലഞ്ഞുനടന്ന ശേഷം അവർ ശിഖരങ്ങള്‍ പിണച്ചു കെട്ടിയ ഒരു വേലിയുടെ മുന്നില്‍ ചെന്ന് നിന്നു. അതും പൊളിച്ചുമാറ്റി അവർ തുടർന്നു.

സമാനമായ നിരവധി തടസ്സങ്ങൾ മറികടക്കേണ്ടിവന്നതിനാൽ ആദ്യ ദിവസം വളരെ കുറച്ച് വഴികളെ അവര്‍ക്ക് താണ്ടാനായുള്ളൂ. ഇതെല്ലാം വളരെ കുറച്ചു ഭക്ഷണത്തിന്‍റെ പിന്‍ബലത്തിലായിരുന്നു. ചിലർ ഉണക്കറൊട്ടിയും അല്പം ചീസും മാത്രമേ കൊണ്ടുവന്നിട്ടുണ്ടായിരുന്നുള്ളൂ. മറ്റുള്ളവർക്ക് വിശപ്പ് തൃപ്തിപ്പെടുത്താൻ കുറച്ച് റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലർക്ക് ഒന്നുമില്ലായിരുന്നു. ഭാഗ്യവശാൽ അത് വേനൽക്കാലമായിരുന്നതിനാൽ അവർക്ക് അവിടെയുമിവിടെയും നിന്നുമായി കുറച്ചു ഫലങ്ങള്‍ കിട്ടി.

അങ്ങനെ, ആദ്യ ദിവസം വളരെ ചെറിയ ദൂരം മാത്രമേ പിന്നിട്ടിരുന്നുള്ളൂവെങ്കിലും അവർക്ക് വളരെ ക്ഷീണം തോന്നി. വലിയ ആപത്തുകളോ അപകടങ്ങളൊ ഒന്നും സംഭവിച്ചില്ല. സ്വാഭാവികമായും ഇത്രയും വലിയൊരു ഉദ്യമത്തിൽ താഴെപ്പറയുന്ന സംഭവങ്ങളെ നിസ്സാരമായി കണക്കാക്കണം: ഒരു സ്ത്രീയുടെ ഇടത് കണ്ണിൽ ഒരു മുള്ളു കൊണ്ടു, അത് അവര്‍ നനഞ്ഞ തുണികൊണ്ട് കെട്ടിവെച്ചു; ഒരു കുട്ടിയുടെ കാല്‍ തടിയില്‍ തട്ടി, അവന്‍ അലറികരയുകയും ഞൊണ്ടി നടക്കാന്‍ തുടങ്ങുകയും ചെയ്തു. ഒരു വൃദ്ധൻ ഒരു ബ്ലാക്ക്ബെറി മുൾപടർപ്പിനു മുകളില്‍ തട്ടി വീണ്‌ കണങ്കാലിൽ ഉളുക്കുണ്ടായി; അതില്‍ സവാള പുരട്ടിയശേഷം, ആ മനുഷ്യൻ വേദന സഹിച്ചു, ധൈര്യത്തോടെ വടി കുത്തി, നേതാവിന്‍റെ പുറകെ ധീരമായി മുന്നോട്ട് നീങ്ങി. (സത്യം പറഞ്ഞാല്‍, തിരിച്ചു പോകുവാനുള്ള ആഗ്രഹത്തില്‍ ആ വൃദ്ധന്‍ മനപ്പൂര്‍വം ഉളുക്ക് വരുത്തിയതാണെന്ന് പലരും അടക്കം പറഞ്ഞു) അല്‍പ്പ സമയത്തിനുള്ളില്‍ മുഖം ഉറയാത്തവരോ, കയ്യില്‍ മുള്ള് കുത്തികയറാത്തവരോ ആയി വളരെ കുറച്ചു ആളുകളെ അവിടെ ശേഷിച്ചുള്ളൂ. പുരുഷന്മാർ ഇതെല്ലാം വീരോചിതമായി സഹിച്ചപ്പോള്‍, തങ്ങള്‍ ഇറങ്ങിത്തിരിച്ച സമയത്തെ സ്ത്രീകൾ ശപിക്കുകയും, കുട്ടികൾ സ്വാഭാവികമായും കരയുകയും ചെയ്തു. കാരണം ഈ അധ്വാനത്തിനും വേദനയ്ക്കും സമൃദ്ധമായ പ്രതിഫലം ലഭിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നില്ല.

നേതാവിന് ഒന്നും സംഭവിച്ചില്ലയെന്നത് എല്ലാവരുടെയും സന്തോഷത്തിന് കാരണമായി. സത്യം പറഞ്ഞാൽ, അയാള്‍ വളരെയധികം സംരക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, ആ മനുഷ്യൻ ഭാഗ്യവാനുമായിരുന്നു. ആദ്യ രാത്രിയിലെ ക്യാമ്പിൽ എല്ലാവരും പ്രാർത്ഥിക്കുകയും ആ ദിവസത്തെ യാത്ര വിജയകരമാണെന്നും ഒരു ചെറിയ ദുരിതം പോലും നേതാവിന് സംഭവിച്ചിട്ടില്ലെന്നും ഓര്‍ത്ത്‌ ദൈവത്തോട് നന്ദി പറയുകയും ചെയ്തു. അപ്പോൾ ധീരനായ ഒരാൾ സംസാരിക്കാൻ തുടങ്ങി. അയാളുടെ മുഖം ബ്ലാക്ക്ബെറി മുൾപടർപ്പു കൊണ്ടുരഞ്ഞിരുന്നു. എന്നാല്‍ അയാള്‍ അതിൽ ശ്രദ്ധിച്ചില്ല.

‘സഹോദരന്മാരേ,’ – അയാള്‍ ആരംഭിച്ചു. ‘ദൈവത്തിന് നന്ദി, ഒരു ദിവസത്തെ യാത്ര വിജയകരമായി നമ്മള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. പാത എളുപ്പമല്ല, പക്ഷേ നമ്മള്‍ സഹിക്കണം കാരണം ഈ പാത നമ്മെ സന്തോഷത്തിലേക്ക് നയിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. സർവ്വശക്തനായ ദൈവം നമ്മുടെ നേതാവിനെ എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും സംരക്ഷിക്കട്ടെ, അങ്ങനെ അദ്ദേഹം നമ്മെ വിജയകരമായി മുന്നോട്ടു നയിക്കട്ടെ!’

‘ഇന്നത്തെ പോലെ കാര്യങ്ങൾ നടന്നാൽ നാളെ എനിക്ക് എന്‍റെ മറ്റെ കണ്ണും നഷ്ടപ്പെടും!’ – സ്ത്രീകളിലൊരാൾ ദേഷ്യത്തോടെ പറഞ്ഞു.

‘അയ്യോ, എന്‍റെ കാല്!’ – ആ സ്ത്രീയുടെ പരാമർശം പ്രോത്സാഹിപ്പിച്ചപ്പോള്‍, വൃദ്ധനും കരഞ്ഞു.

കുട്ടികൾ അലറിക്കരഞ്ഞുക്കൊണ്ടിരുന്നു. വക്താവിനെ കേൾക്കാനായി അമ്മമാർ അവരെ നിശബ്ദരാക്കാന്‍ നന്നേ പണിപ്പെടേണ്ടി വന്നു.

‘അതെ, നിങ്ങളുടെ മറ്റേ കണ്ണും നഷ്‌ടപ്പെടട്ടെ. . ’ – അയാള്‍ കോപത്തോടെ പൊട്ടിത്തെറിച്ചു. ‘നിങ്ങളുടെ രണ്ടു കണ്ണും നഷ്ടപ്പെടട്ടെ! ഇത്രയും വലിയ ഒരു കാര്യത്തിന് വേണ്ടി ഒരു സ്ത്രീക്ക് കണ്ണുകൾ നഷ്ടപ്പെടുന്നത് അത്ര ദൗർഭാഗ്യകരമായ കാര്യമല്ല. നിങ്ങൾക്ക് സ്വയം ലജ്ജ തോന്നണം! നിങ്ങളുടെ കുട്ടികളുടെ ക്ഷേമത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലുമൊക്കെ ചിന്തിച്ചിട്ടില്ലേ? ഈ ശ്രമത്തിൽ നമ്മിൽ പകുതിയും നശിച്ചെന്നു വരാം! അതുകൊണ്ട് എന്ത് വ്യത്യാസമാണ് ഉണ്ടാവാന്‍ പോകുന്നത്? എന്തിനാണ് ഒരു കണ്ണ്? നമ്മെ സന്തോഷത്തിലേക്ക് നയിക്കുന്ന ഒരാള്‍ ഉള്ളപ്പോൾ നമ്മുടെ കണ്ണുകൾകൊണ്ട് എന്ത് പ്രയോജനം? നിങ്ങളുടെ കണ്ണും വൃദ്ധന്‍റെ കാലും നിമിത്തം ഞങ്ങൾ ഞങ്ങളുടെ കര്‍ത്തവ്യം ഉപേക്ഷിക്കണോ?’

‘അയാള്‍ കള്ളം പറയുകയാണ്! വൃദ്ധൻ കള്ളം പറയുകയാണ്! അയാൾക്ക് തിരികെ വീട്ടിലേക്ക് പോകാനായി അഭിനയിക്കുകയാണ്. ’ – എല്ലാ ഭാഗത്തുനിന്നും ശബ്ദങ്ങൾ ഉയർന്നു.

‘സഹോദരന്മാരേ, കൂടുതൽ ദൂരം പോകാൻ ആഗ്രഹിക്കാത്തവർ, പരാതിപ്പെടുന്നതിനും മറ്റുള്ളവരെ ഇളക്കിവിടുന്നതിനും പകരം തിരികെ പോകട്ടെ. ’ – വക്താവ് വീണ്ടും പറഞ്ഞു. ‘എന്നിൽ എന്തെങ്കിലും അവശേഷിക്കുന്നിടത്തോളം കാലം ഞാൻ ഈ ബുദ്ധിമാനായ നേതാവിനെ പിന്തുടരും!’

‘നമ്മൾ എല്ലാവരും പിന്തുടരും! നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നാമെല്ലാം അദ്ദേഹത്തെ പിന്തുടരും!’

നേതാവ് നിശബ്ദനായിരുന്നു.

എല്ലാവരും അദ്ദേഹത്തെ നോക്കി മന്ത്രിക്കാൻ തുടങ്ങി:

‘അദ്ദേഹം തന്‍റെ ചിന്തകളിൽ ലയിച്ചിരിക്കുകയാണ്!’

‘ജ്ഞാനി!’

‘അദ്ദേഹത്തിന്‍റെ നെറ്റിയിൽ നോക്കൂ!’

‘അദ്ദേഹം മുഖം ചുളിക്കുന്നു!’

‘ഗൌരവം!’

‘അദ്ദേഹം ധീരനാണ്! അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും അത് കാണപ്പെടുന്നു.

‘നിങ്ങള്ക്ക് വീണ്ടും പറയാം! വേലികൾ, മതിലുകള്‍ – അദ്ദേഹം അതെല്ലാം മറികടക്കും. അദ്ദേഹം ഒന്നും പറയാതെ വടി കുത്തുന്നു. അദ്ദേഹത്തിന്‍റെ മനസ്സിലുള്ളത് നമ്മള്‍ മനസ്സിലാക്കുന്നു.’

(അടുത്ത പേജ്)

Ознаке: , , , , , , , , , , , , , , , , , , , , , , ,

About Домановић

https://domanovic.wordpress.com/about/

Оставите одговор

Попуните детаље испод или притисните на иконицу да бисте се пријавили:

WordPress.com лого

Коментаришете користећи свој WordPress.com налог. Одјави се /  Промени )

Фејсбукова фотографија

Коментаришете користећи свој Facebook налог. Одјави се /  Промени )

Повезивање са %s

%d bloggers like this: