ഒരു സാധാരണ സെർബിയൻ കാളയുടെ ന്യായവാദങ്ങള്‍
ഈ ലോകത്ത് ഒരുപാട് അത്ഭുതങ്ങൾ സംഭവിക്കുന്നു. പലരും പറയുന്നതുപോലെ, നമ്മുടെ രാജ്യത്ത് അത്ഭുതങ്ങൾ നിറഞ്ഞൊഴുകുകയാണ്. അത്ഭുതങ്ങളുടെ കുത്തൊഴുക്കില്‍ അത്ഭുതങ്ങള്‍ അത്ഭുതങ്ങളെയല്ലാതാവുന്നു. വളരെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന, എന്നാല്‍ ഒരു തരിമ്പു പോലും ചിന്തിക്കാത്ത ആളുകൾ ഒരുപാടുണ്ട്. അതിനൊരു നഷ്ടപരിഹാരമായി, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ, മറ്റ് സെർബിയൻ കാളകളിൽ നിന്ന് ഒരു വ്യത്യാസവുമില്ലാത്ത ഒരു സാധാരണ കർഷകന്‍റെ കാള, ചിന്തിക്കാൻ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് ദൈവത്തിന് അറിയാം! ഈ വിവേകശൂന്യനായ മൃഗത്തെ അത്തരമൊരു ധീരമായ ശ്രമം നടത്താൻ എങ്ങനെ ധൈര്യപ്പെടുത്തി? പ്രത്യേകിച്ചും സെർബിയയിൽ ഇത്തരം നിർഭാഗ്യകരമായ പ്രവര്‍ത്തി ചെയ്യുന്നത് നിങ്ങൾക്ക് അനാദരവ് വരുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതും കൂടിയാണ്. ഈ പാവം നിഷ്കളങ്കനായ പിശാചിനറിയില്ലല്ലോ, തന്‍റെ ഈ ശ്രമം ജന്മനാട്ടിൽ ലാഭകരമല്ലെന്ന്. പാവം, അല്ലാതെന്ത്! അതിനാൽ നാം അതിന് പ്രത്യേക ധൈര്യം പ്രതീക്ഷിക്കേണ്ടതില്ല. കാള ഒരു വോട്ടറോ കൗൺസിലറോ മജിസ്‌ട്രേറ്റോ, ഏതെങ്കിലും കന്നുകാലി അസംബ്ലിയിൽ ഡെപ്യൂട്ടിയായോ അല്ലെങ്കിൽ (ഒരു നിശ്ചിത പ്രായത്തിൽ എത്തിയിട്ടുണ്ടെങ്കിൽ) സെനറ്ററായോ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ദരിദ്രനായ ആ ആത്മാവ് ഏതെങ്കിലും കന്നുകാലി രാജ്യത്ത് ഒരു മന്ത്രിയാകണമെന്ന് സ്വപ്നം കണ്ടിരുന്നെങ്കിൽ, സന്തോഷകരമായ ചില രാജ്യങ്ങളിലെ മികച്ച മന്ത്രിമാരെപ്പോലെ, കഴിയുന്നത്രയും കുറഞ്ഞ രീതിയിൽ എങ്ങനെ ചിന്തിക്കാമെന്ന് അവന്‍ പരിശീലിക്കേണ്ടതായി വന്നേനെ. ഇക്കാര്യത്തിലും നമ്മുടെ രാജ്യം അത്ര ഭാഗ്യമുള്ളതല്ല. എന്തൊക്കെ വന്നാലും, സെർബിയയിലെ ഒരു കാള, ജനങ്ങൾ ഉപേക്ഷിച്ച ഒരു ശ്രമം ഏറ്റെടുക്കുന്നതെന്തിനാണെന്ന് നമ്മള്‍ എന്തിന് നോക്കണം? അവന്‍റെ ചില സ്വാഭാവിക സഹജബോധം നിമിത്തം ചിന്തിക്കാൻ തുടങ്ങിയതാകാം.
ഇത് ഏത് തരം കാളയാണ്? ജന്തുശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതുപോലെ, മറ്റെല്ലാ കാളകളെയും പോലെ തന്നെ തലയും ശരീരവും കാലുകളും ഉള്ള ഒരു സാധാരണ കാള. അവൻ വണ്ടി വലിക്കുന്നു, പുല്ലിൽ മേയുന്നു, വിയര്‍പ്പ് നക്കുന്നു, അയവിറക്കുന്നു,’ബ്രേ’ എന്ന് അമറുന്നു.അവന്‍ ചാര നിറത്തിലെ കാളയായിരുന്നു. ചാര കൂറ്റന്‍ എന്നാണ് അവന്‍റെ പേര്.
അവന്‍ ചിന്തിക്കാൻ തുടങ്ങിയത് ഇങ്ങനെയാണ്. ഒരു ദിവസം മോഷ്ടിച്ച കുറ്റികൾ വിൽക്കാൻ വേണ്ടി യജമാനൻ ഒരു വണ്ടിയില്‍ അവ കയറ്റി അവനെയും അവന്‍റെ കൂട്ടുകാരന്‍ കറുപ്പന്‍ കൂറ്റനെയും കൊണ്ട് വലിപ്പിച്ചു പട്ടണത്തിലേക്ക് കൊണ്ടുപോയി. പട്ടണത്തിൽ പ്രവേശിച്ചയുടനെ അയാള്‍ കുറ്റികൾ വിറ്റ് ചാരനെയും അവന്‍റെ സഖാവിനെയും അഴിച്ചുമാറ്റി, നുകവുമായി ബന്ധിപ്പിച്ച് ചങ്ങല കൊളുത്തി. അവരുടെ മുൻപിൽ കുറച്ചു പുല്ല് കഷണങ്ങള്‍ എറിഞ്ഞു, സന്തോഷത്തോടെ അല്‍പ്പം പ്രത്യേക പാനീയങ്ങൾ കുടിക്കാനായി അയാള്‍ ഒരു ചെറിയ ഭക്ഷണശാലയിലേക്ക് പോയി. പട്ടണത്തിൽ ഒരു ഉത്സവം നടക്കുന്നു, അതിനാൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ചേര്‍ന്ന് നല്ല തിരക്കായിരുന്നു. മറ്റ് കാളകൾക്ക് ഇടയില്‍ പൊട്ടൻ എന്ന് അറിയപ്പെടുന്ന, ആരെയും കൂസാതെ, ഉച്ചഭക്ഷണം എല്ലാ ഗൗരവത്തോടെയും ആസ്വദിക്കുന്ന, വയറു നിറയുമ്പോള്‍ അയവിറക്കിക്കൊണ്ട് അൽപം അമറി മധുരമായി മയങ്ങുന്ന കറുപ്പൻ. കടന്നുപോകുന്നവരാരും അവനെക്കുറിച്ച് ആശങ്കപ്പെടുന്നില്ല, അവനും. അവൻ സമാധാനപരമായി മയങ്ങുകയാണ് (ഉന്നതമായ ഒരു കരിയറിന് ഈ മുൻതൂക്കം നല്‍കുന്ന ഒരു മനുഷ്യനല്ല ഇത് എന്നത് വളരെ ദയനീയമാണ്). എന്നാൽ ചാരന് ഒരു പുല്ല്ക്കഷ്ണം പോലും കഴിക്കാനായില്ല. സ്വപ്നങ്ങള്‍ നിറഞ്ഞ അവന്‍റെ കണ്ണുകളും മുഖത്തെ സങ്കടകരമായ ഭാവവും ഒറ്റനോട്ടത്തിൽ ഇത് ഒരു ചിന്തകനാണെന്നും മധുരവും മതിപ്പുമുളവാക്കുന്ന ഒരു ശുദ്ധാത്മാവാണെന്നും തോന്നും. തങ്ങളുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ചും അവരുടെ പേരിനെക്കുറിച്ചും ജനതയെക്കുറിച്ചും അഭിമാനിക്കുന്ന ആളുകൾ – സെർബിയക്കാര്‍, അവനെ കടന്നുപോകുന്നു. ഈ അഭിമാനം അവരുടെ പെരുമാറ്റത്തിലും വേഗതയിലും കാണാം. ഇതെല്ലാം നിരീക്ഷിച്ച ചാരന്‍റെ മനസ്സ്, കടുത്ത അനീതി ഓര്‍ത്ത് ദുഃഖവും വേദനയും കൊണ്ട് നിറഞ്ഞു. അത്രയും ശക്തവും പെട്ടെന്നുള്ളതുമായ ഒരു വികാരത്തിന് അവന് കീഴടങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. സങ്കടത്തിന്‍റെയും വേദനയുടെയും കണ്ണുനീർ, അവന്‍റെ കണ്ണുകളിൽ നിന്നും ഒഴുകി. കടുത്ത വേദനയിൽ ചാരന്‍ ചിന്തിക്കാൻ തുടങ്ങി:
“എന്തോര്‍ത്തിട്ടാണ് എന്‍റെ യജമാനനും അദ്ദേഹത്തിന്‍റെ സ്വഹാബികളായ സെർബിയക്കാരും ഇത്ര അഭിമാനിക്കുന്നത്? എന്തുകൊണ്ടാണ് അവർ തല ഉയർത്തിപ്പിടിച്ച് അഹങ്കാരത്തോടെയും നിന്ദയോടെയും എന്‍റെ കൂട്ടരെ നോക്കുന്നത്? അവരുടെ മാതൃരാജ്യത്തെക്കുറിച്ച് അവർ അഭിമാനിക്കുന്നു, കരുണയുള്ള വിധി തങ്ങൾക്ക് സെർബിയയിൽ ജനിക്കാൻ അനുമതി നൽകിയതിൽ അവര്‍ അഭിമാനിക്കുന്നു. എന്‍റെ അമ്മ എന്നെ സെർബിയയില്‍ പ്രസവിച്ചു എന്നത് മാത്രമല്ല, എന്‍റെയും എന്‍റെ പിതാവിന്‍റെയും ജന്മദേശം കൂടിയാണ് സെർബിയ. എന്‍റെ പൂർവ്വികരും അവരുടെ പൂര്‍വികരെപ്പോലെ തന്നെ പഴയ സ്ലാവിക് മാതൃരാജ്യത്ത് നിന്ന് ഈ ദേശത്തേക്ക് വന്നതാണ്. എന്നിട്ടും ഒരു കാളക്കും അതിൽ അഭിമാനം തോന്നിയിട്ടില്ല. ഭാരം കയറ്റാനുള്ള ഞങ്ങളുടെ കഴിവിൽ മാത്രം ഞങ്ങൾ അഭിമാനിക്കുന്നു. ഇന്നുവരെ ഞങ്ങളില്‍ ഒരു കാളയും ഒരു ജർമ്മൻ കാളയോട് ഇങ്ങനെ പറഞ്ഞിട്ടില്ല: ‘നിനക്ക് എന്നിൽ നിന്ന് എന്താണ് വേണ്ടത്? ഞാൻ ഒരു സെർബിയൻ കാളയാണ്, എന്‍റെ ജന്മദേശം മഹത്തായ സെർബിയ രാജ്യമാണ്. എന്‍റെ പൂർവ്വികരെല്ലാം ഇവിടെ ജനിച്ചു. ഇവിടെ, ഈ ദേശത്ത്, എന്‍റെ പൂർവ്വികരുടെ കല്ലറകളുണ്ട്. ‘ ഞങ്ങൾ ഇതിൽ ഒരിക്കലും അഭിമാനിച്ചിട്ടില്ല. അങ്ങനെ ഒരു കാര്യം ഞങ്ങളുടെ മനസ്സിൽ വന്നിട്ടുമില്ല. എന്നാല്‍, അവർ അതിൽ അഭിമാനിക്കുന്നു. വിചിത്ര മനുഷ്യര്‍!”
ഈ ചിന്തകളാൽ ദുഃഖത്തോടെ തല കുലുക്കിയപ്പോള്‍ ചാരന്‍റെ കഴുത്തിലെ മണി മുഴങ്ങി, നുകം കുലുങ്ങി. കറുപ്പന്‍ കണ്ണുതുറന്ന് സുഹൃത്തിനെ നോക്കി, വിലപിച്ചു:
‘വീണ്ടും നിന്‍റെ പഴേ വിഡ്ഢിത്തരങ്ങള്‍! വലതും തിന്നൂ മണ്ടാ… ശരീരത്തില്‍ കുറച്ച് കൊഴുപ്പ് ഉണ്ടാക്കുക, നിന്‍റെ വാരിയെല്ലുകൾ എല്ലാം പുറത്തേക്ക് തള്ളി നില്‍ക്കുന്നു; ചിന്തിക്കുന്നത് നല്ലതാണെങ്കിൽ ആളുകൾ അത് കാളകള്‍ക്ക് വിട്ടുകൊടുക്കുമായിരുന്നില്ല. ഒരു തരത്തിലും നമ്മൾ ഭാഗ്യവാന്മാരാകില്ല!’
ചാരന്‍ കൂറ്റന്‍ തന്‍റെ സഖാവിനെ സഹതാപത്തോടെ നോക്കിയിട്ട്, അവനിൽ നിന്ന് തല തിരിച്ചു തന്‍റെ ചിന്തകളിൽ മുഴുകി.
“അവരുടെ മഹത്തായ ഭൂതകാലത്തിൽ അവർ അഭിമാനിക്കുന്നു. അവർക്ക് അവരുടെ കൊസോവോ യുദ്ധഭൂമിയും, കൊസോവോ യുദ്ധവുമുണ്ട്. വലിയ കാര്യമായിപ്പോയി! എന്‍റെ പൂർവ്വികർ അന്ന് ഭക്ഷണവും ആയുധങ്ങളും നിറച്ച വണ്ടികൾ വലിച്ചിട്ടില്ലേ? അന്ന് ഞങ്ങൾ അത് ചെയ്തില്ലായിരുന്നെങ്കിൽ, ആളുകൾക്ക് സ്വയം ചെയ്യേണ്ടിവരുമായിരുന്നു. പിന്നെ തുർക്കികൾക്കെതിരേ ഉയര്‍ന്ന പ്രക്ഷോഭവും. വളരെ ഗംഭീരവും മാന്യവുമായ ഒരു ശ്രമം, എന്നാൽ ആ സമയത്ത് ആരാണ് അവിടെ ഉണ്ടായിരുന്നത്? അവരുടെ കഴിവാണെന്ന മട്ടിൽ അഭിമാനത്തോടെ എന്‍റെ മുമ്പിൽ കുതിച്ചുകയറി നടക്കുന്ന ഈ പൊങ്ങച്ചക്കാരന്‍ വിഡ്ഢികളാണോ? ഇവിടെ, എന്‍റെ യജമാനനെ ഒരു ഉദാഹരണമായി എടുക്കുക. തന്‍റെ ഒരു മുത്തച്ഛൻ യഥാർത്ഥ വീരനെന്ന നിലയിൽ വിമോചന യുദ്ധത്തിൽ പോരാടി മരിച്ചുവെന്നു അദ്ദേഹവും വളരെയധികം അഭിമാനിക്കുന്നു, പ്രക്ഷോഭത്തെക്കുറിച്ച് വീമ്പിളക്കുന്നു. എന്നാല്‍, ഇത് എന്‍റെ യജമാനന്‍റെ കഴിവാണോ? അദ്ദേഹത്തിന്‍റെ മുത്തച്ഛന് അഭിമാനിക്കാൻ അവകാശമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്‍റെ പിന്ഗാമി സ്വതന്ത്രനായിരിക്കുവാന്‍ മുത്തച്ഛൻ മരിച്ചു. അങ്ങനെ എന്‍റെ യജമാനൻ എന്ന സന്തതി സ്വതന്ത്രനായി. ഇന്ന് അദ്ദേഹം സ്വതന്ത്രനാണ്, എന്നാല്‍ അദ്ദേഹം തന്‍റെ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നു? അദ്ദേഹം മറ്റുള്ളവരുടെ കുറ്റികൾ മോഷ്ടിച്ച് വണ്ടിയിൽ കയറി ഇരിക്കുന്നു. അദ്ദേഹം ഉറങ്ങുമ്പോൾ അദ്ദേഹത്തേയും കുറ്റികളെയും വലിച്ചു കൊണ്ട് ഞാന്‍ ഓടണം. ഇപ്പോൾ അദ്ദേഹം തന്‍റെ കുറ്റികൾ വിറ്റു. ശേഷം മദ്യം കുടിക്കുന്നു. ഒന്നും ചെയ്യാതെ തന്‍റെ മഹത്തായ ഭൂതകാലത്തിൽ അഭിമാനിക്കുന്നു. കലാപത്തിൽ പോരാളികളെ പോറ്റുന്നതിനായി എന്‍റെ പൂർവ്വികരിൽ എത്രപേർ അറുക്കപ്പെട്ടു? അക്കാലത്ത് എന്‍റെ പൂർവ്വികർ ആയുധങ്ങൾ, പീരങ്കികൾ, ഭക്ഷണം, വെടിമരുന്ന് എന്നിവ ചുമന്നില്ലേ? ഞങ്ങൾക്ക് മാറ്റമില്ലാത്തതിനാൽ അവരുടെ കഴിവുകളിൽ ഞങ്ങൾ അഭിമാനിക്കുന്നില്ല. നമ്മുടെ പൂർവ്വികർ ചെയ്തതുപോലെ ക്ഷമയോടെയും മനഃസാക്ഷിയോടെയും ഇന്നും ഞങ്ങള്‍ ഞങ്ങളുടെ കടമ നിർവഹിക്കുന്നു.
തങ്ങളുടെ പൂർവ്വികരുടെ കഷ്ടപ്പാടുകളെക്കുറിച്ചും അഞ്ഞൂറു വർഷത്തെ അടിമത്തത്തെക്കുറിച്ചും അവർ അഭിമാനിക്കുന്നു. എന്‍റെ ബന്ധുക്കൾ ഞങ്ങളുടെ അസ്തിത്വത്തിലുടനീളം കഷ്ടപ്പെട്ടിട്ടുണ്ട്, ഇന്നും ഞങ്ങൾ കഷ്ടപ്പെടുകയും അടിമകളാവുകയും ചെയ്യുന്നു, എന്നിട്ടും ഞങ്ങൾ അതിനെക്കുറിച്ച് ഉച്ചത്തില്‍ അലറുന്നില്ല. തുർക്കികൾ അവരെ പീഡിപ്പിക്കുകയും അറുക്കുകയും ക്രൂശിക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു; എന്‍റെ പൂർവ്വികരെ സെർബിയക്കാരും തുർക്കികളും ഒരുപോലെ അറുക്കുകയും വറുക്കുകയും എല്ലാത്തരം പീഡനങ്ങളും നടത്തുകയും ചെയ്തില്ലേ?
അവർ തങ്ങളുടെ മതത്തെക്കുറിച്ച് അഭിമാനിക്കുന്നു, എന്നിട്ടും അവർ ഒന്നിലും വിശ്വസിക്കുന്നില്ല. ക്രിസ്ത്യാനികളായി ഞങ്ങളെ അംഗീകരിക്കാൻ കഴിയാത്തതിൽ എന്‍റെയും എന്‍റെ ജനതയുടെയും തെറ്റ് എന്താണ്? അവരുടെ മതം അവരോട് പറയുന്നു “നീ മോഷ്ടിക്കരുത്”. എന്നാല്‍ മോഷ്ടിച്ചു ലഭിച്ച പണവുമായി എന്‍റെ യജമാനൻ മോഷ്ടിക്കുകയും കുടിക്കുകയും ചെയ്യുന്നു. അയൽക്കാരെ സ്നേഹിക്കാൻ അവരുടെ മതം നിർദ്ദേശിക്കുന്നു, എന്നിട്ടും അവർ പരസ്പരം ദോഷം ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം, മനുഷ്യരിൽ ഏറ്റവും മികച്ച സദ്‌ഗുണത്തിന്‍റെ ഉദാഹരണം, ഒരു ഉപദ്രവവും ചെയ്യാത്തയാളാണ്. ദോഷം ചെയ്യാതെയിരിക്കുക മാത്രമല്ല, എന്തെങ്കിലും നല്ലത് കൂടി ചെയ്യാൻ ആരോടും ആവശ്യപ്പെടുകയോ ആരും അത് പരിഗണിക്കുകയോ ചെയ്യുന്നില്ല. അവരുടെ പുണ്യത്തിന്‍റെ ഉദാഹരണങ്ങൾ അത്രമാത്രമേയുള്ളൂ. ദോഷം വരുത്താത്ത ഏതൊരു ഉപയോഗശൂന്യമായ വസ്തുവും പോലെയാണ് അവര്‍ക്ക് അതും.”
ആ കാള ദീര്‍ഘമായ ഒരു നെടുവീർപ്പിട്ടു, അവന്‍റെ നെടുവീർപ്പ് ആ റോഡിൽ നിന്ന് പൊടി ഉയർത്തി.
ആ കാള തന്‍റെ സങ്കടകരമായ ചിന്തകള്‍ തുടർന്നു.
“അങ്ങനെ നോക്കുമ്പോള്‍, ഞാനും എന്‍റെ കൂട്ടരും ഇവരേക്കാള്‍ മികച്ചവരല്ലേ? ഞാനൊരിക്കലും ആരെയും കൊലപ്പെടുത്തിയിട്ടില്ല, ആരെയും അപകീർത്തിപ്പെടുത്തിയിട്ടില്ല, ഒന്നും മോഷ്ടിച്ചിട്ടില്ല, നിരപരാധിയെ പൊതുസേവനത്തിൽ നിന്ന് പുറത്താക്കിയിട്ടില്ല, സംസ്ഥാന ട്രഷറിയിൽ കമ്മി വരുത്തിയിട്ടില്ല, വ്യാജ പാപ്പരത്വം പ്രഖ്യാപിച്ചിട്ടില്ല, നിരപരാധികളെ ചങ്ങലയ്ക്കിടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല, ഞാൻ ഒരിക്കലും എന്‍റെ സുഹൃത്തുക്കളെ അപമാനിച്ചിട്ടില്ല, എന്‍റെ കാള തത്ത്വങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല, തെറ്റായ സാക്ഷ്യങ്ങൾ നൽകിയിട്ടില്ല, ഞാനൊരിക്കലും ഒരു മന്ത്രി ആയിരുന്നില്ല, രാജ്യം ഒരിക്കലും അപകടത്തിലാക്കിയിട്ടില്ല, മാത്രമല്ല ഒരു ഉപദ്രവവും ചെയ്തിട്ടില്ല, എന്നെ ഉപദ്രവിക്കുന്നവര്‍ക്ക് പോലും ഞാൻ നന്മ ചെയ്യുന്നു. എന്‍റെ അമ്മ എന്നെ പ്രസവിച്ച ഉടനെ ദുഷ്ടന്മാർ എന്‍റെ അമ്മയുടെ പാൽ എന്നിൽ നിന്നും തട്ടി എടുത്തു. ദൈവം നമ്മള്‍ കാളകള്‍ക്ക് വേണ്ടിയാണ് പുല്ല് സൃഷ്ടിച്ചത്. അല്ലാതെ മനുഷ്യർക്ക് വേണ്ടിയല്ല. എന്നിട്ടും അവർ നമ്മിൽ നിന്നും അത് തട്ടിയെടുക്കുന്നു. അടിച്ചിട്ടും, ഞങ്ങൾ മനുഷ്യരുടെ വണ്ടികൾ വലിക്കുകയും അവരുടെ വയലുകൾ ഉഴുകയും അവര്‍ക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. എന്നിട്ടും മാതൃരാജ്യത്തിനായി ഞങ്ങൾ ചെയ്യുന്ന ത്യാഗങ്ങളെ ആരും അംഗീകരിക്കുന്നില്ല.
അല്ലെങ്കിൽ ഉപവാസത്തെ ഉദാഹരണമായി എടുക്കുക; എല്ലാ പെരുന്നാൾ ദിവസങ്ങളിലും മതം നോമ്പനുഷ്ഠിക്കാൻ പറയുന്നു, എന്നിട്ടും ഈ ചെറിയ ഉപവാസം പോലും സഹിക്കാൻ അവർ തയ്യാറല്ല. ഞാനും എന്‍റെ കൂട്ടരും മുലകുടി മാറിയതുമുതൽ ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഉപവസിക്കുന്നു.”
ആ കാള വിഷമം കൊണ്ട് തല താഴ്ത്തി, എന്നിട്ട് വീണ്ടും ഉയർത്തി. ദേഷ്യം അവന്‍റെ ഉള്ളില്‍ തുളച്ചുകയറി. പ്രധാനപ്പെട്ട എന്തോ ഒന്ന് തന്‍റെ ഉള്ളില്‍ തെളിഞ്ഞു വരുന്നതായി അവന് തോന്നി. പെട്ടെന്ന് അവൻ സന്തോഷത്തോടെ വിലപിച്ചു:
അവൻ തുടർന്നും ചിന്തിച്ചു, “ഓ, എനിക്കറിയാം, അത് അങ്ങനെയായിരിക്കണം… അതാണ് ഇത്; അവരുടെ സ്വാതന്ത്ര്യത്തെയും പൗരാവകാശത്തെയും കുറിച്ച് അവർ അഭിമാനിക്കുന്നു. ഞാന്‍ അതിനെ ഗൗരവമായി കാണേണ്ടതുണ്ട്.”
അവൻ ചിന്തിച്ചു കൊണ്ടേയിരുന്നു, പക്ഷേ ഒന്നും മനസ്സിലാക്കാൻ അവനു കഴിഞ്ഞില്ല.
“എന്താണ് അവരുടെ ഈ അവകാശങ്ങൾ? വോട്ടുചെയ്യാൻ പോലീസ് ഉത്തരവിട്ടാൽ, അവർ വോട്ടുചെയ്യുന്നു. അതുപോലെയാണെങ്കിൽ, “അവര്‍ക്ക് വേണ്ടി!” എന്ന് അമറാന്‍ ഞങ്ങള്‍ക്കും എളുപ്പത്തിൽ കഴിയും. അവർ ഉത്തരവിട്ടിട്ടില്ലെങ്കിൽ, അവർ വോട്ടുചെയ്യാൻ ധൈര്യപ്പെടുന്നില്ല. അല്ലെങ്കിൽ ഞങ്ങളെപ്പോലെ രാഷ്ട്രീയത്തിൽ മുഴുകുന്നു. തീർത്തും നിരപരാധിയാണെങ്കിലും ജയിലിലിട്ടു അടിക്കുന്നതും അവർ സഹിക്കുന്നു. ചുരുങ്ങിയത് ഞങ്ങൾ അമറുകയും വാലുകൾ ആട്ടുകയും ചെയ്യുന്നില്ലേ? അവർക്ക് അത്ര ചെറിയ ധൈര്യം പോലും ഇല്ല!”
ആ നിമിഷം, യജമാനൻ ഭക്ഷണശാലയിൽ നിന്ന് പുറത്തിറങ്ങി. മദ്യപിച്ച്, ലക്കുകെട്ട്, മങ്ങിയ കണ്ണുകളുമായി, എന്തൊക്കെയോ ഉരുവിട്ട്, അയാൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.
“ഈ അഭിമാനമായ പിൻഗാമി തന്‍റെ പൂർവ്വികരുടെ രക്തത്താൽ നേടിയ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നു നോക്കൂ! ശരി, എന്‍റെ യജമാനൻ മദ്യപനും കള്ളനുമാണ്, പക്ഷേ മറ്റുള്ളവർ ഈ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നു? അവരുടെ മുൻഗാമികളുടെ കഴിവിലും അവരുടെ പൂർവ്വികരുടെ യോഗ്യതയിലും വെറുതെ അഭിമാനിക്കാനും പൊങ്ങച്ചം പറയാനുമല്ലാതെ എന്തറിയാം? അതില്‍ എനിക്കുള്ള അത്ര സംഭാവനയെ അവര്‍ക്കുമുള്ളൂ. കാളകളായ ഞങ്ങൾ, ഞങ്ങളുടെ പൂർവ്വികരെപ്പോലെ കഠിനാധ്വാനികളും ഉപയോഗപ്രദമായ തൊഴിലാളികളുമായി തുടർന്നു. ഞങ്ങൾ കാളകളാണ്, പക്ഷേ ഇന്നും ഞങ്ങളുടെ കഠിനാധ്വാനത്തെക്കുറിച്ചും യോഗ്യതയെക്കുറിച്ചും ഞങ്ങള്‍ക്ക് അഭിമാനിക്കാം.”
ആ കാള നെടുവീർപ്പിട്ടുകൊണ്ട് യാത്രക്ക് വേണ്ടി നുകം ചേര്‍ക്കാന്‍ കഴുത്ത് ഒരുക്കി.
ബെൽഗ്രേഡിൽ, 1902.
“റാഡോയെ ഡൊമാനോവിച്” പ്രോജക്റ്റിനായി കഥകള്‍ വിവർത്തനം ചെയ്‌തത് – ദേവിക രമേഷ്, 2020.