നേതാവ് (3/3)
അങ്ങനെ ആദ്യ ദിവസവും, അതേപോലെ തന്നെ കൂടുതല്‍ ദിവസങ്ങളും വിജയകരമായി കടന്നുപോയി. വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നും സംഭവിച്ചില്ല, ചില നിസ്സാര സംഭവങ്ങൾ മാത്രം: അവര്‍ തലകുത്തി ഒരു കുഴിയിലേക്കും പിന്നീട് ഒരു തോട്ടിലേക്കും വീണു; അവർ കുറ്റിച്ചെടി വേലികളിലും ബ്ലാക്ക്ബെറി കുറ്റിക്കാടുകൾക്കുമിടയില്‍ കുടുങ്ങി; അവർ കുപ്പികളിൽ തട്ടി വീണു; നിരവധി പേരുടെ കൈകളും കാലുകളും ഒടിഞ്ഞപ്പോള്‍, ചിലർക്ക് തലയിൽ ക്ഷതമേറ്റു. എന്നാൽ ഈ പീഡകളെല്ലാം അവര്‍ സഹിച്ചു. ഏതാനും വൃദ്ധന്മാരെ മരിക്കാനായി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ‘അവർ വീട്ടിൽ താമസിച്ചിരുന്നെങ്കിലും മരിക്കുമായിരുന്നു, അതുകൊണ്ട് വഴിയില്‍ മരിച്ചെന്നു പറഞ്ഞോണ്ട് നടക്കണ്ട കാര്യമില്ല. ’ – യാത്ര തുടരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച് വക്താക്കൾ പറഞ്ഞു. ചില ചെറിയ കുട്ടികളും മരിച്ചുവീണു. ദൈവഹിതമാണെന്ന് കരുതി, മാതാപിതാക്കൾ അവരുടെ ഹൃദയവേദന കടിച്ചമര്‍ത്തി. ‘കുട്ടികളുടെ പ്രായം എത്ര കുറവാണോ, സങ്കടം അത്രയും കുറഞ്ഞിരിക്കും. വിവാഹ പ്രായം എത്തിക്കഴിഞ്ഞാല്‍ മാതാപിതാക്കൾക്ക് ഒരിക്കലും അവരുടെ മക്കളെ നഷ്ടപ്പെടുത്താൻ ദൈവം അനുവദിക്കരുത്. കുട്ടികൾ മരിക്കാന്‍ വിധിക്കപ്പെട്ടവരാണെങ്കിൽ, നേരത്തെ മരിക്കുന്നതാണ് നല്ലത്. അപ്പോൾ ദുഃഖത്തിന്‍റെ അളവ് അത്ര വലുതാവില്ല!’ – വക്താക്കൾ അവരെ വീണ്ടും ആശ്വസിപ്പിച്ചു. ചിലർ തലയിലെ മുറിവുകളിൽ തുണികൾ പൊതിഞ്ഞ് അവിടെ രക്തത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചു. മറ്റുചിലർ ഉറകളില്‍ ആയുധം വഹിച്ചു നടന്നു. എല്ലാവരും മുറിവേറ്റവരും ക്ഷീണിതരുമായിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞെങ്കിലും അവര്‍ സന്തോഷത്തോടെ മുന്നോട്ട് നീങ്ങി. പലതവണ പട്ടിണി കിടക്കേണ്ടിവന്നില്ലായിരുന്നില്ലെങ്കിൽ ഇതെല്ലാം സഹിക്കാൻ എളുപ്പമായിരുന്നു. പക്ഷേ എന്തൊക്കെ വന്നാലും അവർക്ക് മുന്നോട്ട് പോകേണ്ടിവന്നു.
ഒരു ദിവസം, വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം സംഭവിച്ചു.
സംഘത്തിലെ ധീരരായ ആളുകളാല്‍ ചുറ്റപ്പെട്ടു നേതാവ് മുന്നിൽ നടക്കുകയായിരുന്നു. (അവരിൽ രണ്ടുപേരെ കാണ്മാനില്ലായിരുന്നു, അവർ എവിടെയാണെന്ന് ആർക്കും ഒരു അറിവുമില്ല. അവര്‍ തങ്ങളുടെ ലക്ഷ്യം മറന്നു എല്ലാവരെയും വഞ്ചിച്ചു ഓടിപ്പോയി എന്നായിരുന്നു പൊതുവായ അഭിപ്രായം. ഒരു അവസരത്തിൽ വക്താവ് അവരുടെ ലജ്ജാകരമായ വഞ്ചനയെക്കുറിച്ച് ചിലത് പറഞ്ഞു. പക്ഷേ കുറച്ചുപേർ അവര്‍ വരുന്ന വഴിയില്‍ മരിച്ചു വീണുവെന്നു വിശ്വസിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ പക പിടിച്ചുപറ്റാതിരിക്കാന്‍ അവർ ആ അഭിപ്രായം പുറത്തു പറഞ്ഞില്ല) ബാക്കിയുള്ളവരൊക്കെ അവരുടെ പിന്നിൽ അണിനിരന്നു. പെട്ടെന്ന് വളരെ വലുതും ആഴമേറിയതുമായ ഒരു മലയിടുക്ക്, ഒരു അടി കാണാത്ത ഗര്‍ത്തം അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ആ ചരിവ് വളരെ കുത്തനെയുള്ളതിനാൽ ഒരു പടി പോലും മുന്നോട്ട് പോകാൻ അവർ ധൈര്യപ്പെട്ടില്ല. ധൈര്യമുള്ളവർ പോലും ചെറുതായൊന്നു പകച്ചു നേതാവിനെ നോക്കി. ചിന്തകളിൽ ലയിച്ചുചേർന്ന അയാൾ തലകുനിച്ച്, ധൈര്യത്തോടെ മുന്നോട്ട് പോയി വടി സവിശേഷമായ രീതിയില്‍ നിലത്തു ആദ്യം വലത്തോട്ടും, പിന്നീട് ഇടത്തോട്ടും തട്ടി. ഇതെല്ലാം അദ്ദേഹത്തിനോടുള്ള ആദരവ് കൂടുതല്‍ ഉയര്‍ത്തിയതായി പലരും പറഞ്ഞു. അയാള്‍ ആരെയും നോക്കുകയോ ഒന്നും പറയുകയോ ചെയ്തില്ല. ആ ഗര്ത്തത്തിനടുത്തേക്ക് ചെല്ലുംതോറും അയാളുടെ മുഖത്ത് ഭാവമാറ്റമോ ഭയത്തിന്‍റെ ഒരു അടയാളമോ ഉണ്ടായില്ല. ധീരരായ മനുഷ്യർ പോലും വിളറി വെളുത്തെങ്കിലും ധീരനും ബുദ്ധിമാനുമായ നേതാവിന് മുന്നറിയിപ്പ് നൽകാൻ ആരും ധൈര്യപ്പെട്ടില്ല. രണ്ട് ചുവടുകള്‍ കൂടി വെച്ചാല്‍ അയാൾ ഗര്‍ത്തത്തിന്‍റെ അരികിലാവുമായിരുന്നു. ഭയത്താല്‍ തുറന്നു പിടിച്ച കണ്ണുകളോടെ എല്ലാവരും വിറച്ചു. അച്ചടക്ക ലംഘനമാണെങ്കില്‍ കൂടി, ധീരരായ പുരുഷന്മാർ നേതാവിനെ തടഞ്ഞുനിർത്താന്‍ പോകുകയായിരുന്നു. എന്നാല്‍, ഒരു ചുവട്… . രണ്ടാമത്തെ ചുവട്… അയാള്‍ മലയിടുക്കിലേക്ക് വീണു. പരിഭ്രമം, വിലാപം, നിലവിളി എന്നിവ ഉയര്‍ന്നു; ഭയം അവിടെ മേൽക്കൈ നേടി. ചിലർ അവിടെ നിന്നും ഓടിപ്പോകാൻ തുടങ്ങി.
‘സഹോദരന്മാരേ, നില്‍ക്കൂ! എന്തിനാണ് ധൃതി? ഇതാണോ നിങ്ങളുടെ വാക്ക് പാലിക്കുന്ന രീതി? ഈ ജ്ഞാനിയെ നാം പിന്തുടരണം, കാരണം അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനറിയാം. സ്വയം നശിപ്പിക്കാൻ അദ്ദേഹം ഭ്രാന്തനല്ല. അദ്ദേഹത്തിന്‍റെ പിന്നാലെ മുന്നോട്ട്! ഇതാണ് ഏറ്റവും വലിയതും ഒരുപക്ഷേ അവസാനത്തെതുമായ നമ്മള്‍ തരണം ചെയ്യേണ്ട തടസ്സം. ആർക്കറിയാം, ഒരുപക്ഷേ ഈ മലയിടുക്കിന്‍റെ മറുവശത്ത്, ദൈവം നമുക്കായി ഉദ്ദേശിച്ച മനോഹരമായ, ഫലഭൂയിഷ്ഠമായ ഒരു ഭൂമി നമുക്ക് കണ്ടെത്താനാവുമെന്ന്. മുന്നോട്ട്! ത്യാഗമില്ലാതെ, നാം എവിടെയും എത്തിചേരില്ല!’ – വക്താവിന്‍റെ ഉപദേശവാക്കുകൾ ഇത്തരത്തിലുള്ളതായിരുന്നു, അവനും രണ്ട് ചുവടുകൾ മുന്നോട്ട് വെച്ച് മലയിടുക്കിലേക്ക് അപ്രത്യക്ഷമായി. ധീരരും അയാളെ പിന്തുടർന്നു. തുടര്‍ന്ന് മറ്റുള്ളവരും എടുത്തു ചാടി.
വിശാലമായ ഈ മലയിടുക്കിന്‍റെ ചെങ്കുത്തായ ചരിവിൽ ഞരക്കവും ഇടർച്ചയും വിലാപവും ഉയര്‍ന്നു. ആരും പരിക്കേൽക്കാതെയും ജീവനോടെയും ഒരിക്കലും പുറത്തുവരില്ലെന്ന് ഏതൊരാള്‍ക്കും ആണയിട്ടു പറയാം. പക്ഷേ മനുഷ്യജീവിതം മര്‍ക്കടമുഷ്ടിപോലെയാണല്ലോ! നേതാവ് അസാധാരണമാം വിധം ഭാഗ്യവാനായിരുന്നു. വീണപ്പോൾ അയാൾ ഒരു കുറ്റിക്കാട്ടിൽ പരിക്കേൽക്കാതെ തൂങ്ങിക്കിടന്നു. കഷ്ടപ്പെട്ട് സ്വയം വലിച്ചിഴച്ച് അയാൾ പുറത്തേക്ക് വന്നു. വിലാപത്തിനും സങ്കടത്തിനും കരച്ചിലിനും താഴെയായി, അയാള്‍ നിശബ്ദനായി ഇരുന്നു. പരിഭ്രാന്തരായ കുറച്ചുപേർ അയാളെ ശപിക്കാൻ തുടങ്ങിയെങ്കിലും അയാള്‍ അത് ശ്രദ്ധിച്ചില്ല. വീണപ്പോൾ ഭാഗ്യവശാൽ ഒരു മുൾപടർപ്പിനെയോ മരത്തെയോ മുറുകെ പിടിക്കാൻ കഴിഞ്ഞവർ പുറത്തേക്ക് വരാൻ കഠിനമായി ശ്രമിച്ചുതുടങ്ങി. ചിലരുടെ തല പൊട്ടിയിരുന്നതിനാല്‍ മുഖത്തേക്ക് രക്തം ഒഴുകുന്നുണ്ടായിരുന്നു. നേതാവല്ലാതെ മറ്റാരും പരിക്കേല്‍ക്കാത്തവരായി ഉണ്ടായിരുന്നില്ല. അവരെല്ലാവരും പെട്ടെന്നു അയാളെ നോക്കി സങ്കടപ്പെട്ടു, പക്ഷേ അയാൾ തലയുയർത്തിയില്ല. അയാൾ നിശബ്ദനായി, ഒരു യഥാർത്ഥ മുനിയെപ്പോലെ ധ്യാനത്തില്‍ ഇരുന്നു.
കുറച്ച് സമയം കടന്നുപോയി. യാത്രക്കാരുടെ എണ്ണം കുറഞ്ഞുക്കൊണ്ടിരുന്നു. ഓരോ ദിവസവും എണ്ണം മാറിക്കൊണ്ടിരുന്നു. ചിലർ സംഘം വിട്ട് തിരിച്ചു പോയി.
ആരംഭിച്ച വലിയ സംഖ്യയിൽ നിന്ന് ഇരുപതോളം പേർ മാത്രമാണ് അവശേഷിച്ചത്. അവരുടെ ക്ഷീണിച്ച മുഖങ്ങളില്‍ നിരാശ, സംശയം, ക്ഷീണം, വിശപ്പ് എന്നിവയുടെ അടയാളങ്ങൾ പ്രതിഫലിച്ചിരുന്നെങ്കിലും, ആരും ഒരു വാക്കുപോലും പറഞ്ഞില്ല. അവർ തങ്ങളുടെ നേതാവിനെപ്പോലെ നിശബ്ദരായിരുന്നു. ഉത്സാഹിയായ വക്താവ് പോലും അടിയറവ് പറഞ്ഞു കഴിഞ്ഞു. പാത തീർച്ചയായും ബുദ്ധിമുട്ടേറിയതായിരുന്നു.
പത്ത് പേർ മാത്രമായി അവരുടെ എണ്ണം കുറഞ്ഞു. അവർ സംസാരിക്കുന്നതിനുപകരം നിരാശാജനകമായ മുഖങ്ങളോടെ, ഞരങ്ങി പരാതിപ്പെട്ടുകൊണ്ടിരുന്നു.
അവർ സാധാരണ മനുഷ്യരെന്നതിനേക്കാൾ വികലാംഗരെപ്പോലെയായിരുന്നു. ചിലർ ഊന്നുവടികള്‍ കുത്തി നടന്നിരുന്നു. ചിലർ കഴുത്തിൽ ചുറ്റിയ കെട്ടുകളില്‍ കൈകൾ താങ്ങിപ്പിടിച്ചിരുന്നു. അവരുടെ കൈകളിൽ നിരവധി കെട്ടുകളുണ്ടായിരുന്നു. പുതിയ ത്യാഗങ്ങൾ ചെയ്യാൻ അവർ ആഗ്രഹിച്ചിരുന്നുവെങ്കിൽപ്പോലും, പുതിയ മുറിവുകൾക്ക് അവരുടെ ശരീരത്തിൽ ഇടമില്ലാതിരുന്നതിനാൽ അവർക്ക് അതിന് കഴിഞ്ഞില്ല.
അവരിൽ ശക്തരും ധീരരുമായ ആളുകൾക്കുപോലും വിശ്വാസവും പ്രത്യാശയും നഷ്ടപ്പെട്ടിരുന്നുവെങ്കിലും കൂടുതൽ കഷ്ടപ്പെട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതായത്, അവർ തങ്ങളുടെ വലിയ പരിശ്രമത്തിനൊപ്പം, പരാതിപ്പെടുകയും, വേദന അനുഭവിക്കുകയും ചെയ്തു കൊണ്ടിരുന്നു. തിരികെ പോകാൻ കഴിയില്ലെങ്കിൽ പിന്നെ അവർക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഇത്രയധികം ത്യാഗങ്ങൾക്ക് ശേഷം യാത്ര ഉപേക്ഷിക്കാനോ?
സന്ധ്യയായി. ഊന്നുവടികളില്‍ കുത്തി മുന്നോട്ടുപോയ അവര്‍, പെട്ടെന്ന് തങ്ങളുടെ നേതാവ് അവരുടെ മുന്നിലില്ലെന്ന് കണ്ടു. മറ്റൊരു ചുവടുവെച്ചപ്പോഴേക്കും അവരെല്ലാം മറ്റൊരു മലയിടുക്കിലേക്ക് വീണു.
‘അയ്യോ, എന്‍റെ കാല്! അയ്യോ, എന്‍റെ കൈ!’ – വിലാപവും ഞരക്കവും ഉയര്‍ന്നു. ഒരു ദുർബലമായ ശബ്ദം യോഗ്യനായ നേതാവിനെ ശപിച്ചെങ്കിലും പെട്ടെന്ന് നിശബ്ദമായി.
സൂര്യൻ ഉദിച്ചപ്പോൾ, നേതാവ് പ്രത്യക്ഷപ്പെട്ടു. അയാള്‍ ഇരിക്കുകയായിരുന്നു. അയാളുടെ രൂപത്തിൽ ഒരു ചെറിയ മാറ്റം പോലും ഉണ്ടായിരുന്നില്ല.
വക്താവ് മലയിടുക്കിൽ നിന്ന് മറ്റ് രണ്ട് പേരോടൊപ്പം ഒരുവിധം പുറത്തേക്ക് വന്നു. രക്തമൊലിക്കുന്ന ഒടിഞ്ഞുതൂങ്ങിയ രൂപവുമായി അവർ എത്രപേർ അവശേഷിക്കുന്നുവെന്ന് കാണാൻ തിരിഞ്ഞു നോക്കി. പക്ഷേ അവർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മരണഭയവും നിരാശയും അവരുടെ ഹൃദയത്തിൽ നിറഞ്ഞു. ആ പ്രദേശം അജ്ഞാതമായിരുന്നു. ഒരു മലയോരവും പാറയും മാത്രം – എവിടെയും പാതകളില്ല. രണ്ട് ദിവസം മുമ്പ് അവർ ഒരു വഴിയില്‍ വന്നിരുന്നുവെങ്കിലും അത് ഉപേക്ഷിച്ചു പോവുകയാണ് ചെയ്തത്. നേതാവ് അവരെ ഈ വഴിക്ക് നയിച്ചു.
ഈ ഭയാനകമായ യാത്രയിൽ മരിച്ച നിരവധി സുഹൃത്തുക്കളെയും ബന്ധുക്കളെയും കുറിച്ച് അവർ ചിന്തിച്ചു. വികലമായ കൈകാലുകളിലെ വേദനയേക്കാൾ ശക്തമായ ഒരു സങ്കടം അവരെ കീഴടക്കി. സ്വന്തം നാശം അവർ തങ്ങളുടെ കണ്ണുകൊണ്ട് തന്നെ കണ്ടു.
വക്താവ് നേതാവിന്‍റെ അടുത്തേക്ക് പോയി വേദനയും നിരാശയും ക്ഷീണവും വിറയലും നിറഞ്ഞ ശബ്ദത്തോടെ സംസാരിക്കാൻ തുടങ്ങി.
‘നമ്മള്‍ ഇപ്പോൾ എങ്ങോട്ടേക്കാണ് പോകുന്നത്?’
നേതാവ് നിശബ്ദനായിരുന്നു.
‘താങ്കള്‍ ഞങ്ങളെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്? താങ്കള്‍ ഞങ്ങളെ എവിടെയാണ് കൊണ്ടുവന്നിരിക്കുന്നത്? ആ തരിശുഭൂമിയിൽ കിടന്നു നശിക്കാതെ സ്വയം രക്ഷിക്കാമെന്ന പ്രതീക്ഷയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും താങ്കളുടെ കൈകളിൽ ഏൽപ്പിച്ചു, ഞങ്ങളുടെ വീടുകളും പൂർവ്വികരുടെ കല്ലറകളും ഉപേക്ഷിച്ച് താങ്കളെ പിന്തുടർന്നു. എന്നാൽ നിങ്ങൾ ഞങ്ങളെ അതിലും മോശമായ രീതിയിൽ നശിപ്പിച്ചു. നിങ്ങളുടെ പിന്നിൽ ഇരുന്നൂറ് കുടുംബങ്ങളുണ്ടായിരുന്നു, ഇപ്പോൾ എത്ര പേരുണ്ടെന്ന് നോക്കൂ!
“എല്ലാവരും ഇവിടെ ഇല്ലെന്നാണോ നിങ്ങൾ പറയുന്നത്?”, തല ഉയർത്താതെ നേതാവ് പിറുപിറുത്തു.
‘താങ്കൾക്ക് എങ്ങനെ ഇത്തരമൊരു ചോദ്യം ചോദിക്കാൻ കഴിയും? തലയുയര്‍ത്തി നോക്കൂ! ഈ നിർഭാഗ്യകരമായ യാത്രയിൽ നമ്മിൽ എത്രപേർ ശേഷിക്കുന്നുവെന്ന് കാണൂ! ഞങ്ങൾ ഉള്ള അവസ്ഥ നോക്കൂ! ഇതുപോലെ ഞൊണ്ടികളാകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്. ’
“എനിക്ക് നിങ്ങളെ നോക്കാൻ കഴിയില്ല!”
‘എന്തുകൊണ്ട്?’
“ഞാൻ അന്ധനാണ്. ”
എല്ലാവരും ഇടിവെട്ടേറ്റത് പോലെ നിന്നു.
‘യാത്രയ്ക്കിടെ നിങ്ങളുടെ കാഴ്ച നഷ്ടപ്പെട്ടോ?’
“ഞാൻ ജനിച്ചതെ അന്ധനായാണ്!”
മൂവരും നിരാശരായി തല കുനിച്ചു.
ശരത്കാല കാറ്റ് പർവതങ്ങളിലൂടെ ഭീകരമായി വീശുകയും ഉണങ്ങിയ ഇലകൾ പറക്കുകയും ചെയ്തു. കുന്നുകൾക്ക് മുകളിൽ ഒരു മൂടൽ മഞ്ഞ് വീണു. കാക്കയുടെ ചിറകുകൾ തണുത്ത, മൂടൽമഞ്ഞുള്ള വായുവിനെ ഭേദിച്ച് പറന്നു. ദുര്‍സൂചന പരത്തി കാക്കയുടെ കരച്ചില്‍ വീണ്ടും ഉയർന്നു. മേഘങ്ങളുടെ പുറകിൽ സൂര്യൻ മറഞ്ഞിരുന്നു. അവ കൂടുതൽ ദൂരേക്ക് പോയിക്കൊണ്ടിരുന്നു.
മൂവരും പരിഭ്രാന്തരായി പരസ്പരം നോക്കി.
‘നമ്മള്‍ ഇനി എവിടെക്ക് പോകും?’ – ഒരാള്‍ ഗൗരവപൂര്‍വ്വം ഓർമ്മിപ്പിച്ചു.
‘അറിയില്ല!’
ബെൽഗ്രേഡിൽ, 1901.
“റാഡോയെ ഡൊമാനോവിച്” പ്രോജക്റ്റിനായി കഥകള്‍ വിവർത്തനം ചെയ്‌തത് – ദേവിക രമേഷ്, 2020.