നേതാവ് (1/3)

‘സഹോദരന്മാരെ, സ്നേഹിതരെ, നിങ്ങള്‍ ഇവിടെ പ്രസംഗിച്ചതൊക്കെ ഞാന്‍ കേട്ടു. ഇനി നിങ്ങള്‍ എന്നെയുമൊന്നു കേള്‍ക്കണമെന്ന് നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. നമ്മള്‍ ഈ തരിശ്ശു ഭൂമിയില്‍ വസിക്കുന്നിടത്തോളം കാലം, നമ്മുടെ ഈ കൂടിയാലോചനകളും ചര്‍ച്ചകളുമൊക്കെ ഉപയോഗശൂന്യമാണ്. നല്ല മഴയുള്ള കാലത്തുപോലും ഈ പാറയിലും പൂഴി മണ്ണിലും ഒന്നും വിളഞ്ഞിട്ടില്ല. അപ്പോഴാണോ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര തീവ്രമായ ഈ വരള്‍ച്ചയില്‍? എത്ര നാള്‍ നമ്മളിങ്ങനെ ഒന്നിച്ചുകൂടി ഒരു ഉപയോഗവുമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കും? തീറ്റയില്ലാതെ കന്നുകാലികള്‍ ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നു. വൈകാതെ നമ്മളും നമ്മുടെ കുട്ടികളും പട്ടിണിയിലാവും. മികച്ചതും പ്രാവര്‍ത്തികവുമായ ഒരു പരിഹാരം നമ്മള്‍ കണ്ടെത്തിയേ മതിയാകൂ. എനിക്ക് തോന്നുന്നത് നമ്മള്‍ ഈ ഊഷരഭൂമി വിട്ട്, ഫലപുഷ്ടിയുള്ള മണ്ണ് തേടി ഈ ലോകത്തിന്‍റെ മറ്റു കോണിലേക്ക് ഇറങ്ങി ചെല്ലണമെന്നാണ്. കാരണം നമുക്കിവിടെ ഇങ്ങനെയിനി ജീവിക്കാനാവില്ല.’

ഒരിക്കല്‍ ഏതോ ഒരു ചര്‍ച്ചയില്‍, ഫലപുഷ്ടിയില്ലാത്ത ഒരു പ്രദേശത്തെ ഒരാള്‍, തളര്‍ന്ന സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. എവിടെ, എപ്പോള്‍ എന്നുള്ളത് എന്നെയോ നിങ്ങളെയോ ബാധിക്കുന്ന കാര്യമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏതോ ഒരു കാലത്ത്, ഏതോ ഒരു നാട്ടില്‍ ഇത് നടന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കണമെന്നത് മാത്രമാണ് പ്രധാനം. സത്യം പറഞ്ഞാൽ, ഒരു സമയത്ത് ഈ കഥ മുഴുവൻ ഞാൻ എങ്ങനെയൊക്കെയോ കണ്ടുപിടിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാൽ ക്രമേണ ഈ വ്യാമോഹത്തിൽ നിന്ന് ഞാൻ എന്നെതന്നെ മോചിപ്പിച്ചു. ഇത് എവിടെയെങ്കിലും എപ്പോഴെങ്കിലും ശരിക്കും സംഭവിച്ചതായിരിക്കുമെന്നും, ഒരു തരത്തിലും കെട്ടിച്ചമച്ചതാവില്ലെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

വിളറിയ വിഷമിച്ച മുഖവും, ഇരുണ്ട, ഒന്നും തന്നെ വായിച്ചെടുക്കാന്‍ കഴിയാത്ത നോട്ടങ്ങളുമുള്ള ആ ശ്രോതാക്കൾ, കൈകൾ ബെൽറ്റിനടിയിൽ വച്ചുകൊണ്ട്, ഈ വിവേകം നിറഞ്ഞ വാക്കുകളിൽ അതീവ ശ്രദ്ധാലുക്കളായി കാണപ്പെട്ടു. നട്ടെല്ല് വെള്ളമാക്കി പണിയെടുക്കുമ്പോള്‍ സമൃദ്ധമായ വിളവ്‌ പ്രതിഫലം ലഭിക്കുന്ന ഒരുതരം മാന്ത്രിക, പറുദീസ ഭൂമിയില്‍ എത്തിച്ചേര്‍ന്നെന്നു ഓരോരുത്തരും ഇതിനകം സങ്കല്‍പ്പിച്ചു കഴിഞ്ഞിരുന്നു.

‘അവന്‍ പറഞ്ഞത് ശരിയാണ്, വളരെ ശരിയാണ്’ തളര്‍ന്ന സ്വരങ്ങള്‍ പലയിടത്ത് നിന്നായി വിളിച്ചു പറഞ്ഞു.

‘ഈ സ്ഥലം അടുത്താണോ?’ ഒരു കോണില്‍ നിന്നൊരു പതിഞ്ഞ സ്വരം പുറത്തു വന്നു.

അപ്പോള്‍ ഒരു ഉറച്ച സ്വരം പെട്ടെന്ന് പൊട്ടി വീണു, ‘സോദരെ, ഈ ഉപദേശം എത്രയും പെട്ടെന്ന് നാം കൈക്കൊള്ളണം. കാരണം ഇങ്ങനെ അധിക നാള്‍ നമുക്ക് മുന്‍പോട്ടു പോകാനാവില്ല. നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ടു, അധ്വാനിച്ചു പക്ഷേ യാതൊരു ഫലവുമുണ്ടായില്ല. ഭക്ഷണമാക്കമായിരുന്ന ധാന്യങ്ങള്‍ നമ്മള്‍ വിതച്ചു. വെള്ളപ്പൊക്കം മലഞ്ചെരുവില്‍ പാറ മാത്രം ശേഷിപ്പിച്ച്, ആ വിത്തും മണ്ണും കൊണ്ടുപോയി. രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്തിട്ടും ഉടുക്കാന്‍ വസ്ത്രങ്ങളും ധരിക്കാന്‍ ചെരുപ്പുകളുമില്ലാതെ, വിശപ്പും ദാഹവും സഹിച്ചു, എല്ലാക്കാലവും ഇവിടെ താമസിക്കാണോ? നമ്മുടെ കഷ്ടപ്പാടിനു ഫലം തരുന്ന മികച്ചതും ഫലഭൂയിഷ്ഠവുമായ മണ്ണ് തേടി നാം പോകണം. ’

‘നമുക്ക് പോകാം, എത്രയും പെട്ടെന്ന് പോകാം. എന്തെന്നാല്‍ ഈ സ്ഥലം ഒട്ടും തന്നെ വാസയോഗ്യമല്ല. ’ അടക്കം പറച്ചിലുകള്‍ ഉയര്‍ന്നു, എങ്ങോട്ടെന്ന് അറിയാതെ, പലരും നടന്നു തുടങ്ങിക്കഴിഞ്ഞിരുന്നു.

‘നില്‍ക്കൂ, നിങ്ങള്‍ എങ്ങോട്ടേക്കാണ് പോകുന്നത്?’ ആദ്യം സംസാരിച്ചയാള്‍ വീണ്ടും സംസാരിച്ചു തുടങ്ങി. ‘തീര്‍ച്ചയായും നമ്മള്‍ പോകണം, പക്ഷേ ഇങ്ങനെയല്ല. എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഒരു ധാരണ വേണം. അല്ലെങ്കില്‍, നമ്മുടെ രക്ഷക്ക് പകരം നാശമായിരിക്കും സംഭവിക്കുക. അതിനാല്‍ നമ്മളെ നയിക്കാനും, ഏറ്റവും നല്ലതും നേരെയുള്ളതുമായ വഴിക്കാട്ടാനും, നമുക്ക് അനുസരിക്കാനും വേണ്ടി ഒരു നേതാവിനെ ഇപ്പോള്‍ തിരഞ്ഞെടുക്കാം. ’

‘നമുക്ക് തിരഞ്ഞെടുക്കാം, ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം. ’ പല ശബ്ദങ്ങള്‍ ഉയര്‍ന്നു.

യഥാര്‍ത്ഥ പ്രശ്നങ്ങളുടെ ആരവം അപ്പോഴാണ്‌ ഉയര്‍ന്നത്. എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നു. ആര്‍ക്കും ഒന്നും കേള്‍ക്കാനോ മനസ്സിലാക്കാനോ പറ്റിയില്ല. അവര്‍ പല സംഘങ്ങളായി തിരിഞ്ഞു അവരവര്‍ക്കിടയില്‍ പിറുപിറുക്കാനായി തുടങ്ങി. ആ സംഘങ്ങള്‍ പിന്നെയും ചെറുതായി പിരിഞ്ഞു. രണ്ടു മിനിറ്റിനുള്ളില്‍, അവര്‍ കയ്യില്‍ പിടിച്ചു സംസാരിക്കാനും എന്തൊക്കെയോ തെളിയിക്കാനുമുളള ശ്രമത്തില്‍ ആയിരുന്നു. അവര്‍ വസ്ത്രത്തിന്‍റെ കയ്യില്‍ പിടിച്ചു വലിക്കാനും കയ്യുകൊണ്ട് നിശബ്ദരാവാന്‍ ആവശ്യപ്പെടാനുംയും തുടങ്ങി.

‘സോദരെ’ അവിടെ ഉണ്ടായിരുന്ന പതുങ്ങിയ, അടഞ്ഞ ശബ്ദങ്ങളെ ഭേദിച്ച് കൊണ്ട് ശക്തമായൊരു ശബ്ദം മുഴങ്ങി. ‘ഇങ്ങനെ ഒക്കെ മുന്നോട്ട് പോയാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ ആരും കേള്‍ക്കുന്നില്ല. നമുക്കൊരു നേതാവിനെ തിരഞ്ഞെടുക്കണം. നമ്മുടെ ഇടയില്‍ നിന്നാരെ തിരഞ്ഞെടുക്കണം? നമുക്കിടയില്‍ ആരാണ് വഴികളെല്ലാം അറിയും വിധം യാത്രകള്‍ ചെയ്തിട്ടുള്ളത്? നമുക്കെല്ലാവര്‍ക്കും പരസ്പരം അറിയാം. എന്നാല്‍ ഈ ഞാന്‍ പോലും ഇവിടെയുള്ള ഒരാളുടെ നേതൃത്വത്തെ വിശ്വസിച്ചു എന്‍റെയോ എന്‍റെ കുട്ടികളുടെയോ ജീവിതം ഏല്‍പ്പിക്കാന്‍ തയ്യാറല്ല. അല്ലെങ്കില്‍ നിങ്ങള്‍ പറയൂ, നിങ്ങളില്‍ ആര്‍ക്ക് രാവിലെ മുതല്‍ ആ വഴിവക്കിലെ ഛായയിലിരിക്കുന്ന സഞ്ചാരിയെ അറിയാമെന്ന്?’

അവിടെ നിശബ്ദത പടര്‍ന്നു. എല്ലാവരും മുടി മുതല്‍ പാദം വരെ അയാളെ അളന്നു.

നീണ്ട താടിയിലും മുടിയിലും ഒളിച്ച ശാന്തമായ മുഖമുള്ള, മദ്ധ്യവയ്സ്ക്കനായ ആ സഞ്ചാരി തന്‍റെ ചിന്തയില്‍ മുഴുകി നിശബ്ദനായി അവിടെ തന്നെയിരുന്നു. അയാള്‍ സമയാസമയങ്ങളില്‍ തന്‍റെ കയ്യിലെ വലിയ വടി നിലത്ത് കുത്തി കൊണ്ടേയിരുന്നു.

‘ഇന്നലെ ഞാന്‍ ഇയാളെ ഒരു ചെറുപ്പക്കാരനോടൊപ്പം കണ്ടിരുന്നു. അവര്‍ കൈകള്‍ കൊരുത്തു തെരുവിലൂടെ നടക്കുകയായിരുന്നു. ഇന്നലെ രാത്രി ആ ചെറുപ്പക്കാരന്‍ ഈ ഗ്രാമം വിട്ടു. എന്നാല്‍ ഈ അപരിചിതന്‍ ഇവിടെ തന്നെ തങ്ങി. ’

‘സഹോദരാ, നമുക്ക് ഈ നിസ്സാരകാര്യങ്ങള്‍ പറഞ്ഞു സമയം കളയാതെ ഇരിക്കാം. അയാള്‍ ആര് തന്നെയായാലും വളരെ ദൂരം സഞ്ചരിച്ചു വന്നതാണ്. കാരണം നമ്മള്‍ ആരും തന്നെ അയാളെ ഇതുവരെ കണ്ടിട്ടില്ല. മാത്രമല്ല, അയാള്‍ക്ക്‌ തീര്‍ച്ചയായും നമ്മളെ ദൂരം കുറഞ്ഞതും ഏറ്റവും നല്ലതുമായ വഴിയിലൂടെ നയിക്കാനാവും. അയാള്‍ ബുദ്ധിമാനായ ഒരു മനുഷ്യനാണെന്നത് എന്‍റെ നിഗമനമാണ്. കാരണം അയാള്‍ നിശബ്ദനായിരുന്ന് ആലോചിക്കുകയാണ്. മറ്റൊരാളായിരുന്നെങ്കില്‍ ഇതിനോടകം നമ്മുടെ ഈ പ്രശ്നത്തില്‍ കുറഞ്ഞത്‌ പത്ത് തവണയെങ്കിലും നുഴഞ്ഞു കയറി ഇടപെടുകയോ, നമ്മളിലാരെങ്കിലുമായി സംസാരിക്കാന്‍ ശ്രമിക്കുകയോ ചെയ്തേനെ. എന്നാല്‍ അദ്ദേഹം ഈ സമയം അത്രയും മൂകനായി ഒറ്റക്കിരുന്നു ചിന്തിക്കുകയായിരുന്നു. ’

‘അയാള്‍ ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് തീര്‍ച്ചയായും എന്തോ ആലോചിക്കുന്നത് കൊണ്ടാണ്. മാത്രമല്ല അയാള്‍ വളരെ മിടുക്കനാണ്. അങ്ങനെ അല്ലാതെയാവാന്‍ യാതൊരു വഴിയുമില്ല. ’ ചിലര്‍ അഭിപ്രായത്തോട് യോജിച്ചു അയാളെ അടിമുടി പരിശോധിക്കാന്‍ തുടങ്ങി. ഓരോരുത്തരും അയാളില്‍ സവിശേഷ ബുദ്ധിശക്തിയുടെ അടയാളങ്ങളും അവയുടെ തെളിവുകളും കണ്ടെത്താന്‍ തുടങ്ങി.

ഒടുവില്‍ ഒട്ടും സമയം പാഴാക്കാതെ, നല്ല വാസസ്ഥലവും വളക്കൂറുള്ള മണ്ണുമുള്ള ലോകത്തിന്‍റെ മറ്റൊരു കോണിലേക്ക് തങ്ങളെ നയിക്കാന്‍ ദൈവം പറഞ്ഞയച്ച ആ സഞ്ചാരിയോട് സംസാരിക്കാന്‍ അവര്‍ തീരുമാനിച്ചു. അയാളായിരിക്കണം അവരുടെ നേതാവ്. അവര്‍ അയാളെ ശ്രവിക്കുകയും മറുചോദ്യങ്ങളില്ലാതെ അനുസരിക്കുകയും വേണം.

ആ അപരിചിതനോട് തങ്ങളുടെ തീരുമാനം അറിയിക്കാനായി അവരുടെ കൂട്ടത്തില്‍ നിന്ന് പത്തു പേരെ തിരഞ്ഞെടുത്തു. ഈ പ്രതിനിധി സംഘത്തിന്‍റെ ഉത്തരവാദിത്തം അദ്ദേഹത്തെ അവരുടെ പരിതാപാവസ്ഥ പറഞ്ഞു മനസ്സിലാക്കുകയും തങ്ങളുടെ നേതാവാകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയെന്നതായിരുന്നു.

ആ പത്തുപേര്‍ അദ്ദേഹത്തിന്‍റെ അടുത്തുചെന്ന് വിനയത്തോടെ കുമ്പിട്ടു. അതിലൊരാള്‍ അവരുടെ ഫലപുഷ്ടിയില്ലാത്ത മണ്ണിനെ കുറിച്ചും, മഴയില്ലാത്ത കാലത്തെ കുറിച്ചും, തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചും പറഞ്ഞു. അയാളുടെ സംസാരം അവസാനിച്ചത്‌ ഇങ്ങനെയാണ്;

ഈ അവസ്ഥകൾ ഞങ്ങളെ സ്വന്തം വീടും മണ്ണും ഉപേക്ഷിച്ച് മെച്ചപ്പെട്ട ഒരു സ്ഥലം കണ്ടെത്തുന്നതിനായി ലോകത്തിലേക്ക് ഇറങ്ങി പുറപ്പെടാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തിയ ഈ നിമിഷം, ദൈവം ഞങ്ങളോട് കരുണ കാണിച്ചിരിക്കുന്നു. അവൻ ജ്ഞാനിയും യോഗ്യനുമായ ഒരു അപരിചിതനെ, അതായത് താങ്കളെ, ഞങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. താങ്കൾ ഞങ്ങളെ നയിക്കുകയും ഞങ്ങളുടെ ദുരിതങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും ചെയ്യും. ഇവിടെയുള്ള എല്ലാവരുടെയും പേരിൽ, ഞങ്ങളുടെ നേതാവാകാൻ ഞങ്ങൾ താങ്കളോട് ആവശ്യപ്പെടുന്നു. താങ്കൾ പോകുന്നിടത്തേക്കൊക്കെ ഞങ്ങൾ പിന്തുടരാം. താങ്കൾക്ക് വഴികൾ അറിയാം, താങ്കൾ തീർച്ചയായും സന്തോഷകരവും മികച്ചതുമായ ഒരു രാജ്യത്തിലായിരിക്കും ജനിച്ചിട്ടുണ്ടാവുക. ഞങ്ങൾ താങ്കൾ പറയുന്നത് ശ്രദ്ധിക്കുകയും താങ്കളുടെ ഓരോ ആജ്ഞയും അനുസരിക്കുകയും ചെയ്യും. ബുദ്ധിമാനായ അപരിചിതാ, ഇത്രയധികം ആത്മാക്കളെ നാശത്തിൽ നിന്ന് രക്ഷിക്കാൻ താങ്കൾ തയ്യാറാവുമോ? താങ്കൾക്ക് ഞങ്ങളുടെ നേതാവാകുവാന്‍ സാധിക്കുമോ?

