Tag Archive | സത്രം

ചാപ്പ

ഞാന്‍ ഒരു ഭയങ്കര സ്വപ്നം കണ്ടു. സ്വപ്നത്തെ കുറിച്ച് ഞാൻ ഒട്ടും ആശ്ചര്യപ്പെടുന്നില്ല, മറിച്ച് ഇത്ര ഭയങ്കര കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണാനുള്ള ധൈര്യം എനിക്ക് എങ്ങനെ വന്നുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു. അതും ഞാൻ ഇത്ര ശാന്തനും മാന്യനുമായ പൗരനും, നമ്മുടെ പ്രിയപ്പെട്ട, ദുരിതമനുഭവിക്കുന്ന മാതൃരാജ്യം – സെർബിയയുടെ മറ്റെല്ലാ മക്കളെയും പോലെ ഒരു അനുസരണയുള്ള പുത്രനുമായിരിക്കുമ്പോള്‍. നിങ്ങൾക്കറിയാമോ, ഞാൻ ഈ കാര്യത്തില്‍ ഒരു അപവാദമായിരുന്നെങ്കിൽ, കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നേനെ. പക്ഷേ അങ്ങനെയല്ല എന്‍റെ പ്രിയ സുഹൃത്തേ, ഞാൻ എല്ലാവരേയും പോലെ തന്നെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുന്നതുകൊണ്ട്, ആർക്കും എന്നെ അവിടെ കടത്തിവെട്ടാന്‍ കഴിയില്ല. ഒരിക്കൽ ഒരു പോലീസുകാരന്‍റെ യൂണിഫോമിന്‍റെ തിളങ്ങുന്ന ബട്ടൺ തെരുവിൽ കിടക്കുന്നത് കണ്ട്, അതിന്‍റെ മാന്ത്രിക തിളക്കം ഏതാണ്ട് ബോധംകെട്ട് വീഴുമെന്ന ഘട്ടം വരെ ഞാൻ ഉറ്റുനോക്കി. അവ എന്നില്‍ നിറയെ മധുര സ്മരണകൾ ഉണര്‍ത്തി. പെട്ടെന്ന് എന്‍റെ കൈ വിറക്കാനും തനിയെ ഒരു സലാം വെക്കാനും തുടങ്ങി. എന്‍റെ ശിരസ്സ്‌ സ്വയം ഭൂമിയിലേക്ക് നമിച്ചു. നമ്മുടെ മേലുദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുമ്പോൾ നാമെല്ലാവരും ധരിക്കുന്ന ആ മനോഹരമായ പുഞ്ചിരിയിലേക്ക് എന്‍റെ ചുണ്ടുകള്‍ തനിയെ വിടര്‍ന്നു.

‘എന്‍റെ സിരകളിൽ ഒഴുകുന്നത്‌ കുലീന രക്തമാണ്, ആ അത് തന്നെയാണ് കാരണം!’ – ഇതാണ് ഞാൻ ആ നിമിഷം ചിന്തിച്ചത്. അശ്രദ്ധമായി ബട്ടണില്‍ ചവിട്ടി കടന്നുപോകുന്ന ഒരു ബുദ്ധിഹീനനെ ഞാൻ പുച്ഛത്തോടെ നോക്കി.

‘ക്രൂരന്‍!’, ഇങ്ങനെ പറഞ്ഞു, നിലത്തൊന്നു തുപ്പിയിട്ട് ഞാന്‍ നിശബ്ദനായി നടന്നു. അത്തരം മൃഗങ്ങൾ വളരെ കുറവാണെന്ന ചിന്തയിൽ ആശ്വസിച്ചു. ദൈവം എനിക്ക് ശുദ്ധമായ ഹൃദയവും നമ്മുടെ പൂർവ്വികരുടെ ഉത്തമവും ധീരവുമായ രക്തം നൽകിയതിൽ ഞാൻ അതിയായി സന്തോഷിച്ചു.

ഞാൻ എത്ര ഉത്തമനായ മനുഷ്യനാണെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാക്കാന്‍ കഴിയും. മറ്റ് മാന്യരായ പൗരന്മാരിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തനല്ല ഞാന്‍. അതുകൊണ്ട് തന്നെ എന്‍റെ സ്വപ്നങ്ങളിൽ അത്തരം ഭയങ്കരവും വിഡ്ഢിത്തം നിറഞ്ഞതുമായ കാര്യങ്ങൾ എങ്ങനെ വന്നുവെന്ന് നിങ്ങൾക്ക് സംശയം തോന്നാതെ ഇരിക്കില്ല.

അന്ന് അസാധാരണമായ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല. ഞാൻ ഒരു നല്ല അത്താഴം കഴിച്ചു, എന്നിട്ട് വിശ്രമവേളയിൽ പല്ലും കുത്തി,വീഞ്ഞും നുണഞ്ഞു ഇരുന്നു. ഒരു പൗരനെന്ന നിലയിൽ എന്‍റെ അവകാശങ്ങൾ ധൈര്യത്തോടെയും മനഃസാക്ഷിയോടെയും ഉപയോഗിച്ചുവെന്ന ഉത്തമ ബോധത്തില്‍ ഞാൻ ഉറങ്ങാൻ കിടന്നു. പെട്ടെന്ന് ഉറങ്ങാൻ വേണ്ടി ഒരു പുസ്തകവും എടുത്തിരുന്നു.

ആഗ്രഹങ്ങളും കടമകളും പൂർത്തീകരിച്ചു എന്ന ചാരിതാര്‍ത്ഥ്യത്തില്‍, ഞാൻ ഒരു നിഷ്കളങ്കനായ ആട്ടിൻകുട്ടിയെപ്പോലെ ഉറങ്ങിപ്പോയി. എന്‍റെ പുസ്തകം കയ്യില്‍ നിന്ന് വഴുതി താഴെ വീണു.

പർ‌വ്വതങ്ങളിലൂടെ കടന്നുപോകുന്ന ഇടുങ്ങിയതും ചെളി നിറഞ്ഞതുമായ ഒരു പാതയിൽ‌ പെട്ടെന്ന്‌ ഞാൻ‌ ചെന്ന് നിന്നു. തണുത്തുറഞ്ഞ, ഒരു കറുത്ത രാത്രി. ശൂന്യമായ ശാഖകൾക്കിടയിൽ കാറ്റ് അലറി അടിക്കുകയും അത് നഗ്നമായ ചർമ്മത്തിൽ സ്പർശിക്കുമ്പോഴെല്ലാം ഒരു കത്തി കൊണ്ടെന്നപോലെ മുറിക്കുകയും ചെയ്തു. ആകാശം പേടിപ്പിക്കും വിധം കറുപ്പണിഞ്ഞു കിടന്നു. മഞ്ഞ്, പൊടിപോലെ, കണ്ണിലേക്ക് വീശുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നു. എവിടെയും ജീവന്‍റെ ഒരു ശേഷിപ്പില്ല. ഞാൻ തിടുക്കത്തിൽ നടന്നപ്പോള്‍ ചെളി നിറഞ്ഞ റോഡിൽ ഇടത്തോട്ടും വലത്തോട്ടും തെന്നി. ഞാൻ തെറിച്ചു വീഴുകയും ഒടുവിൽ എന്‍റെ വഴി തെറ്റുകയും ചെയ്യുന്നു, ഞാൻ അലഞ്ഞുനടക്കുന്നു(എവിടെയാണെന്ന് ദൈവത്തിന് അറിയാം). അത് ഹ്രസ്വമായ, ഒരു സാധാരണ രാത്രിയല്ല, മറിച്ച് ഒരു നൂറ്റാണ്ട് വരെ നീളമുള്ള രാത്രി. എവിടെയാണെന്ന് അറിയാതെ, എങ്ങോട്ടേക്കെന്ന് അറിയാതെ നടക്കുന്നു.

ഒടുവിൽ വർഷങ്ങളോളം നടന്നു ഞാൻ എവിടെയോ എത്തി. എന്‍റെ ജന്മനാട്ടിൽ നിന്ന് ദൂരെ, ലോകത്തിന്‍റെ അജ്ഞാതമായ ഒരു കോണില്‍, ആർക്കും അറിയാത്ത ഒരു വിചിത്ര ദേശത്ത്. എനിക്ക് ഉറപ്പുണ്ട്, ഒരുപക്ഷേ സ്വപ്നങ്ങളിൽ മാത്രമേ ഈ പ്രദേശം കാണാൻ കഴിയൂ .

ധാരാളം ആളുകൾ താമസിച്ചിരുന്ന ഒരു വലിയ പട്ടണത്തിൽ ഞാൻ എത്തി. വലിയ ഒരു ചന്ത കൂടുന്ന ആ സ്ഥലത്ത് ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. ഭയങ്കരമായ എന്തോ ഒരു ശബ്ദം കേള്‍ക്കാം. ഒരാളുടെ കര്‍ണ്ണപുടം പൊട്ടിക്കാൻ അത് മതിയാകും. ആ സ്ഥലത്തിന് അഭിമുഖമായി ഒരു സത്രത്തിൽ ഞാൻ ഇരുന്നു. സത്രമുടമയോട് എന്തിനാണ് ഇത്രയധികം ആളുകൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു.

അദ്ദേഹം തങ്ങളുടെ കഥ ആരംഭിച്ചു, ‘ഞങ്ങൾ ശാന്തരും മാന്യരുമായ ആളുകളാണ്, അതേപോലെ തന്നെ വിശ്വസ്തരും മജിസ്‌ട്രേറ്റിനോട് അനുസരണമുള്ളവരുമാണ്. ’

“മജിസ്‌ട്രേറ്റ് ആണോ നിങ്ങളുടെ പരമോന്നത അധികാരി?”, ഞാൻ ഇടയില്‍ കയറി അയാളോട് ചോദിച്ചു.

‘മജിസ്‌ട്രേറ്റ് ആണ് ഭരണം നടത്തുന്നത്, അദ്ദേഹമാണ് ഞങ്ങളുടെ പരമോന്നത അധികാരി; അതിനുശേഷം പോലീസ് വരുന്നു. ’

ഞാൻ ചിരിച്ചു.

‘നിങ്ങള്‍ എന്തിനാണ് ചിരിക്കുന്നത്? നിങ്ങൾക്കറിയില്ലായിരുന്നോ? നിങ്ങള്‍ എവിടെ നിന്ന് വരുന്നു?’

വിദൂര ദേശമായ സെർബിയയില്‍ നിന്നാണ് ഞാൻ വരുന്നതെന്നും, വഴി തെറ്റി ഇവിടെ എത്തിയതാണെന്നും അദ്ദേഹത്തോട് ഞാൻ പറഞ്ഞു.

‘ആ പ്രശസ്ത രാജ്യത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്!’, സത്രമുടമസ്ഥൻ ആത്മഗതം ചെയ്തു. എന്നെ ബഹുമാനത്തോടെ നോക്കിയ ശേഷം അയാള്‍ ഉറക്കെ സംസാരിച്ചു:

‘അതാണ് ഞങ്ങളുടെ രീതി’, അദ്ദേഹം തുടർന്നു. ’ മജിസ്‌ട്രേറ്റ് തന്‍റെ പോലീസുകാരുമായി ഇവിടെ ഭരണം നടത്തുന്നു. ’

“നിങ്ങളുടെ പോലീസുകാർ എങ്ങനെയുള്ളവരാണ്?”

‘വ്യത്യസ്ത തരം പോലീസുകാരുണ്ട്. അവർ പദവിയനുസരിച്ച് വ്യത്യാസപ്പെടുന്നു. വിശിഷ്ടരും കുറഞ്ഞവരുമുണ്ട്. നിങ്ങൾക്കറിയാമല്ലോ, നിശബ്ദരും മാന്യരുമായ ആളുകളാണ് ഞങ്ങള്‍. എന്നാൽ പലതരം നാടുതെണ്ടികള്‍ അയൽരാജ്യത്ത് നിന്ന് വരുന്നു, അവർ ഞങ്ങളെ ദുഷിപ്പിക്കുകയും ദുഷിച്ച കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഓരോ പൗരനെയും മറ്റ് ആളുകളിൽ നിന്ന് വേർതിരിച്ചറിയാൻ മജിസ്‌ട്രേറ്റ് ഇന്നലെ ഒരു ഉത്തരവ് നൽകി. ഞങ്ങളുടെ എല്ലാ പൗരന്മാരും പ്രാദേശിക കോടതിയിലേക്ക് പോകണം, അവിടെ ഞങ്ങൾ ഓരോരുത്തരുടെയും നെറ്റിയില്‍ ചാപ്പ കുത്തും. അതില്‍ എന്തുചെയ്യണമെന്ന് ആലോചിക്കുന്നതിനായാണ് ഇത്രയധികം ആളുകൾ അവിടെ ഒത്തുചേർന്നിരിക്കുന്നത്.

ഞാൻ വിറച്ചുപോയി. ഈ വിചിത്രമായ ദേശത്തുനിന്ന് എത്രയും വേഗം ഓടിപ്പോകണമെന്ന് വിചാരിച്ചു. കാരണം ഒരു സെർബിയക്കാരനാണെങ്കിലും, ധീരോദാത്തതയുടെ ഇത്തരം ഒരു പ്രകടനം ഞാൻ ശീലിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഞാൻ അൽപ്പം അസ്വസ്ഥനായിരുന്നു!

സത്രമുടമ ദയയോടെ ചിരിച്ചു, എന്‍റെ തോളിൽ തട്ടി, അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞു:

‘ഏയ്‌ അപരിചിതാ, നിങ്ങളെ ഭയപ്പെടുത്താൻ ഇത്രയും മതിയോ? ഞങ്ങളുടെതുപ്പോലെയുള്ള ധൈര്യം നേടുന്നതിന് നിങ്ങൾ ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ട് എന്നതിൽ അതിശയിക്കാനില്ല!

“നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?”, ഞാൻ ഭയത്തോടെ ചോദിച്ചു.

‘എന്തൊരു ചോദ്യം! ഞങ്ങൾ എത്ര ധൈര്യമുള്ളവരാണെന്ന് നിങ്ങൾ കാണും. ഞാൻ നിങ്ങളോട് വീണ്ടും പറയുന്നു, ഞങ്ങളുടേതുപോലുള്ള ധൈര്യം നേടാന്‍ നിങ്ങൾ വളരെ ദൂരം പോകണം. നിങ്ങൾ ഒരുപാട് സഞ്ചരിച്ച് ലോകം കണ്ടു കാണും, പക്ഷേ ഞങ്ങളേക്കാൾ വലിയ വീരന്മാരെ നിങ്ങൾ കണ്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നമുക്ക് ഒരുമിച്ച് അവിടെ പോകാം. എനിക്ക് വേഗം പോകേണ്ടതുണ്ട്. ’

ഞങ്ങൾ പോകാൻ ഇറങ്ങിയപ്പോള്‍, വാതിലിനു മുന്നിൽ ഒരു ചാട്ടയടി കേട്ടു.

ഞാൻ എത്തിനോക്കിയപ്പോള്‍ ഒരു കാഴ്ച കണ്ടു. തലയിൽ തിളങ്ങുന്ന, മൂന്ന് മടക്കുള്ള തൊപ്പി ധരിച്ച, ഭംഗിയുള്ള സ്യൂട്ട് ധരിച്ച ഒരാൾ, സാധാരണക്കാരനായ, സിവിലിയന്‍ എന്നും തോന്നിപ്പിക്കുന്ന, എന്നാല്‍ വളരെ വിലയേറിയ വസ്ത്രം ധരിച്ച മറ്റൊരാളുടെ മുതുകില്‍ സവാരി ചെയ്യുന്നു. അയാൾ സത്രത്തിന് മുന്നിൽ സവാരി നിർത്തി ഇറങ്ങി.

സത്രമുടമസ്ഥൻ പുറത്തുപോയി കുമ്പിട്ടു. ഭംഗിയുള്ള സ്യൂട്ടിലുള്ളയാൾ സത്രത്തിൽ പ്രത്യേകം അലങ്കരിച്ച മേശയുടെ അടുത്തേക്ക്‌ പോയി. സിവിലിയൻ വസ്ത്രത്തിലുണ്ടായിരുന്നയാൾ സത്രത്തിന് മുന്നിൽ കാത്ത് നിൽക്കുകയും ചെയ്തു. സത്രമുടമസ്ഥൻ അയാളെയും വണങ്ങി.

“ഇതൊക്കെയെന്താണ്?”, ഞാൻ അത്ഭുതത്തോടെ സത്രമുടമസ്ഥനോട് ചോദിച്ചു,.

‘സത്രത്തിൽ കയറിയയാൾ ഉയർന്ന പദവിയുള്ള ഒരു പോലീസുകാരനാണ്. പുറത്തു നില്‍ക്കുന്ന ഈ മനുഷ്യൻ ഞങ്ങളുടെ ഏറ്റവും വിശിഷ്ട പൗരന്മാരിൽ ഒരാളാണ്, വളരെ ധനികനും വലിയൊരു ദേശസ്നേഹിയുമാണ്’, സത്രമുടമ മന്ത്രിച്ചു.

“പക്ഷെ എന്തിനാണ് മറ്റൊരാളെ മുതുകിൽ കയറാൻ അനുവദിക്കുന്നത്?”

സത്രമുടമ എന്നെ നോക്കി തല കുലുക്കി, ഞങ്ങൾ അല്‍പ്പം മാറി നിന്നു. അയാള്‍ ഒരു പുഞ്ചിരി തൂകി പറഞ്ഞു:

‘അപൂർവമായി മാത്രം അർഹിക്കുന്ന ഒരു മഹത്തായ ബഹുമതിയായി ഞങ്ങൾ ഇതിനെ കണക്കാക്കുന്നു!’ അത് കൂടാതെ അദ്ദേഹം എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു. പക്ഷേ എനിക്ക് അവയൊന്നും ആവേശം കാരണം മുഴുവനായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം അവസാനം പറഞ്ഞത് ഞാൻ വളരെ വ്യക്തമായി കേട്ടു, ‘ഇത് ഒരാളുടെ രാജ്യത്തിനു വേണ്ടിയുള്ള സേവനമാണ്. എന്നാല്‍ എല്ലാ രാജ്യങ്ങളും ഇതിപ്പോഴും വിലമതിക്കാൻ പഠിച്ചിട്ടില്ല!’

ഞങ്ങൾ യോഗത്തിൽ എത്തിയപ്പോഴേക്കും അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരുന്നു.

എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആദ്യ സംഘം കോൾബ് എന്നൊരാളെയും, രണ്ടാമത്തെ സംഘം ടാൽബെന്ന ആളെയും മൂന്നാമത്തെ സംഘം മറ്റൊരാളെയും സ്ഥാനാർത്ഥിയായി കൊണ്ടുവന്നു.

ഭയപ്പെടുത്തുന്ന ഒരു ആശയക്കുഴപ്പം അവിടെ ഉണ്ടായിരുന്നു; ഓരോ സംഘവും അവരവരുടെ സ്ഥാനാർത്ഥി ജയിക്കുവാന്‍ ആഗ്രഹിച്ചു.

‘ഇത്തരമൊരു സുപ്രധാന അധ്യക്ഷ പദവിയില്‍ ഇരിക്കാന്‍ കോൾബിനേക്കാൾ മികച്ച ഒരു മനുഷ്യൻ നമ്മുക്കിടയില്‍ ഇല്ലെന്നു ഞാൻ കരുതുന്നു. ’ – ആദ്യ സംഘത്തിൽ നിന്നുള്ള ഒരു ശബ്ദം പറഞ്ഞു. ‘കാരണം ഒരു പൗരനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ കഴിവുകളും ധൈര്യവും നമുക്കെല്ലാവർക്കും നന്നായി അറിയാം. വളരെ പ്രധാനപ്പെട്ട ആളുകളെ ഇടയ്ക്കിടെ ചുമന്നിരുന്നതില്‍ ഇത്ര അധികം അഭിമാനിക്കാൻ വകയുള്ള മറ്റാരെങ്കിലും ഇവിടെയുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ’

‘ഇതിനെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ ആരാണ്?’, രണ്ടാമത്തെ സംഘത്തിലെ ഒരാള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ചോദിച്ചു. ‘ഒരു ജൂനിയർ പോലീസ് ഗുമസ്തനെ നിങ്ങള്‍ ഒരിക്കലും ചുമന്നിട്ടില്ല!’

‘നിങ്ങളുടെ സദ്‌ഗുണങ്ങൾ എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഉച്ചത്തില്‍ അലറാതെ നിങ്ങൾക്ക് ഒരിക്കലും ചാട്ടയുടെ ഒരു പ്രഹരം പോലും സഹിക്കാനാവില്ല!’, മൂന്നാം സംഘത്തിലെ ആരോ വിളിച്ചു പറഞ്ഞു.

‘നമുക്ക് ഇത് ശരിയാക്കാം സഹോദരന്മാരേ!’, കോൾബ് ആരംഭിച്ചു. പത്തുവർഷങ്ങൾക്കുമുമ്പ് പ്രമുഖർ എന്‍റെ മുതുകിൽ കയറിയിരുന്നു എന്നത് ശരിയാണ്; അവർ എന്നെ ചാട്ടവാറിനു അടിച്ചപ്പോഴൊക്കെ ഞാൻ നിലവിളിച്ചില്ല. നമ്മുടെ ഇടയിൽ കൂടുതൽ അർഹരായവർ ഉണ്ടായിരിക്കാം. ഒരുപക്ഷേ കൂടുതല്‍ ചെറുപ്പക്കാരായവര്‍. ’

‘അരുത്, അരുത്’, അദ്ദേഹത്തിന്‍റെ അനുയായികൾ നിലവിളിച്ചു.

‘കാലഹരണപ്പെട്ട ബഹുമതികളെക്കുറിച്ച് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല! കോൾബ് ഒരാളെ മുതുകില്‍ ചുമന്നിട്ടു പത്തുവർഷമായി. ’ – രണ്ടാമത്തെ സംഘത്തിൽ നിന്നുള്ള ശബ്ദങ്ങൾ മുഴങ്ങി.

‘ഇനി യുവരക്തം കാര്യങ്ങള്‍ ഏറ്റെടുക്കും, പഴയ ഇലകള്‍ കൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു’, മൂന്നാമത്തെ ഗ്രൂപ്പിൽ നിന്നുള്ള ചിലര്‍ കൂവി വിളിച്ചു.

പെട്ടെന്ന് എല്ലാവരും നിശബ്ദരായി; ഒരു വഴി ഉണ്ടാക്കാന്‍ ആളുകൾ പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ നീങ്ങി. മുപ്പത് വയസ്സ് പ്രായം വരുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടു. അയാൾ അടുത്തെത്തിയപ്പോൾ എല്ലാ ശിരസ്സുകളും കുനിഞ്ഞു.

“ഇതാരാണ്?”,ഞാൻ എന്‍റെ സത്രമുടമയോട് മന്ത്രിച്ചു.

‘അദ്ദേഹം ജനപ്രിയ നേതാവാണ്. ചെറുപ്പക്കാരനാണെങ്കിലും ഭാവി വാഗ്ദാനമാണ്. ആദ്യകാലങ്ങളിൽ മജിസ്‌ട്രേറ്റിനെ മൂന്നു പ്രാവശ്യം ചുമന്നുകൊണ്ടുപോയതിൽ അദ്ദേഹത്തിന് അഭിമാനിക്കാനുള്ള വകയുണ്ട്. അദ്ദേഹം മറ്റാരെക്കാളും ജനപ്രിയനാണ്. ’

“അവർ ഒരുപക്ഷേ അയാളെ തിരഞ്ഞെടുക്കുമോ?”, ഞാൻ അന്വേഷിച്ചു.

‘അത് ഉറപ്പുള്ള കാര്യമാണ്. കാരണം മറ്റെല്ലാ സ്ഥാനാർത്ഥികളെയും സംബന്ധിച്ചിടത്തോളം, അവരെല്ലാം പ്രായമുള്ളവരാണ്. അവരുടെ കാലം കഴിഞ്ഞു. അതേസമയം മജിസ്‌ട്രേറ്റ് ഇന്നലെ ഇദ്ദേഹത്തിന്‍റെ പുറകിൽ അൽപനേരം കയറി യാത്ര ചെയ്തിരുന്നു. ’

“അദ്ദേഹത്തിന്‍റെ പേര് എന്താണ്?”

‘ക്ലീയാര്‍ഡ്’

അവർ അദ്ദേഹത്തിന് ആദരവോടെ ഒരു സ്ഥാനം നല്‍കി.

കോൾബിന്‍റെ ശബ്ദം നിശബ്ദതയെ തുളച്ചു, ‘ക്ലീയാര്‍ഡിനേക്കാൾ മികച്ച ഒരാളെ നമുക്ക് കണ്ടെത്താൻ കഴിയില്ലന്ന് ഞാൻ കരുതുന്നു. അദ്ദേഹം ചെറുപ്പമാണ്, പ്രായമായ നമ്മളിൽ ആരും അദ്ദേഹത്തിന് തുല്യരല്ല. ’

‘വാഴട്ടെ, വാഴട്ടെ! ക്ലീയാര്‍ഡ് നീണാള്‍ വാഴട്ടെ!’ – എല്ലാ ശബ്ദങ്ങളും ഒന്നിച്ചുയര്‍ന്നു.

കോൾബും ടാൽബും അദ്ദേഹത്തെ അധ്യക്ഷന്‍റെ സ്ഥാനത്തേക്ക് കൊണ്ടുപോയി. എല്ലാവരും കുനിഞ്ഞു വിനീതരായി തികച്ചും നിശബ്ദരായി നിന്നു.

‘സഹോദരന്മാരേ, നിങ്ങൾ ഏകകണ്ഠമായി എനിക്ക് നൽകിയ ബഹുമാനത്തിനും ആദരവിനും നന്ദി. ഇപ്പോൾ എന്നില്‍ നിക്ഷിപ്തമായിരിക്കുന്ന നിങ്ങളുടെ പ്രതീക്ഷകൾ വളരെ സന്തോഷകരമാണ്. ഇത്തരം സുപ്രധാന കാര്യങ്ങളിലൂടെ രാജ്യത്തിന്‍റെ ആഗ്രഹങ്ങളുടെ നുകം പിടിക്കുന്നത്‌ എളുപ്പമല്ല. പക്ഷേ നിങ്ങളുടെ വിശ്വാസത്തെ ന്യായീകരിക്കാനും നിങ്ങളുടെ അഭിപ്രായത്തെ സത്യസന്ധമായി പ്രതിനിധീകരിക്കാനും എന്നോടുള്ള നിങ്ങളുടെ ഉയർന്ന പരിഗണന ഞാൻ അർഹിക്കുന്നുവെന്ന് തെളിയിക്കാനും ഞാൻ എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കും. സഹോദരന്മാരേ, എന്നെ തിരഞ്ഞെടുത്തതിന് ഹൃദയം നിറഞ്ഞ നന്ദി. ’

‘ഹുറേ! ഹുറേ! ഹുറേ!’ ജനങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഇടിമുഴക്കം പോലെ അലറി.

‘സഹോദരന്മാരേ, ഈ സുപ്രധാന സംഭവത്തെക്കുറിച്ച് കുറച്ച് വാക്കുകൾ പറയാൻ നിങ്ങൾ എന്നെ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരം വേദനകൾ അനുഭവിക്കുന്നത് എളുപ്പമല്ല, തീവ്രവേദനകൾ നമുക്കായി കാലം സൂക്ഷിക്കുന്നു; ഒരാളുടെ നെറ്റി ചൂടുള്ള ഇരുമ്പ് ഉപയോഗിച്ച് ചാപ്പ കുത്തുന്നത് എളുപ്പമല്ല. തീർച്ചയായും, അല്ല – അവ എല്ലാ മനുഷ്യർക്കും സഹിക്കാൻ കഴിയാത്ത വേദനകളാണ്. ഭീരുക്കൾ വിറയ്ക്കട്ടെ, അവർ ഭയം കൊണ്ട് വിളറട്ടെ. എന്നാൽ നാം ധീരരായ പൂർവ്വികരുടെ പിന്‍ഗാമികളാണെന്നും, ശ്രേഷ്ഠരക്തം – നമ്മുടെ മുത്തച്ഛന്മാരുടെ വീര രക്തം, നമ്മുടെ സിരകളിൽ ഒഴുകുന്നുവെന്നും, കൂടാതെ ഒരു നിമിഷം പോലും ആലോചിക്കാതെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത മഹാന്മാരായ യോദ്ധാക്കളുടെ പരമ്പരയാണ് നാമെന്നും ഒരു നിമിഷം പോലും നമ്മള്‍ മറക്കരുത്. നിങ്ങൾ അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നമ്മുടെ കഷ്ടപ്പാടുകൾ വളരെ ചെറുതാണ്. നാം മുമ്പത്തേക്കാളും മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്ന ഈ സമയത്ത്, ഒരു അധഃപതിച്ച, ഭീരുവായ വര്‍ഗ്ഗത്തിലെ അംഗങ്ങളെപ്പോലെ പെരുമാറണമോ? ഓരോ യഥാർത്ഥ ദേശസ്നേഹിയും, നമ്മുടെ ജനതയെ ലോകത്തിന് മുന്നില്‍ ലജ്ജിപ്പിക്കാൻ ആഗ്രഹിക്കാത്ത ഏവരും, ഒരു യഥാര്‍ത്ഥ മനുഷ്യനെയും നായകനെയും പോലെ ഈ വേദന സഹിക്കും. ’

‘വാഴട്ടെ, വാഴട്ടെ! ക്ലീയാര്‍ഡ് നീണാള്‍ വാഴട്ടെ!

ക്ലീയാര്‍ഡിന് ശേഷം നിരവധി തീക്ഷ്ണരായ പ്രാസംഗികരുണ്ടായിരുന്നു; അവർ പേടിച്ചരണ്ട ആളുകളെ പ്രോത്സാഹിപ്പിക്കുകയും ക്ലീയാര്‍ഡ് പറഞ്ഞ കാര്യങ്ങൾ മാറ്റിയും മറിച്ചും ആവർത്തിക്കുകയും ചെയ്തു.

ക്ഷീണിച്ച, ചുളിവുകളുള്ള മുഖവും, തലമുടിയും താടിയും മഞ്ഞ് പോലെ വെളുത്തതുമായ, ഒരു വൃദ്ധനോട് അടുത്തതായി സംസാരിക്കാൻ ആവശ്യപ്പെട്ടു. പ്രായമായതിനാല്‍ അയാളുടെ കാൽമുട്ടുകൾ വിറച്ചു, കൈകൾ വിറ കൊണ്ടു, പുറം വളഞ്ഞു. അയാളുടെ ശബ്ദം ഉതിര്‍ന്നു, കണ്ണുകൾ നിറഞ്ഞു.

വെളുത്തതും ചുളിവുകളുള്ളതുമായ കവിളുകളിലൂടെ കണ്ണുനീർ ഒഴുകി വെളുത്ത താടിയിൽ വീഴുകയും ചെയ്തു, ‘മക്കളേ ഞാൻ ദയനീയനാണ്. ഞാൻ ഉടൻ തന്നെ മരിക്കും, പക്ഷേ എനിക്ക് തോന്നുന്നത് ഇത്തരം നാണക്കേട് നിങ്ങള്‍ക്ക് വരാൻ നിങ്ങൾ അനുവദിക്കരുതെന്നാണ്. എനിക്ക് നൂറു വയസ്സായി, അത് കൂടാതെ ഞാൻ എന്‍റെ ജീവിതകാലം മുഴുവൻ ജീവിച്ചു കഴിഞ്ഞു! ഇപ്പോള്‍, ഈ സമയത്ത്, അടിമത്വത്തിന്‍റെ ചാപ്പ എന്‍റെ നരച്ച ക്ഷീണിച്ച നെറ്റിയിൽ പതിപ്പിക്കേണ്ട ആവശ്യം എന്താണ്?’

‘ആ കിഴവനെ ആട്ടിപ്പായിക്കൂ!’, അദ്ധ്യക്ഷന്‍ നിലവിളിച്ചു.

‘അവനെ ആട്ടിപ്പായിക്കൂ!’ – മറ്റുള്ളവരും അലറി.

‘ഭീരു കിഴവന്‍!’

‘ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം, അവൻ എല്ലാവരേയും ഭയപ്പെടുത്തുന്നു!’

‘അവന്‍റെ നരച്ച രോമങ്ങളിൽ അവൻ ലജ്ജിക്കണം! അവൻ ഒരുപാട് കാലം ജീവിച്ചു, എന്നിട്ട് ഇപ്പോഴും ഭയമാണെന്ന്. ചെറുപ്പക്കാരായ നമ്മൾ കൂടുതൽ ധൈര്യമുള്ളവരാണ്…’

‘ഭീരുവിനെ ആട്ടിപ്പായിക്കൂ!’

‘അവനെ പുറത്താക്കുക!’

‘അവനെ ആട്ടിപ്പായിക്കൂ!’

കോപാകുലരും, ധീരരും, ചെറുപ്പക്കാരുമായ ദേശസ്നേഹികള്‍ വൃദ്ധന്‍റെ നേരെ പ്രകോപിതരായി പാഞ്ഞു ചെന്ന് അയാളെ പിടിച്ചുവലിക്കാൻ തുടങ്ങി.

അയാളുടെ പ്രായം ഓര്‍ത്ത്‌ അവർ അയാളെ വിട്ടയച്ചു. അല്ലാത്തപക്ഷം അവർ അയാളെ ജീവനോടെ കല്ലെറിഞ്ഞു കൊല്ലുമായിരുന്നു.

ധൈര്യമുള്ളവരാണെന്നും തങ്ങളുടെ രാജ്യത്തിന്‍റെ ആദരവിനും മഹത്വത്തിനും തങ്ങൾ യോഗ്യരാണെന്ന് നാളെ കാണിക്കുമെന്നും എല്ലാവരും പ്രതിജ്ഞയെടുത്തു.

ആളുകൾ യോഗത്തില്‍ നിന്ന് വളരെ മികച്ച ക്രമത്തിൽ പിരിഞ്ഞു പോയി. പിരിഞ്ഞുപോകുമ്പോൾ അവർ പറഞ്ഞു:

‘ആര് ആരൊക്കെയാണെന്ന് നമുക്ക് നാളെ കാണാം!’

‘പൊങ്ങച്ചക്കാരെ ഞങ്ങൾ നാളെ തിരിച്ചറിയും!’

‘യോഗ്യരായവരിൽ നിന്ന് സ്വയം വേർതിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ ഏതൊരുവനും ഞാന്‍ ധീരനാണെന്ന് ഇനി പറഞ്ഞുകൊണ്ട് നടക്കാന്‍ കഴിയില്ല.’

ഞാൻ വീണ്ടും സത്രത്തിലേക്ക് പോയി.

‘ഞങ്ങൾ എന്തില്‍ തീര്‍ത്തവരാണെന്നു നിങ്ങൾക്ക് മനസ്സിലായോ?’, എന്‍റെ സത്രമുടമ അഭിമാനത്തോടെ എന്നോട് ചോദിച്ചു.

“പിന്നെ… എനിക്ക് മനസ്സിലായി”, എന്‍റെ ശക്തി ചോര്‍ന്നുവെന്നും എന്‍റെ മനസ്സ് വിചിത്രമായ ചിന്തകളാൽ നിറഞ്ഞുവെന്നും മനസ്സിലാക്കിയ ഞാൻ അയാള്‍ക്ക്‌ മറുപടി നൽകി.

അന്നുതന്നെ ഞാൻ അവരുടെ പത്രത്തിൽ ഒരു പ്രധാന ലേഖനം വായിച്ചു:

“പൗരന്മാരേ, നമുക്കിടയിൽ വീമ്പിളക്കുന്നതും വീർപ്പുമുട്ടുന്നതും അവസാനിപ്പിക്കേണ്ട സമയമാണിത്; നമ്മുടെ സാങ്കൽപ്പിക സദ്‌ഗുണങ്ങളും മൂല്യച്യുതികളും പ്രദർശിപ്പിക്കുന്നതിന്‌ നാം ധാരാളമായി ഉപയോഗിക്കുന്ന ശൂന്യമായ പദങ്ങളെ ബഹുമാനിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണിത്. പൗരന്മാരേ, നിങ്ങളുടെ ഉറപ്പുകള്‍ പരീക്ഷിക്കാനും ആരാണ് ശരിക്കും യോഗ്യരെന്നും ആരാണ് അല്ലെന്നും അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! എന്നാൽ നമ്മെ ലജ്ജിപ്പിക്കുന്ന തരം ഭീരുക്കൾ നമുക്കിടയിൽ ഉണ്ടാകില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അവരെ ബലപ്രയോഗത്തിലൂടെ നിയുക്ത ചാപ്പ കുത്തല്‍ സ്ഥലത്തേക്ക് കൊണ്ടുവരേണ്ടിവരും. നമ്മുടെ പൂർവ്വികരുടെ ശ്രേഷ്ഠ രക്തത്തിന്‍റെ ഒരു തുള്ളിയെങ്കിലും തന്‍റെ സിരകളിൽ ഒഴുകുന്നുവെന്നു വിശ്വസിക്കുന്ന ഓരോരുത്തരും, ഈ വേദന അഭിമാനപൂര്‍വ്വം നിശബ്ദമായി, സഹിക്കുന്ന ആദ്യത്തെയാളാകാൻ കടന്നു വരും. കാരണം ഇത് വിശുദ്ധ വേദനയാണ്. ഇത് നന്മയ്ക്കുള്ള ത്യാഗമാണ്. നമ്മുടെ രാജ്യത്തിനും എല്ലാവരുടെയും ക്ഷേമത്തിനും വേണ്ടിയുള്ളതാണ്. മുന്നോട്ട്, പൗരന്മാരേ, മുന്നോട്ട്… . കാരണം നാളെ കുലീനന്മാരെ കണ്ടെത്താനുള്ള പരീക്ഷയുടെ ദിവസമാണ്!”

സത്രമുടമ അടുത്ത ദിവസം നിയുക്ത സ്ഥലത്തേക്ക് എത്രയും വേഗം എത്തിച്ചേരാനായി, യോഗത്തിനു ശേഷം ഉടന്‍ തന്നെ ഉറങ്ങാൻ കിടന്നു. എന്നാല്‍ പലരും നേരെ ടൗൺ‌ഹാളിലേക്ക് പോയി, വരിയുടെ കഴിയുന്നത്ര മുന്‍പില്‍ സ്ഥാനം പിടിക്കാനായി.

അടുത്ത ദിവസം ഞാനും ടൗൺഹാളിലേക്ക് പോയി. ചെറുപ്പക്കാരും പ്രായമുള്ളവരും ആണും പെണ്ണും, എല്ലാവരും അവിടെ ഉണ്ടായിരുന്നു. ചില അമ്മമാർ അവരുടെ കൈക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു. അവരെ അടിമത്തത്തിന്‍റെ ചാപ്പ കുത്തി, അതായത് ആദരവ് നല്‍കി, പൊതുഭരണത്തിലെ ഉയർന്ന പദവികൾക്ക് കൂടുതൽ അര്‍ഹാരാക്കുക എന്ന ലക്ഷ്യവുമായി.

അവിടെ തള്ളലും തിരക്ക് കൂട്ടലുകളും വഴക്കുകളും ഉയര്‍ന്നു. എല്ലാവരും വരിയില്‍ ഒന്നാമനാകാൻ ശ്രമിച്ചു (അതിൽ അവർ ഞങ്ങള്‍ സെർബിയക്കാരെപ്പോലെ തന്നെയാണ്. അതിൽ ഞാൻ സന്തോഷിക്കുന്നു). ചിലർ മറ്റുള്ളവരുടെ കഴുത്തിനു കുത്തി പിടിക്കുക വരെ ചെയ്തു.

വെളുത്ത ഉദ്യോഗസ്ഥവേഷം ധരിച്ച ഒരു ഉദ്യോഗസ്ഥനാണ് ചാപ്പ കുത്തിയിരുന്നത്. ഒപ്പം അയാള്‍ ആളുകളെ വഴക്ക് പറയുകയും ചെയ്തു കൊണ്ടിരുന്നു.

‘ദൈവത്തെ ഓര്‍ത്ത്‌ നിങ്ങള്‍ തിരക്ക് കൂട്ടാതിരിക്കൂ. എല്ലാവരുടെയും ഊഴം വരും, നിങ്ങൾ മൃഗങ്ങളല്ല. നമുക്കിത് ഇതിനേക്കാള്‍ നന്നായി കൈകാര്യം ചെയ്യാൻ‌ കഴിയുമെന്ന് ഞാൻ കരുതുന്നു. ’

ചാപ്പ കുത്തല്‍ ആരംഭിച്ചു. ഒരാൾ ഉച്ചത്തില്‍ നിലവിളിച്ചു, മറ്റൊരാൾ മുരണ്ടു. പക്ഷേ ഞാൻ അവിടെ നിന്നിടത്തോളം സമയം ആർക്കും ശബ്ദമൊന്നും ഉണ്ടാക്കാതെ അത് സഹിക്കാൻ കഴിഞ്ഞില്ല.

ഈ പീഡനം അധികനേരം എനിക്ക് കണ്ടു നില്‍ക്കാനായില്ല. അതുകൊണ്ട് ഞാൻ തിരികെ സത്രത്തിലേക്ക് പോയി. പക്ഷേ അവരിൽ ചിലർ ഇതിനകം അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുപ്പുണ്ടായിരുന്നു.

‘ഹോ, അത് അങ്ങനെ കഴിഞ്ഞു!’, അവരിൽ ഒരാൾ പറഞ്ഞു.

‘നമ്മള്‍ ആരും നിലവിളിച്ചില്ല, പക്ഷേ ആ ടാൽബ് ​​ഒരു കഴുതയെപ്പോലെ കരയുകയായിരുന്നു!’, മറ്റൊരാൾ പറഞ്ഞു.

‘നിങ്ങളുടെ ടാൽബ് ​​ആരാണെന്ന് നിങ്ങൾ കണ്ടു. അയാളെ അല്ലെ ഇന്നലെ യോഗത്തിന്‍റെ അദ്ധ്യക്ഷനാക്കാൻ നിങ്ങൾ ആഗ്രഹിച്ചത്?’

‘ഓ, നിങ്ങൾക്ക് അതൊന്നും ഒരിക്കലും ഉറപ്പിച്ചു പറയാന്‍ കഴിയില്ല!’

അവർ വേദനയും വിഷമവും ഉള്ളിലൊതുക്കി സംസാരിച്ചു. അവരത് പരസ്പരം മറച്ചുവെക്കാൻ ശ്രമിച്ചു, കാരണം ഓരോരുത്തരും തങ്ങള്‍ ഭീരുവാണെന്ന് മറ്റുള്ളവര്‍ കരുതുന്നതിൽ ലജ്ജിച്ചു.

ഒന്ന് ഞരങ്ങിയതിനാൽ ക്ലീയാർഡ് സ്വയം അപമാനിതനായി. ലിയർ എന്നയാൾക്ക് നായകപരിവേഷം ലഭിച്ചു. കാരണം നെറ്റിയിൽ രണ്ട് ചാപ്പ കുത്താന്‍ അയാള്‍ ആവശ്യപ്പെട്ടു, മാത്രമല്ല വേദനയുടെ ഒരു ശബ്ദവും അയാള്‍ പുറപ്പെടുവിച്ചില്ല. പട്ടണം മുഴുവന്‍ അയാളെക്കുറിച്ച് മാത്രം വളരെ ബഹുമാനത്തോടെ സംസാരിച്ചു.

ചില ആളുകൾ ഓടി രക്ഷപെട്ടു. അവരെ എല്ലാവരും പുച്ഛിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം നെറ്റിയിൽ രണ്ട് ചാപ്പ കുത്തിയ ആൾ തല ഉയർത്തിപ്പിടിച്ച് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ആദരവും അഭിമാനവും ഏറ്റുവാങ്ങി നടന്നു. അയാള്‍ പോകുന്നിടത്തെല്ലാം എല്ലാവരും നമസ്‌കരിക്കുകയും അയാളോടുള്ള ആദര സൂചകമായി തൊപ്പി ഊരുകയും ചെയ്തു. .

രാജ്യത്തിലെ ഏറ്റവും മഹാനായ പുരുഷനെ കാണാൻ പുരുഷന്മാരും സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി. അയാള്‍ പോകുന്നിടത്തെല്ലാം, വിസ്മയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആളുകള്‍ അയാളെ പിന്തുടർന്നു: ‘അത് അയാളാണ്, ലിയര്‍, ലിയര്‍! അതാണ് ഒരിക്കല്‍പോലും കരയാതിരുന്ന നമ്മുടെ നായകൻ, രണ്ട് ചാപ്പ നെറ്റിയിൽ കുത്തിയപ്പോഴും ഒച്ച വെക്കാതിരുന്നവന്‍!’. അയാള്‍ പത്രങ്ങളുടെ തലക്കെട്ടുകളിൽ പ്രശംസയും ആദരവും ഏറ്റുവാങ്ങി നിറഞ്ഞു നിന്നു.

അയാള്‍ ജനങ്ങളുടെ സ്നേഹത്തിന് പാത്രമായി തീര്‍ന്നു.

എല്ലായിടത്തും ഞാൻ അത്തരം സ്തുതി കേട്ടു. എന്‍റെ സിരകളിൽ ഒഴുകുന്ന പഴയ, കുലീനമായ സെർബിയൻ രക്തം എനിക്ക് അനുഭവപ്പെടാൻ തുടങ്ങി. നമ്മുടെ പൂർവ്വികർ വീരന്മാരായിരുന്നു, സ്വാതന്ത്ര്യത്തിനായുള്ള കുത്തൊഴുക്കിൽ അവർ മരിച്ചു. നമുക്ക് പ്രൌഢമായ ഭൂതകാലവും കൊസോവോയും ഉണ്ട്. ദേശീയ ബോധവും സ്നേഹവും കൊണ്ട് ഞാൻ പുളകിതനായി. എന്‍റെ വര്‍ഗ്ഗം എത്ര ധൈര്യമുള്ളതാണെന്ന് കാണിക്കാനായി ഞാന്‍ ടൗൺ‌ഹാളിലേക്ക് ഓടിക്കയറിച്ചെന്ന് ആക്രോശിച്ചു;

“എന്തിനാണ് നിങ്ങൾ ലിയറിനെ ഇത്ര പ്രശംസിക്കുന്നത്? നിങ്ങൾ യഥാർത്ഥ വീരന്മാരെ കണ്ടിട്ടില്ല! കുലീനമായ സെർബിയൻ രക്തം എങ്ങനെയുള്ളതാണെന്ന് നിങ്ങളിപ്പോള്‍ കാണുക! രണ്ടെണ്ണമല്ല, പത്ത് ചാപ്പകൾ എന്‍റെ നെറ്റിയിൽ കുത്തുക!”

വെളുത്ത സ്യൂട്ടിലുള്ള പൊതുഭരണ ഉദ്യോഗസ്ഥന്‍ തന്‍റെ ചാപ്പ എന്‍റെ നെറ്റിക്ക് നേരെ കൊണ്ടുവന്നു, ഞാൻ അപ്പോള്‍… ഞാൻ എന്‍റെ സ്വപ്നത്തിൽ നിന്ന് ഉണർന്നു.

സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന വിചിത്രമായ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്തു ഞാൻ ആശ്ചര്യത്തോടെ നെറ്റിയിൽ തൊട്ട് നോക്കിയിട്ട്, ഒന്ന് കുരിശു വരച്ചു.

അവരുടെ ലിയറിന്‍റെ മഹത്വം ഞാൻ ഏറെക്കുറെ കുറച്ചുവെന്ന് വിചാരിച്ചു സംതൃപ്തനായി, തിരിഞ്ഞു കിടന്നു. എന്‍റെ സ്വപ്നം അതിന്‍റെ അന്ത്യം കാണാഞ്ഞതില്‍ ഞാന്‍ അല്‍പ്പം ഖേദിക്കുന്നു.

 

ബെൽഗ്രേഡിൽ, 1899.
“റാഡോയെ ഡൊമാനോവിച്” പ്രോജക്റ്റിനായി കഥകള്‍ വിവർത്തനം ചെയ്‌തത് – ദേവിക രമേഷ്, 2020.

ഒരു സാധാരണ സെർബിയൻ കാളയുടെ ന്യായവാദങ്ങള്‍

ഈ ലോകത്ത് ഒരുപാട് അത്ഭുതങ്ങൾ സംഭവിക്കുന്നു. പലരും പറയുന്നതുപോലെ, നമ്മുടെ രാജ്യത്ത് അത്ഭുതങ്ങൾ നിറഞ്ഞൊഴുകുകയാണ്. അത്ഭുതങ്ങളുടെ കുത്തൊഴുക്കില്‍ അത്ഭുതങ്ങള്‍ അത്ഭുതങ്ങളെയല്ലാതാവുന്നു. വളരെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന, എന്നാല്‍ ഒരു തരിമ്പു പോലും ചിന്തിക്കാത്ത ആളുകൾ ഒരുപാടുണ്ട്. അതിനൊരു നഷ്ടപരിഹാരമായി, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ, മറ്റ് സെർബിയൻ കാളകളിൽ നിന്ന് ഒരു വ്യത്യാസവുമില്ലാത്ത ഒരു സാധാരണ കർഷകന്‍റെ കാള, ചിന്തിക്കാൻ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് ദൈവത്തിന് അറിയാം! ഈ വിവേകശൂന്യനായ മൃഗത്തെ അത്തരമൊരു ധീരമായ ശ്രമം നടത്താൻ എങ്ങനെ ധൈര്യപ്പെടുത്തി? പ്രത്യേകിച്ചും സെർബിയയിൽ ഇത്തരം നിർഭാഗ്യകരമായ പ്രവര്‍ത്തി ചെയ്യുന്നത് നിങ്ങൾക്ക് അനാദരവ് വരുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതും കൂടിയാണ്. ഈ പാവം നിഷ്കളങ്കനായ പിശാചിനറിയില്ലല്ലോ, തന്‍റെ ഈ ശ്രമം ജന്മനാട്ടിൽ ലാഭകരമല്ലെന്ന്. പാവം, അല്ലാതെന്ത്! അതിനാൽ നാം അതിന് പ്രത്യേക ധൈര്യം പ്രതീക്ഷിക്കേണ്ടതില്ല. കാള ഒരു വോട്ടറോ കൗൺസിലറോ മജിസ്‌ട്രേറ്റോ, ഏതെങ്കിലും കന്നുകാലി അസംബ്ലിയിൽ ഡെപ്യൂട്ടിയായോ അല്ലെങ്കിൽ (ഒരു നിശ്ചിത പ്രായത്തിൽ എത്തിയിട്ടുണ്ടെങ്കിൽ) സെനറ്ററായോ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ദരിദ്രനായ ആ ആത്മാവ് ഏതെങ്കിലും കന്നുകാലി രാജ്യത്ത് ഒരു മന്ത്രിയാകണമെന്ന് സ്വപ്നം കണ്ടിരുന്നെങ്കിൽ, സന്തോഷകരമായ ചില രാജ്യങ്ങളിലെ മികച്ച മന്ത്രിമാരെപ്പോലെ, കഴിയുന്നത്രയും കുറഞ്ഞ രീതിയിൽ എങ്ങനെ ചിന്തിക്കാമെന്ന് അവന്‍ പരിശീലിക്കേണ്ടതായി വന്നേനെ. ഇക്കാര്യത്തിലും നമ്മുടെ രാജ്യം അത്ര ഭാഗ്യമുള്ളതല്ല. എന്തൊക്കെ വന്നാലും, സെർബിയയിലെ ഒരു കാള, ജനങ്ങൾ ഉപേക്ഷിച്ച ഒരു ശ്രമം ഏറ്റെടുക്കുന്നതെന്തിനാണെന്ന് നമ്മള്‍ എന്തിന് നോക്കണം? അവന്‍റെ ചില സ്വാഭാവിക സഹജബോധം നിമിത്തം ചിന്തിക്കാൻ തുടങ്ങിയതാകാം.

ഇത് ഏത് തരം കാളയാണ്? ജന്തുശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതുപോലെ, മറ്റെല്ലാ കാളകളെയും പോലെ തന്നെ തലയും ശരീരവും കാലുകളും ഉള്ള ഒരു സാധാരണ കാള. അവൻ വണ്ടി വലിക്കുന്നു, പുല്ലിൽ മേയുന്നു, വിയര്‍പ്പ് നക്കുന്നു, അയവിറക്കുന്നു,’ബ്രേ’ എന്ന് അമറുന്നു.അവന്‍  ചാര നിറത്തിലെ കാളയായിരുന്നു. ചാര കൂറ്റന്‍ എന്നാണ് അവന്‍റെ പേര്.

അവന്‍ ചിന്തിക്കാൻ തുടങ്ങിയത് ഇങ്ങനെയാണ്. ഒരു ദിവസം മോഷ്ടിച്ച കുറ്റികൾ വിൽക്കാൻ വേണ്ടി യജമാനൻ ഒരു വണ്ടിയില്‍ അവ കയറ്റി അവനെയും അവന്‍റെ കൂട്ടുകാരന്‍ കറുപ്പന്‍ കൂറ്റനെയും കൊണ്ട് വലിപ്പിച്ചു പട്ടണത്തിലേക്ക് കൊണ്ടുപോയി. പട്ടണത്തിൽ പ്രവേശിച്ചയുടനെ അയാള്‍ കുറ്റികൾ വിറ്റ് ചാരനെയും അവന്‍റെ സഖാവിനെയും അഴിച്ചുമാറ്റി, നുകവുമായി ബന്ധിപ്പിച്ച് ചങ്ങല കൊളുത്തി. അവരുടെ മുൻപിൽ കുറച്ചു പുല്ല് കഷണങ്ങള്‍ എറിഞ്ഞു, സന്തോഷത്തോടെ അല്‍പ്പം പ്രത്യേക പാനീയങ്ങൾ കുടിക്കാനായി അയാള്‍ ഒരു ചെറിയ ഭക്ഷണശാലയിലേക്ക് പോയി. പട്ടണത്തിൽ ഒരു ഉത്സവം നടക്കുന്നു, അതിനാൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ചേര്‍ന്ന് നല്ല തിരക്കായിരുന്നു. മറ്റ് കാളകൾക്ക് ഇടയില്‍ പൊട്ടൻ എന്ന് അറിയപ്പെടുന്ന, ആരെയും കൂസാതെ, ഉച്ചഭക്ഷണം എല്ലാ ഗൗരവത്തോടെയും ആസ്വദിക്കുന്ന, വയറു നിറയുമ്പോള്‍ അയവിറക്കിക്കൊണ്ട് അൽപം അമറി മധുരമായി മയങ്ങുന്ന കറുപ്പൻ. കടന്നുപോകുന്നവരാരും അവനെക്കുറിച്ച് ആശങ്കപ്പെടുന്നില്ല, അവനും. അവൻ സമാധാനപരമായി മയങ്ങുകയാണ് (ഉന്നതമായ ഒരു കരിയറിന് ഈ മുൻ‌തൂക്കം നല്‍കുന്ന ഒരു മനുഷ്യനല്ല ഇത് എന്നത് വളരെ ദയനീയമാണ്). എന്നാൽ ചാരന് ഒരു പുല്ല്ക്കഷ്ണം പോലും കഴിക്കാനായില്ല. സ്വപ്നങ്ങള്‍ നിറഞ്ഞ അവന്‍റെ കണ്ണുകളും മുഖത്തെ സങ്കടകരമായ ഭാവവും ഒറ്റനോട്ടത്തിൽ ഇത് ഒരു ചിന്തകനാണെന്നും മധുരവും മതിപ്പുമുളവാക്കുന്ന ഒരു ശുദ്ധാത്മാവാണെന്നും തോന്നും. തങ്ങളുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ചും അവരുടെ പേരിനെക്കുറിച്ചും ജനതയെക്കുറിച്ചും അഭിമാനിക്കുന്ന ആളുകൾ – സെർബിയക്കാര്‍, അവനെ കടന്നുപോകുന്നു. ഈ അഭിമാനം അവരുടെ പെരുമാറ്റത്തിലും വേഗതയിലും കാണാം. ഇതെല്ലാം നിരീക്ഷിച്ച ചാരന്‍റെ മനസ്സ്, കടുത്ത അനീതി ഓര്‍ത്ത്‌ ദുഃഖവും വേദനയും കൊണ്ട് നിറഞ്ഞു. അത്രയും ശക്തവും പെട്ടെന്നുള്ളതുമായ ഒരു വികാരത്തിന് അവന് കീഴടങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. സങ്കടത്തിന്‍റെയും വേദനയുടെയും കണ്ണുനീർ, അവന്‍റെ കണ്ണുകളിൽ നിന്നും ഒഴുകി. കടുത്ത വേദനയിൽ ചാരന്‍ ചിന്തിക്കാൻ തുടങ്ങി:

“എന്തോര്‍ത്തിട്ടാണ് എന്‍റെ യജമാനനും അദ്ദേഹത്തിന്‍റെ സ്വഹാബികളായ സെർബിയക്കാരും ഇത്ര അഭിമാനിക്കുന്നത്? എന്തുകൊണ്ടാണ് അവർ തല ഉയർത്തിപ്പിടിച്ച് അഹങ്കാരത്തോടെയും നിന്ദയോടെയും എന്‍റെ കൂട്ടരെ നോക്കുന്നത്? അവരുടെ മാതൃരാജ്യത്തെക്കുറിച്ച് അവർ അഭിമാനിക്കുന്നു, കരുണയുള്ള വിധി തങ്ങൾക്ക് സെർബിയയിൽ ജനിക്കാൻ അനുമതി നൽകിയതിൽ അവര്‍ അഭിമാനിക്കുന്നു. എന്‍റെ അമ്മ എന്നെ സെർബിയയില്‍ പ്രസവിച്ചു എന്നത് മാത്രമല്ല, എന്‍റെയും എന്‍റെ പിതാവിന്‍റെയും ജന്മദേശം കൂടിയാണ് സെർബിയ. എന്‍റെ പൂർവ്വികരും അവരുടെ പൂര്‍വികരെപ്പോലെ തന്നെ പഴയ സ്ലാവിക് മാതൃരാജ്യത്ത് നിന്ന് ഈ ദേശത്തേക്ക് വന്നതാണ്. എന്നിട്ടും ഒരു കാളക്കും അതിൽ അഭിമാനം തോന്നിയിട്ടില്ല. ഭാരം കയറ്റാനുള്ള ഞങ്ങളുടെ കഴിവിൽ മാത്രം ഞങ്ങൾ അഭിമാനിക്കുന്നു. ഇന്നുവരെ ഞങ്ങളില്‍ ഒരു കാളയും ഒരു ജർമ്മൻ കാളയോട് ഇങ്ങനെ പറഞ്ഞിട്ടില്ല: ‘നിനക്ക് എന്നിൽ നിന്ന് എന്താണ് വേണ്ടത്? ഞാൻ ഒരു സെർബിയൻ കാളയാണ്, എന്‍റെ ജന്മദേശം മഹത്തായ സെർബിയ രാജ്യമാണ്. എന്‍റെ പൂർവ്വികരെല്ലാം ഇവിടെ ജനിച്ചു. ഇവിടെ, ഈ ദേശത്ത്, എന്‍റെ പൂർവ്വികരുടെ കല്ലറകളുണ്ട്. ‘ ഞങ്ങൾ ഇതിൽ ഒരിക്കലും അഭിമാനിച്ചിട്ടില്ല. അങ്ങനെ ഒരു കാര്യം ഞങ്ങളുടെ മനസ്സിൽ വന്നിട്ടുമില്ല. എന്നാല്‍, അവർ അതിൽ അഭിമാനിക്കുന്നു. വിചിത്ര മനുഷ്യര്‍!”

ഈ ചിന്തകളാൽ ദുഃഖത്തോടെ തല കുലുക്കിയപ്പോള്‍ ചാരന്‍റെ കഴുത്തിലെ മണി മുഴങ്ങി, നുകം കുലുങ്ങി. കറുപ്പന്‍ കണ്ണുതുറന്ന് സുഹൃത്തിനെ നോക്കി, വിലപിച്ചു:

‘വീണ്ടും നിന്‍റെ പഴേ വിഡ്ഢിത്തരങ്ങള്‍! വലതും തിന്നൂ മണ്ടാ… ശരീരത്തില്‍ കുറച്ച് കൊഴുപ്പ് ഉണ്ടാക്കുക, നിന്‍റെ വാരിയെല്ലുകൾ എല്ലാം പുറത്തേക്ക് തള്ളി നില്‍ക്കുന്നു; ചിന്തിക്കുന്നത് നല്ലതാണെങ്കിൽ ആളുകൾ അത് കാളകള്‍ക്ക് വിട്ടുകൊടുക്കുമായിരുന്നില്ല. ഒരു തരത്തിലും നമ്മൾ ഭാഗ്യവാന്മാരാകില്ല!’

ചാരന്‍ കൂറ്റന്‍ തന്‍റെ സഖാവിനെ സഹതാപത്തോടെ നോക്കിയിട്ട്, അവനിൽ നിന്ന് തല തിരിച്ചു തന്‍റെ ചിന്തകളിൽ മുഴുകി.

“അവരുടെ മഹത്തായ ഭൂതകാലത്തിൽ അവർ അഭിമാനിക്കുന്നു. അവർക്ക് അവരുടെ കൊസോവോ യുദ്ധഭൂമിയും, കൊസോവോ യുദ്ധവുമുണ്ട്. വലിയ കാര്യമായിപ്പോയി! എന്‍റെ പൂർവ്വികർ അന്ന് ഭക്ഷണവും ആയുധങ്ങളും നിറച്ച വണ്ടികൾ വലിച്ചിട്ടില്ലേ? അന്ന് ഞങ്ങൾ അത് ചെയ്തില്ലായിരുന്നെങ്കിൽ, ആളുകൾക്ക് സ്വയം ചെയ്യേണ്ടിവരുമായിരുന്നു. പിന്നെ തുർക്കികൾക്കെതിരേ ഉയര്‍ന്ന പ്രക്ഷോഭവും. വളരെ ഗംഭീരവും മാന്യവുമായ ഒരു ശ്രമം, എന്നാൽ ആ സമയത്ത് ആരാണ് അവിടെ ഉണ്ടായിരുന്നത്? അവരുടെ കഴിവാണെന്ന മട്ടിൽ അഭിമാനത്തോടെ എന്‍റെ മുമ്പിൽ കുതിച്ചുകയറി നടക്കുന്ന ഈ പൊങ്ങച്ചക്കാരന്‍ വിഡ്ഢികളാണോ? ഇവിടെ, എന്‍റെ യജമാനനെ ഒരു ഉദാഹരണമായി എടുക്കുക. തന്‍റെ ഒരു മുത്തച്ഛൻ യഥാർത്ഥ വീരനെന്ന നിലയിൽ വിമോചന യുദ്ധത്തിൽ പോരാടി മരിച്ചുവെന്നു അദ്ദേഹവും വളരെയധികം അഭിമാനിക്കുന്നു, പ്രക്ഷോഭത്തെക്കുറിച്ച് വീമ്പിളക്കുന്നു. എന്നാല്‍, ഇത് എന്‍റെ യജമാനന്‍റെ കഴിവാണോ? അദ്ദേഹത്തിന്‍റെ മുത്തച്ഛന് അഭിമാനിക്കാൻ അവകാശമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്‍റെ പിന്ഗാമി സ്വതന്ത്രനായിരിക്കുവാന്‍ മുത്തച്ഛൻ മരിച്ചു. അങ്ങനെ എന്‍റെ യജമാനൻ എന്ന സന്തതി സ്വതന്ത്രനായി. ഇന്ന് അദ്ദേഹം സ്വതന്ത്രനാണ്, എന്നാല്‍ അദ്ദേഹം തന്‍റെ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നു? അദ്ദേഹം മറ്റുള്ളവരുടെ കുറ്റികൾ മോഷ്ടിച്ച് വണ്ടിയിൽ കയറി ഇരിക്കുന്നു. അദ്ദേഹം ഉറങ്ങുമ്പോൾ അദ്ദേഹത്തേയും കുറ്റികളെയും വലിച്ചു കൊണ്ട് ഞാന്‍ ഓടണം. ഇപ്പോൾ അദ്ദേഹം തന്‍റെ കുറ്റികൾ വിറ്റു. ശേഷം മദ്യം കുടിക്കുന്നു. ഒന്നും ചെയ്യാതെ തന്‍റെ മഹത്തായ ഭൂതകാലത്തിൽ അഭിമാനിക്കുന്നു. കലാപത്തിൽ പോരാളികളെ പോറ്റുന്നതിനായി എന്‍റെ പൂർവ്വികരിൽ എത്രപേർ അറുക്കപ്പെട്ടു? അക്കാലത്ത് എന്‍റെ പൂർവ്വികർ ആയുധങ്ങൾ, പീരങ്കികൾ, ഭക്ഷണം, വെടിമരുന്ന് എന്നിവ ചുമന്നില്ലേ? ഞങ്ങൾക്ക് മാറ്റമില്ലാത്തതിനാൽ അവരുടെ കഴിവുകളിൽ ഞങ്ങൾ അഭിമാനിക്കുന്നില്ല. നമ്മുടെ പൂർവ്വികർ ചെയ്തതുപോലെ ക്ഷമയോടെയും മനഃസാക്ഷിയോടെയും ഇന്നും ഞങ്ങള്‍ ഞങ്ങളുടെ കടമ നിർവഹിക്കുന്നു.

തങ്ങളുടെ പൂർവ്വികരുടെ കഷ്ടപ്പാടുകളെക്കുറിച്ചും അഞ്ഞൂറു വർഷത്തെ അടിമത്തത്തെക്കുറിച്ചും അവർ അഭിമാനിക്കുന്നു. എന്‍റെ ബന്ധുക്കൾ ഞങ്ങളുടെ അസ്തിത്വത്തിലുടനീളം കഷ്ടപ്പെട്ടിട്ടുണ്ട്, ഇന്നും ഞങ്ങൾ കഷ്ടപ്പെടുകയും അടിമകളാവുകയും ചെയ്യുന്നു, എന്നിട്ടും ഞങ്ങൾ അതിനെക്കുറിച്ച് ഉച്ചത്തില്‍ അലറുന്നില്ല. തുർക്കികൾ അവരെ പീഡിപ്പിക്കുകയും അറുക്കുകയും ക്രൂശിക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു; എന്‍റെ പൂർവ്വികരെ സെർബിയക്കാരും തുർക്കികളും ഒരുപോലെ അറുക്കുകയും വറുക്കുകയും എല്ലാത്തരം പീഡനങ്ങളും നടത്തുകയും ചെയ്തില്ലേ?

അവർ തങ്ങളുടെ മതത്തെക്കുറിച്ച് അഭിമാനിക്കുന്നു, എന്നിട്ടും അവർ ഒന്നിലും വിശ്വസിക്കുന്നില്ല. ക്രിസ്ത്യാനികളായി ഞങ്ങളെ അംഗീകരിക്കാൻ കഴിയാത്തതിൽ എന്‍റെയും എന്‍റെ ജനതയുടെയും തെറ്റ് എന്താണ്? അവരുടെ മതം അവരോട് പറയുന്നു “നീ മോഷ്ടിക്കരുത്”. എന്നാല്‍ മോഷ്ടിച്ചു ലഭിച്ച പണവുമായി എന്‍റെ യജമാനൻ മോഷ്ടിക്കുകയും കുടിക്കുകയും ചെയ്യുന്നു. അയൽക്കാരെ സ്നേഹിക്കാൻ അവരുടെ മതം നിർദ്ദേശിക്കുന്നു, എന്നിട്ടും അവർ പരസ്പരം ദോഷം ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം, മനുഷ്യരിൽ ഏറ്റവും മികച്ച സദ്‌ഗുണത്തിന്‍റെ ഉദാഹരണം, ഒരു ഉപദ്രവവും ചെയ്യാത്തയാളാണ്. ദോഷം ചെയ്യാതെയിരിക്കുക മാത്രമല്ല, എന്തെങ്കിലും നല്ലത് കൂടി ചെയ്യാൻ ആരോടും ആവശ്യപ്പെടുകയോ ആരും അത് പരിഗണിക്കുകയോ ചെയ്യുന്നില്ല. അവരുടെ പുണ്യത്തിന്‍റെ ഉദാഹരണങ്ങൾ അത്രമാത്രമേയുള്ളൂ. ദോഷം വരുത്താത്ത ഏതൊരു ഉപയോഗശൂന്യമായ വസ്തുവും പോലെയാണ് അവര്‍ക്ക് അതും.”

ആ കാള ദീര്‍ഘമായ ഒരു നെടുവീർപ്പിട്ടു, അവന്‍റെ നെടുവീർപ്പ് ആ റോഡിൽ നിന്ന് പൊടി ഉയർത്തി.

ആ കാള തന്‍റെ സങ്കടകരമായ ചിന്തകള്‍ തുടർന്നു.

“അങ്ങനെ നോക്കുമ്പോള്‍, ഞാനും എന്‍റെ കൂട്ടരും ഇവരേക്കാള്‍ മികച്ചവരല്ലേ? ഞാനൊരിക്കലും ആരെയും കൊലപ്പെടുത്തിയിട്ടില്ല, ആരെയും അപകീർത്തിപ്പെടുത്തിയിട്ടില്ല, ഒന്നും മോഷ്ടിച്ചിട്ടില്ല, നിരപരാധിയെ പൊതുസേവനത്തിൽ നിന്ന് പുറത്താക്കിയിട്ടില്ല, സംസ്ഥാന ട്രഷറിയിൽ കമ്മി വരുത്തിയിട്ടില്ല, വ്യാജ പാപ്പരത്വം പ്രഖ്യാപിച്ചിട്ടില്ല, നിരപരാധികളെ ചങ്ങലയ്ക്കിടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല, ഞാൻ ഒരിക്കലും എന്‍റെ സുഹൃത്തുക്കളെ അപമാനിച്ചിട്ടില്ല, എന്‍റെ കാള തത്ത്വങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല, തെറ്റായ സാക്ഷ്യങ്ങൾ നൽകിയിട്ടില്ല, ഞാനൊരിക്കലും ഒരു മന്ത്രി ആയിരുന്നില്ല, രാജ്യം ഒരിക്കലും അപകടത്തിലാക്കിയിട്ടില്ല, മാത്രമല്ല ഒരു ഉപദ്രവവും ചെയ്തിട്ടില്ല, എന്നെ ഉപദ്രവിക്കുന്നവര്‍ക്ക് പോലും ഞാൻ നന്മ ചെയ്യുന്നു. എന്‍റെ അമ്മ എന്നെ പ്രസവിച്ച ഉടനെ ദുഷ്ടന്മാർ എന്‍റെ അമ്മയുടെ പാൽ എന്നിൽ നിന്നും തട്ടി എടുത്തു. ദൈവം നമ്മള്‍ കാളകള്‍ക്ക് വേണ്ടിയാണ് പുല്ല് സൃഷ്ടിച്ചത്. അല്ലാതെ മനുഷ്യർക്ക് വേണ്ടിയല്ല. എന്നിട്ടും അവർ നമ്മിൽ നിന്നും അത് തട്ടിയെടുക്കുന്നു. അടിച്ചിട്ടും, ഞങ്ങൾ മനുഷ്യരുടെ വണ്ടികൾ വലിക്കുകയും അവരുടെ വയലുകൾ ഉഴുകയും അവര്‍ക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. എന്നിട്ടും മാതൃരാജ്യത്തിനായി ഞങ്ങൾ ചെയ്യുന്ന ത്യാഗങ്ങളെ ആരും അംഗീകരിക്കുന്നില്ല.

അല്ലെങ്കിൽ ഉപവാസത്തെ ഉദാഹരണമായി എടുക്കുക; എല്ലാ പെരുന്നാൾ ദിവസങ്ങളിലും മതം നോമ്പനുഷ്ഠിക്കാൻ പറയുന്നു, എന്നിട്ടും ഈ ചെറിയ ഉപവാസം പോലും സഹിക്കാൻ അവർ തയ്യാറല്ല. ഞാനും എന്‍റെ കൂട്ടരും മുലകുടി മാറിയതുമുതൽ ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഉപവസിക്കുന്നു.”

ആ കാള വിഷമം കൊണ്ട് തല താഴ്ത്തി, എന്നിട്ട് വീണ്ടും ഉയർത്തി. ദേഷ്യം അവന്‍റെ ഉള്ളില്‍ തുളച്ചുകയറി. പ്രധാനപ്പെട്ട എന്തോ ഒന്ന് തന്‍റെ ഉള്ളില്‍ തെളിഞ്ഞു വരുന്നതായി അവന് തോന്നി. പെട്ടെന്ന് അവൻ സന്തോഷത്തോടെ വിലപിച്ചു:

അവൻ തുടർന്നും ചിന്തിച്ചു, “ഓ, എനിക്കറിയാം, അത് അങ്ങനെയായിരിക്കണം… അതാണ് ഇത്; അവരുടെ സ്വാതന്ത്ര്യത്തെയും പൗരാവകാശത്തെയും കുറിച്ച് അവർ അഭിമാനിക്കുന്നു. ഞാന്‍ അതിനെ ഗൗരവമായി കാണേണ്ടതുണ്ട്.”

അവൻ ചിന്തിച്ചു കൊണ്ടേയിരുന്നു, പക്ഷേ ഒന്നും മനസ്സിലാക്കാൻ അവനു കഴിഞ്ഞില്ല.

“എന്താണ് അവരുടെ ഈ അവകാശങ്ങൾ? വോട്ടുചെയ്യാൻ പോലീസ് ഉത്തരവിട്ടാൽ, അവർ വോട്ടുചെയ്യുന്നു. അതുപോലെയാണെങ്കിൽ, “അവര്‍ക്ക് വേണ്ടി!” എന്ന് അമറാന്‍ ഞങ്ങള്‍ക്കും എളുപ്പത്തിൽ കഴിയും. അവർ ഉത്തരവിട്ടിട്ടില്ലെങ്കിൽ, അവർ വോട്ടുചെയ്യാൻ ധൈര്യപ്പെടുന്നില്ല. അല്ലെങ്കിൽ ഞങ്ങളെപ്പോലെ രാഷ്ട്രീയത്തിൽ മുഴുകുന്നു. തീർത്തും നിരപരാധിയാണെങ്കിലും ജയിലിലിട്ടു അടിക്കുന്നതും അവർ സഹിക്കുന്നു. ചുരുങ്ങിയത് ഞങ്ങൾ അമറുകയും വാലുകൾ ആട്ടുകയും ചെയ്യുന്നില്ലേ? അവർക്ക് അത്ര ചെറിയ ധൈര്യം പോലും ഇല്ല!”

ആ നിമിഷം, യജമാനൻ ഭക്ഷണശാലയിൽ നിന്ന് പുറത്തിറങ്ങി. മദ്യപിച്ച്, ലക്കുകെട്ട്, മങ്ങിയ കണ്ണുകളുമായി, എന്തൊക്കെയോ ഉരുവിട്ട്, അയാൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.

“ഈ അഭിമാനമായ പിൻഗാമി തന്‍റെ പൂർവ്വികരുടെ രക്തത്താൽ നേടിയ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നുവെന്നു നോക്കൂ! ശരി, എന്‍റെ യജമാനൻ മദ്യപനും കള്ളനുമാണ്, പക്ഷേ മറ്റുള്ളവർ ഈ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നു? അവരുടെ മുൻഗാമികളുടെ കഴിവിലും അവരുടെ പൂർവ്വികരുടെ യോഗ്യതയിലും വെറുതെ അഭിമാനിക്കാനും പൊങ്ങച്ചം പറയാനുമല്ലാതെ എന്തറിയാം? അതില്‍ എനിക്കുള്ള അത്ര സംഭാവനയെ അവര്‍ക്കുമുള്ളൂ. കാളകളായ ഞങ്ങൾ, ഞങ്ങളുടെ പൂർവ്വികരെപ്പോലെ കഠിനാധ്വാനികളും ഉപയോഗപ്രദമായ തൊഴിലാളികളുമായി തുടർന്നു. ഞങ്ങൾ കാളകളാണ്, പക്ഷേ ഇന്നും ഞങ്ങളുടെ കഠിനാധ്വാനത്തെക്കുറിച്ചും യോഗ്യതയെക്കുറിച്ചും ഞങ്ങള്‍ക്ക് അഭിമാനിക്കാം.”

ആ കാള നെടുവീർപ്പിട്ടുകൊണ്ട് യാത്രക്ക് വേണ്ടി നുകം ചേര്‍ക്കാന്‍ കഴുത്ത് ഒരുക്കി.

 

ബെൽഗ്രേഡിൽ, 1902.
“റാഡോയെ ഡൊമാനോവിച്” പ്രോജക്റ്റിനായി കഥകള്‍ വിവർത്തനം ചെയ്‌തത് – ദേവിക രമേഷ്, 2020.