ഈ പ്രഭാഷണത്തിനിടയിൽ, ആ ബുദ്ധിമാനായ അപരിചിതൻ ഒരിക്കല്‍ പോലും തല ഉയർത്തിയില്ല. മുഴുവൻ സമയവും അവർ കണ്ടെത്തിയ അതേ അവസ്ഥയില്‍ അയാള്‍ തുടർന്നു. തല താഴ്ത്തി, മുഖം ചുളിച്ചിരുന്ന അയാള്‍ ഒന്നും പറഞ്ഞില്ല. ഇടയ്ക്കിടയ്ക്ക് അയാള്‍ തന്‍റെ കൈയ്യിലെ വടി നിലത്തു തട്ടി ചിന്തിച്ചുകൊണ്ടിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ, തന്‍റെ അതേ സ്ഥിതിയില്‍ ഇരുന്നുകൊണ്ട് വളരെ ചുരുക്കി, സാവധാനത്തില്‍ അദ്ദേഹം സംസാരിച്ചു:

“ഞാൻ ആവാം!”

‘അപ്പോൾ ഞങ്ങൾക്ക് താങ്കളോടൊപ്പം വന്ന് ഒരു നല്ല ഭൂമി അന്വേഷിക്കാമോ?’

“നിങ്ങൾക്ക് വരാം!”, തല ഉയർത്താതെ അദ്ദേഹം തുടർന്നു.

അഭിനന്ദനപ്രകടനങ്ങളും ഉത്സാഹവും അപ്പോഴേക്കും ഉയർന്നുവന്നു കഴിഞ്ഞിരുന്നു, എന്നാൽ ആ അപരിചിതൻ അതിലൊന്നും ഒരു വാക്കുപോലും ഉരിയാടിയില്ല.

ആ പത്ത് പേർ തങ്ങളുടെ വിജയത്തെക്കുറിച്ച് ഒത്തുകൂടിയവരെ അറിയിച്ചു. ഈ മനുഷ്യന് എത്ര വലിയ ജ്ഞാനമുണ്ടെന്ന് ഇപ്പോൾ മാത്രമാണ് അവർ മനസ്സിലാക്കിയതെന്നും കൂട്ടിച്ചേർത്തു.

‘തന്നോട് ആരാണ് സംസാരിക്കുന്നതെന്ന് കാണാൻ അയാൾ സ്വസ്ഥാനത്തുനിന്ന് നീങ്ങുകയോ തല ഉയർത്തുകയോ ചെയ്തില്ല. അദ്ദേഹം നിശബ്ദനായി ഇരുന്നു ധ്യാനിച്ചു. ഞങ്ങളുടെ എല്ലാ സംസാരത്തിനും അഭിനന്ദനത്തിനും അദ്ദേഹം നാല് വാക്കുകൾ മാത്രമാണ് ഉത്തരമായി ഉച്ചരിച്ചത്. ’

‘ഒരു യഥാർത്ഥ മുനി! അപൂർവ ബുദ്ധിശാലി!’ – തങ്ങളെ രക്ഷിക്കാനായി ദൈവം തന്നെ സ്വർഗത്തിൽ നിന്ന് ഒരു ദൂതനായി അയാളെ അയച്ചതായി അവർ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു. ലോകത്ത് ഒന്നിനും തന്നെ ശ്രദ്ധ തിരിക്കാന്‍ കഴിയാത്ത അത്തരമൊരു നേതാവിന്‍റെ കീഴിൽ എല്ലാവർക്കും വിജയത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതിനാൽ അടുത്ത ദിവസം പ്രഭാതത്തിൽ തന്നെ യാത്ര പുറപ്പെടാൻ അവര്‍ തീരുമാനിച്ചു.

(അടുത്ത പേജ്)

Ознаке: , , , , , , , , , , , , , , , , , , , , , ,

About Домановић

https://domanovic.wordpress.com/about/

Оставите одговор

Попуните детаље испод или притисните на иконицу да бисте се пријавили:

WordPress.com лого

Коментаришете користећи свој WordPress.com налог. Одјави се /  Промени )

Фејсбукова фотографија

Коментаришете користећи свој Facebook налог. Одјави се /  Промени )

Повезивање са %s

%d bloggers like this: