Tag Archive | വിദേശി

നേതാവ് (3/3)

(മുമ്പത്തെ പേജ്)

അങ്ങനെ ആദ്യ ദിവസവും, അതേപോലെ തന്നെ കൂടുതല്‍ ദിവസങ്ങളും വിജയകരമായി കടന്നുപോയി. വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നും സംഭവിച്ചില്ല, ചില നിസ്സാര സംഭവങ്ങൾ മാത്രം: അവര്‍ തലകുത്തി ഒരു കുഴിയിലേക്കും പിന്നീട് ഒരു തോട്ടിലേക്കും വീണു; അവർ കുറ്റിച്ചെടി വേലികളിലും ബ്ലാക്ക്ബെറി കുറ്റിക്കാടുകൾക്കുമിടയില്‍ കുടുങ്ങി; അവർ കുപ്പികളിൽ തട്ടി വീണു; നിരവധി പേരുടെ കൈകളും കാലുകളും ഒടിഞ്ഞപ്പോള്‍, ചിലർക്ക് തലയിൽ ക്ഷതമേറ്റു. എന്നാൽ ഈ പീഡകളെല്ലാം അവര്‍ സഹിച്ചു. ഏതാനും വൃദ്ധന്മാരെ മരിക്കാനായി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ‘അവർ വീട്ടിൽ താമസിച്ചിരുന്നെങ്കിലും മരിക്കുമായിരുന്നു, അതുകൊണ്ട് വഴിയില്‍ മരിച്ചെന്നു പറഞ്ഞോണ്ട് നടക്കണ്ട കാര്യമില്ല. ’ – യാത്ര തുടരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച് വക്താക്കൾ പറഞ്ഞു. ചില ചെറിയ കുട്ടികളും മരിച്ചുവീണു. ദൈവഹിതമാണെന്ന് കരുതി, മാതാപിതാക്കൾ അവരുടെ ഹൃദയവേദന കടിച്ചമര്‍ത്തി. ‘കുട്ടികളുടെ പ്രായം എത്ര കുറവാണോ, സങ്കടം അത്രയും കുറഞ്ഞിരിക്കും. വിവാഹ പ്രായം എത്തിക്കഴിഞ്ഞാല്‍ മാതാപിതാക്കൾക്ക് ഒരിക്കലും അവരുടെ മക്കളെ നഷ്ടപ്പെടുത്താൻ ദൈവം അനുവദിക്കരുത്. കുട്ടികൾ മരിക്കാന്‍ വിധിക്കപ്പെട്ടവരാണെങ്കിൽ, നേരത്തെ മരിക്കുന്നതാണ് നല്ലത്. അപ്പോൾ ദുഃഖത്തിന്‍റെ അളവ് അത്ര വലുതാവില്ല!’ – വക്താക്കൾ അവരെ വീണ്ടും ആശ്വസിപ്പിച്ചു. ചിലർ തലയിലെ മുറിവുകളിൽ തുണികൾ പൊതിഞ്ഞ് അവിടെ രക്തത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചു. മറ്റുചിലർ ഉറകളില്‍ ആയുധം വഹിച്ചു നടന്നു. എല്ലാവരും മുറിവേറ്റവരും ക്ഷീണിതരുമായിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞെങ്കിലും അവര്‍ സന്തോഷത്തോടെ മുന്നോട്ട് നീങ്ങി. പലതവണ പട്ടിണി കിടക്കേണ്ടിവന്നില്ലായിരുന്നില്ലെങ്കിൽ ഇതെല്ലാം സഹിക്കാൻ എളുപ്പമായിരുന്നു. പക്ഷേ എന്തൊക്കെ വന്നാലും അവർക്ക് മുന്നോട്ട് പോകേണ്ടിവന്നു.

ഒരു ദിവസം, വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യം സംഭവിച്ചു.

സംഘത്തിലെ ധീരരായ ആളുകളാല്‍ ചുറ്റപ്പെട്ടു നേതാവ് മുന്നിൽ നടക്കുകയായിരുന്നു. (അവരിൽ രണ്ടുപേരെ കാണ്മാനില്ലായിരുന്നു, അവർ എവിടെയാണെന്ന് ആർക്കും ഒരു അറിവുമില്ല. അവര്‍ തങ്ങളുടെ ലക്ഷ്യം മറന്നു എല്ലാവരെയും വഞ്ചിച്ചു ഓടിപ്പോയി എന്നായിരുന്നു പൊതുവായ അഭിപ്രായം. ഒരു അവസരത്തിൽ വക്താവ് അവരുടെ ലജ്ജാകരമായ വഞ്ചനയെക്കുറിച്ച് ചിലത് പറഞ്ഞു. പക്ഷേ കുറച്ചുപേർ അവര്‍ വരുന്ന വഴിയില്‍ മരിച്ചു വീണുവെന്നു വിശ്വസിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ പക പിടിച്ചുപറ്റാതിരിക്കാന്‍ അവർ ആ അഭിപ്രായം പുറത്തു പറഞ്ഞില്ല) ബാക്കിയുള്ളവരൊക്കെ അവരുടെ പിന്നിൽ അണിനിരന്നു. പെട്ടെന്ന്‌ വളരെ വലുതും ആഴമേറിയതുമായ ഒരു മലയിടുക്ക്, ഒരു അടി കാണാത്ത ഗര്‍ത്തം അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ആ ചരിവ് വളരെ കുത്തനെയുള്ളതിനാൽ ഒരു പടി പോലും മുന്നോട്ട് പോകാൻ അവർ ധൈര്യപ്പെട്ടില്ല. ധൈര്യമുള്ളവർ പോലും ചെറുതായൊന്നു പകച്ചു നേതാവിനെ നോക്കി. ചിന്തകളിൽ ലയിച്ചുചേർന്ന അയാൾ തലകുനിച്ച്, ധൈര്യത്തോടെ മുന്നോട്ട് പോയി വടി സവിശേഷമായ രീതിയില്‍ നിലത്തു ആദ്യം വലത്തോട്ടും, പിന്നീട് ഇടത്തോട്ടും തട്ടി. ഇതെല്ലാം അദ്ദേഹത്തിനോടുള്ള ആദരവ് കൂടുതല്‍ ഉയര്‍ത്തിയതായി പലരും പറഞ്ഞു. അയാള്‍ ആരെയും നോക്കുകയോ ഒന്നും പറയുകയോ ചെയ്തില്ല. ആ ഗര്ത്തത്തിനടുത്തേക്ക് ചെല്ലുംതോറും അയാളുടെ മുഖത്ത് ഭാവമാറ്റമോ ഭയത്തിന്‍റെ ഒരു അടയാളമോ ഉണ്ടായില്ല. ധീരരായ മനുഷ്യർ പോലും വിളറി വെളുത്തെങ്കിലും ധീരനും ബുദ്ധിമാനുമായ നേതാവിന് മുന്നറിയിപ്പ് നൽകാൻ ആരും ധൈര്യപ്പെട്ടില്ല. രണ്ട് ചുവടുകള്‍ കൂടി വെച്ചാല്‍ അയാൾ ഗര്‍ത്തത്തിന്‍റെ അരികിലാവുമായിരുന്നു. ഭയത്താല്‍ തുറന്നു പിടിച്ച കണ്ണുകളോടെ എല്ലാവരും വിറച്ചു. അച്ചടക്ക ലംഘനമാണെങ്കില്‍ കൂടി, ധീരരായ പുരുഷന്മാർ നേതാവിനെ തടഞ്ഞുനിർത്താന്‍ പോകുകയായിരുന്നു. എന്നാല്‍, ഒരു ചുവട്… . രണ്ടാമത്തെ ചുവട്… അയാള്‍ മലയിടുക്കിലേക്ക് വീണു. പരിഭ്രമം, വിലാപം, നിലവിളി എന്നിവ ഉയര്‍ന്നു; ഭയം അവിടെ മേൽക്കൈ നേടി. ചിലർ അവിടെ നിന്നും ഓടിപ്പോകാൻ തുടങ്ങി.

‘സഹോദരന്മാരേ, നില്‍ക്കൂ! എന്തിനാണ് ധൃതി? ഇതാണോ നിങ്ങളുടെ വാക്ക് പാലിക്കുന്ന രീതി? ഈ ജ്ഞാനിയെ നാം പിന്തുടരണം, കാരണം അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനറിയാം. സ്വയം നശിപ്പിക്കാൻ അദ്ദേഹം ഭ്രാന്തനല്ല. അദ്ദേഹത്തിന്‍റെ പിന്നാലെ മുന്നോട്ട്! ഇതാണ് ഏറ്റവും വലിയതും ഒരുപക്ഷേ അവസാനത്തെതുമായ നമ്മള്‍ തരണം ചെയ്യേണ്ട തടസ്സം. ആർക്കറിയാം, ഒരുപക്ഷേ ഈ മലയിടുക്കിന്‍റെ മറുവശത്ത്, ദൈവം നമുക്കായി ഉദ്ദേശിച്ച മനോഹരമായ, ഫലഭൂയിഷ്ഠമായ ഒരു ഭൂമി നമുക്ക് കണ്ടെത്താനാവുമെന്ന്. മുന്നോട്ട്! ത്യാഗമില്ലാതെ, നാം എവിടെയും എത്തിചേരില്ല!’ – വക്താവിന്‍റെ ഉപദേശവാക്കുകൾ ഇത്തരത്തിലുള്ളതായിരുന്നു, അവനും രണ്ട് ചുവടുകൾ മുന്നോട്ട് വെച്ച് മലയിടുക്കിലേക്ക് അപ്രത്യക്ഷമായി. ധീരരും അയാളെ പിന്തുടർന്നു. തുടര്‍ന്ന് മറ്റുള്ളവരും എടുത്തു ചാടി.

വിശാലമായ ഈ മലയിടുക്കിന്‍റെ ചെങ്കുത്തായ ചരിവിൽ ഞരക്കവും ഇടർച്ചയും വിലാപവും ഉയര്‍ന്നു. ആരും പരിക്കേൽക്കാതെയും ജീവനോടെയും ഒരിക്കലും പുറത്തുവരില്ലെന്ന് ഏതൊരാള്‍ക്കും ആണയിട്ടു പറയാം. പക്ഷേ മനുഷ്യജീവിതം മര്‍ക്കടമുഷ്ടിപോലെയാണല്ലോ! നേതാവ് അസാധാരണമാം വിധം ഭാഗ്യവാനായിരുന്നു. വീണപ്പോൾ അയാൾ ഒരു കുറ്റിക്കാട്ടിൽ പരിക്കേൽക്കാതെ തൂങ്ങിക്കിടന്നു. കഷ്ടപ്പെട്ട് സ്വയം വലിച്ചിഴച്ച് അയാൾ പുറത്തേക്ക് വന്നു. വിലാപത്തിനും സങ്കടത്തിനും കരച്ചിലിനും താഴെയായി, അയാള്‍ നിശബ്ദനായി ഇരുന്നു. പരിഭ്രാന്തരായ കുറച്ചുപേർ അയാളെ ശപിക്കാൻ തുടങ്ങിയെങ്കിലും അയാള്‍ അത് ശ്രദ്ധിച്ചില്ല. വീണപ്പോൾ ഭാഗ്യവശാൽ ഒരു മുൾപടർപ്പിനെയോ മരത്തെയോ മുറുകെ പിടിക്കാൻ കഴിഞ്ഞവർ പുറത്തേക്ക് വരാൻ കഠിനമായി ശ്രമിച്ചുതുടങ്ങി. ചിലരുടെ തല പൊട്ടിയിരുന്നതിനാല്‍ മുഖത്തേക്ക് രക്തം ഒഴുകുന്നുണ്ടായിരുന്നു. നേതാവല്ലാതെ മറ്റാരും പരിക്കേല്‍ക്കാത്തവരായി ഉണ്ടായിരുന്നില്ല. അവരെല്ലാവരും പെട്ടെന്നു അയാളെ നോക്കി സങ്കടപ്പെട്ടു, പക്ഷേ അയാൾ തലയുയർത്തിയില്ല. അയാൾ നിശബ്ദനായി, ഒരു യഥാർത്ഥ മുനിയെപ്പോലെ ധ്യാനത്തില്‍ ഇരുന്നു.

കുറച്ച് സമയം കടന്നുപോയി. യാത്രക്കാരുടെ എണ്ണം കുറഞ്ഞുക്കൊണ്ടിരുന്നു. ഓരോ ദിവസവും എണ്ണം മാറിക്കൊണ്ടിരുന്നു. ചിലർ സംഘം വിട്ട് തിരിച്ചു പോയി.

ആരംഭിച്ച വലിയ സംഖ്യയിൽ നിന്ന് ഇരുപതോളം പേർ മാത്രമാണ് അവശേഷിച്ചത്. അവരുടെ ക്ഷീണിച്ച മുഖങ്ങളില്‍ നിരാശ, സംശയം, ക്ഷീണം, വിശപ്പ് എന്നിവയുടെ അടയാളങ്ങൾ പ്രതിഫലിച്ചിരുന്നെങ്കിലും, ആരും ഒരു വാക്കുപോലും പറഞ്ഞില്ല. അവർ തങ്ങളുടെ നേതാവിനെപ്പോലെ നിശബ്ദരായിരുന്നു. ഉത്സാഹിയായ വക്താവ് പോലും അടിയറവ് പറഞ്ഞു കഴിഞ്ഞു. പാത തീർച്ചയായും ബുദ്ധിമുട്ടേറിയതായിരുന്നു.

പത്ത് പേർ മാത്രമായി അവരുടെ എണ്ണം കുറഞ്ഞു. അവർ സംസാരിക്കുന്നതിനുപകരം നിരാശാജനകമായ മുഖങ്ങളോടെ, ഞരങ്ങി പരാതിപ്പെട്ടുകൊണ്ടിരുന്നു.

അവർ സാധാരണ മനുഷ്യരെന്നതിനേക്കാൾ വികലാംഗരെപ്പോലെയായിരുന്നു. ചിലർ ഊന്നുവടികള്‍ കുത്തി നടന്നിരുന്നു. ചിലർ കഴുത്തിൽ ചുറ്റിയ കെട്ടുകളില്‍ കൈകൾ താങ്ങിപ്പിടിച്ചിരുന്നു. അവരുടെ കൈകളിൽ നിരവധി കെട്ടുകളുണ്ടായിരുന്നു. പുതിയ ത്യാഗങ്ങൾ ചെയ്യാൻ അവർ ആഗ്രഹിച്ചിരുന്നുവെങ്കിൽപ്പോലും, പുതിയ മുറിവുകൾക്ക് അവരുടെ ശരീരത്തിൽ ഇടമില്ലാതിരുന്നതിനാൽ അവർക്ക് അതിന് കഴിഞ്ഞില്ല.

അവരിൽ ശക്തരും ധീരരുമായ ആളുകൾക്കുപോലും വിശ്വാസവും പ്രത്യാശയും നഷ്ടപ്പെട്ടിരുന്നുവെങ്കിലും കൂടുതൽ കഷ്ടപ്പെട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതായത്, അവർ തങ്ങളുടെ വലിയ പരിശ്രമത്തിനൊപ്പം, പരാതിപ്പെടുകയും, വേദന അനുഭവിക്കുകയും ചെയ്തു കൊണ്ടിരുന്നു. തിരികെ പോകാൻ കഴിയില്ലെങ്കിൽ പിന്നെ അവർക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? ഇത്രയധികം ത്യാഗങ്ങൾക്ക് ശേഷം യാത്ര ഉപേക്ഷിക്കാനോ?

സന്ധ്യയായി. ഊന്നുവടികളില്‍ കുത്തി മുന്നോട്ടുപോയ അവര്‍, പെട്ടെന്ന് തങ്ങളുടെ നേതാവ് അവരുടെ മുന്നിലില്ലെന്ന് കണ്ടു. മറ്റൊരു ചുവടുവെച്ചപ്പോഴേക്കും അവരെല്ലാം മറ്റൊരു മലയിടുക്കിലേക്ക് വീണു.

‘അയ്യോ, എന്‍റെ കാല്! അയ്യോ, എന്‍റെ കൈ!’ – വിലാപവും ഞരക്കവും ഉയര്‍ന്നു. ഒരു ദുർബലമായ ശബ്ദം യോഗ്യനായ നേതാവിനെ ശപിച്ചെങ്കിലും പെട്ടെന്ന് നിശബ്ദമായി.

സൂര്യൻ ഉദിച്ചപ്പോൾ, നേതാവ് പ്രത്യക്ഷപ്പെട്ടു. അയാള്‍ ഇരിക്കുകയായിരുന്നു. അയാളുടെ രൂപത്തിൽ ഒരു ചെറിയ മാറ്റം പോലും ഉണ്ടായിരുന്നില്ല.

വക്താവ് മലയിടുക്കിൽ നിന്ന് മറ്റ് രണ്ട് പേരോടൊപ്പം ഒരുവിധം പുറത്തേക്ക് വന്നു. രക്തമൊലിക്കുന്ന ഒടിഞ്ഞുതൂങ്ങിയ രൂപവുമായി അവർ എത്രപേർ അവശേഷിക്കുന്നുവെന്ന് കാണാൻ തിരിഞ്ഞു നോക്കി. പക്ഷേ അവർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മരണഭയവും നിരാശയും അവരുടെ ഹൃദയത്തിൽ നിറഞ്ഞു. ആ പ്രദേശം അജ്ഞാതമായിരുന്നു. ഒരു മലയോരവും പാറയും മാത്രം – എവിടെയും പാതകളില്ല. രണ്ട് ദിവസം മുമ്പ് അവർ ഒരു വഴിയില്‍ വന്നിരുന്നുവെങ്കിലും അത് ഉപേക്ഷിച്ചു പോവുകയാണ് ചെയ്തത്. നേതാവ് അവരെ ഈ വഴിക്ക് നയിച്ചു.

ഈ ഭയാനകമായ യാത്രയിൽ മരിച്ച നിരവധി സുഹൃത്തുക്കളെയും ബന്ധുക്കളെയും കുറിച്ച് അവർ ചിന്തിച്ചു. വികലമായ കൈകാലുകളിലെ വേദനയേക്കാൾ ശക്തമായ ഒരു സങ്കടം അവരെ കീഴടക്കി. സ്വന്തം നാശം അവർ തങ്ങളുടെ കണ്ണുകൊണ്ട് തന്നെ കണ്ടു.

വക്താവ് നേതാവിന്‍റെ അടുത്തേക്ക് പോയി വേദനയും നിരാശയും ക്ഷീണവും വിറയലും നിറഞ്ഞ ശബ്ദത്തോടെ സംസാരിക്കാൻ തുടങ്ങി.

‘നമ്മള്‍ ഇപ്പോൾ എങ്ങോട്ടേക്കാണ് പോകുന്നത്?’

നേതാവ് നിശബ്ദനായിരുന്നു.

‘താങ്കള്‍ ഞങ്ങളെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്? താങ്കള്‍ ഞങ്ങളെ എവിടെയാണ് കൊണ്ടുവന്നിരിക്കുന്നത്? ആ തരിശുഭൂമിയിൽ കിടന്നു നശിക്കാതെ സ്വയം രക്ഷിക്കാമെന്ന പ്രതീക്ഷയിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും താങ്കളുടെ കൈകളിൽ ഏൽപ്പിച്ചു, ഞങ്ങളുടെ വീടുകളും പൂർവ്വികരുടെ കല്ലറകളും ഉപേക്ഷിച്ച് താങ്കളെ പിന്തുടർന്നു. എന്നാൽ നിങ്ങൾ ഞങ്ങളെ അതിലും മോശമായ രീതിയിൽ നശിപ്പിച്ചു. നിങ്ങളുടെ പിന്നിൽ ഇരുന്നൂറ് കുടുംബങ്ങളുണ്ടായിരുന്നു, ഇപ്പോൾ എത്ര പേരുണ്ടെന്ന് നോക്കൂ!

“എല്ലാവരും ഇവിടെ ഇല്ലെന്നാണോ നിങ്ങൾ പറയുന്നത്?”, തല ഉയർത്താതെ നേതാവ് പിറുപിറുത്തു.

‘താങ്കൾക്ക് എങ്ങനെ ഇത്തരമൊരു ചോദ്യം ചോദിക്കാൻ കഴിയും? തലയുയര്‍ത്തി നോക്കൂ! ഈ നിർഭാഗ്യകരമായ യാത്രയിൽ നമ്മിൽ എത്രപേർ ശേഷിക്കുന്നുവെന്ന് കാണൂ! ഞങ്ങൾ ഉള്ള അവസ്ഥ നോക്കൂ! ഇതുപോലെ ഞൊണ്ടികളാകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്. ’

“എനിക്ക് നിങ്ങളെ നോക്കാൻ കഴിയില്ല!”

‘എന്തുകൊണ്ട്?’

“ഞാൻ അന്ധനാണ്. ”

എല്ലാവരും ഇടിവെട്ടേറ്റത് പോലെ നിന്നു.

‘യാത്രയ്ക്കിടെ നിങ്ങളുടെ കാഴ്ച നഷ്ടപ്പെട്ടോ?’

“ഞാൻ ജനിച്ചതെ അന്ധനായാണ്!”

മൂവരും നിരാശരായി തല കുനിച്ചു.

ശരത്കാല കാറ്റ് പർവതങ്ങളിലൂടെ ഭീകരമായി വീശുകയും ഉണങ്ങിയ ഇലകൾ പറക്കുകയും ചെയ്തു. കുന്നുകൾക്ക് മുകളിൽ ഒരു മൂടൽ മഞ്ഞ് വീണു. കാക്കയുടെ ചിറകുകൾ തണുത്ത, മൂടൽമഞ്ഞുള്ള വായുവിനെ ഭേദിച്ച് പറന്നു. ദുര്‍സൂചന പരത്തി കാക്കയുടെ കരച്ചില്‍ വീണ്ടും ഉയർന്നു. മേഘങ്ങളുടെ പുറകിൽ സൂര്യൻ മറഞ്ഞിരുന്നു. അവ കൂടുതൽ ദൂരേക്ക് പോയിക്കൊണ്ടിരുന്നു.

മൂവരും പരിഭ്രാന്തരായി പരസ്പരം നോക്കി.

‘നമ്മള്‍ ഇനി എവിടെക്ക് പോകും?’ – ഒരാള്‍ ഗൗരവപൂര്‍വ്വം ഓർമ്മിപ്പിച്ചു.

‘അറിയില്ല!’

 

ബെൽഗ്രേഡിൽ, 1901.
“റാഡോയെ ഡൊമാനോവിച്” പ്രോജക്റ്റിനായി കഥകള്‍ വിവർത്തനം ചെയ്‌തത് – ദേവിക രമേഷ്, 2020.

നേതാവ് (2/3)

(മുമ്പത്തെ പേജ്)

ഒരു ദൂര യാത്ര പോകാന്‍ ധൈര്യമുണ്ടായിരുന്ന എല്ലാവരും അടുത്ത ദിവസം അണിനിരന്നു. ഇരുനൂറിലേറെ കുടുംബങ്ങള്‍ പറഞ്ഞുറപ്പിച്ച സ്ഥലത്തെത്തി. തങ്ങളുടെ ഭൂമി നോക്കാന്‍ കുറച്ചു പേര്‍ മാത്രം വീടുകളില്‍ ഒതുങ്ങി കൂടി.

ജനിച്ച ദേശവും അവരുടെ പൂർവ്വികരുടെ കല്ലറകളും ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരായ ഈ ദയനീയരായ ജനക്കൂട്ടത്തിന്‍റെ കഠിനമായ നിർഭാഗ്യമോര്‍ക്കുമ്പോൾ തീർച്ചയായും സങ്കടമുണ്ട്. അവരുടെ മുഖങ്ങള്‍ ക്ഷീണിതവും സൂര്യതാപമേറ്റ് മങ്ങിയതുമായിരുന്നു. നീണ്ട കാലത്തെ കഠിനമായ കഷ്ടപ്പാടുകൾ അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. ദുരിതങ്ങളുടെയും കടുത്ത നിരാശയുടെയും ഒരു ചിത്രം അവരുടെ അവസ്ഥ വിളിച്ചോതിയിരുന്നു. എന്നാൽ ഈ നിമിഷത്തിൽ, ഗൃഹാതുരത്വവുമായി കൂടിച്ചേര്‍ന്ന പ്രതീക്ഷയുടെ ആദ്യ തിളക്കം അവരിലാകെ നിറഞ്ഞു നിന്നിരുന്നു. തീക്ഷ്ണമായി എടുത്തിരുന്ന നെടുവീർപ്പുകളും നിഷിദ്ധമാണെന്ന് കരുതുന്ന എന്തൊക്കെയോ ചെയ്യുന്നു എന്ന ഭാവത്തിലുള്ള തലകുലുക്കലുകളുടെയുമൊപ്പം കുറച്ച് വൃദ്ധരുടെ കവിളുകളിലൂടെ ഒരു തുള്ളി കണ്ണുനീർ ഒഴുകി. മെച്ചപ്പെട്ട ഒരു ദേശം തേടി പോകുന്നതിനുപകരം ഈ പാറകൾക്കിടയിൽ വീണു മരിക്കാൻ വേണ്ടി കുറച്ചുകാലം കൂടി അവിടെ തന്നെ താമസിക്കാന്‍ അവര്‍ തയ്യാറായിരുന്നു. പല സ്ത്രീകളും ഉറക്കെ വിലപിക്കുകയും തങ്ങള്‍ വിട്ടുപോകുന്ന പ്രിയപ്പെട്ടവരുടെ കല്ലറയില്‍ ചെന്ന് വിടപറയുകയും ചെയ്തു.

ധൈര്യമുള്ളവരായിരിക്കാന്‍ പുരുഷന്മാർ ഉച്ചവെച്ചു പറഞ്ഞുകൊണ്ടിരുന്നു. ‘ശരി, ഈ നശിച്ച നാട്ടിലെ കുടിലുകളിൽ തുടര്‍ന്നും പട്ടിണി കിടക്കാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?’ സാധ്യമായിരുന്നെങ്കില്‍ ആ ശപിക്കപ്പെട്ട പ്രദേശവും കുടിലുകളും അവരോടൊപ്പം കൊണ്ട് പോകാന്‍ ആ ദരിദ്രർ തയ്യാറായിരുന്നു.

ഒരു കൂട്ടം ആളുകള്‍ കൂടുമ്പോള്‍ ഉണ്ടാവുന്ന പതിവ് ശബ്ദങ്ങളും അലർച്ചയും അവിടെയുമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അസ്വസ്ഥരായിരുന്നു. അമ്മമാരുടെ മുതുകിൽ കെട്ടിയ തുണിത്തൊട്ടിലിൽ കിടന്നു കുട്ടികൾ വിറച്ചു. കന്നുകാലികൾ പോലും അൽപ്പം അസ്വസ്ഥരായിരുന്നു. ഒരുപാട് കന്നുകാലികളൊന്നുമില്ല. കഷ്ടിച്ചൊരു കാളക്കുട്ടിയും പിന്നെ വലിയ തലയും തടിച്ച കാലുകളുമുള്ള ഒരു മെലിഞ്ഞ, വൃത്തികെട്ട കുതിരയും. അതിന്‍റെ മുതുകിലെ ചുമടുതാങ്ങിക്ക് മേല്‍ പഴയ കമ്പളങ്ങൾ, സഞ്ചികൾ, കൂടാതെ രണ്ട് ചാക്കും കയറ്റിക്കൊണ്ടിരുന്നു. അങ്ങനെ ആ പാവം മൃഗം ആ ഭാരത്തിന് കീഴിൽ വിറച്ചു. എന്നിട്ടും അത് പണിപ്പെട്ടു എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റുള്ളവർ കഴുതകളെ കയറ്റുകയായിരുന്നു; കുട്ടികൾ നായ്ക്കളെ അവയുടെ തോല്‍വാറുകളില്‍ പിടിച്ചു നിയന്ത്രിക്കുകയും ചെയ്തു. സംസാരം, അലരിവിളികള്‍, ശാപവാക്കുകള്‍, വിലാപങ്ങള്‍, കരച്ചില്‍, കുര, മർദ്ദനങ്ങള്‍, എല്ലാം പെരുകുന്നു. ഒരു കഴുത പോലും കുറച്ച് തവണ അമറി. പക്ഷേ, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവേന, നേതാവ് ഒരു വാക്കുപോലും പറയാതെ നിശബ്ദനായിരുന്നു. ജ്ഞാനിയായ മനുഷ്യൻ!

അയാൾ തല താഴ്ത്തി നിശബ്ദനായി ഇരുന്നു. വല്ലപ്പോഴും നിലത്തു തുപ്പുക മാത്രം ചെയ്തു. എന്നാൽ അയാളുടെ വിചിത്രമായ പെരുമാറ്റം കാരണം, അയാളുടെ പ്രശസ്തി വളരെയധികം വര്‍ദ്ധിച്ചു. ഏവരും ഏതു പ്രതിബന്ധങ്ങളിലൂടെയും കടന്നു പോകാന്‍ തയ്യാറായിരുന്നു. താഴെപ്പറയുന്ന സംഭാഷണങ്ങൾ അവിടെ കേള്‍ക്കുമാറായി:

‘അത്തരമൊരു മനുഷ്യനെ കണ്ടെത്തിയതിൽ നമ്മൾ സന്തുഷ്ടരായിരിക്കണം. അദ്ദേഹത്തെക്കൂടാതെ നാം മുന്നോട്ട് പോയിരുന്നെങ്കിൽ നാം നശിക്കുമായിരുന്നു. ഞാൻ നിങ്ങളോട് പറയുന്നു, അദ്ദേഹത്തിന് നല്ല ബുദ്ധി ഉണ്ട്! അദ്ദേഹം നിശബ്ദനാണ്. അദ്ദേഹം ഇതുവരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ’- നേതാവിനെ ബഹുമാനത്തോടും അഭിമാനത്തോടും കൂടി നോക്കിക്കൊണ്ട് ഒരാൾ പറഞ്ഞു.

‘അദ്ദേഹം എന്ത് പറയണം? ധാരാളം സംസാരിക്കുന്നവൻ അധികം ചിന്തിക്കുന്നില്ല. അദ്ദേഹം മിടുക്കനാണ്, അത് ഉറപ്പാണ്! അദ്ദേഹം ആലോചിക്കുകയാണ്, ഒന്നും പറയുന്നുമില്ല’ – മറ്റൊരുവനും നേതാവിനെ വിസ്മയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.

‘ഇത്രയധികം ആളുകളെ നയിക്കുന്നത് എളുപ്പമല്ല! അദ്ദേഹത്തിന്‍റെ മേൽ ഒരു വലിയ ഉത്തരവാദിത്തമുള്ളതിനാൽ അദ്ദേഹത്തിനു ഒരുപാട് ആലോചിക്കേണ്ടതുണ്ട്’ – ആദ്യത്തെയാള്‍ വീണ്ടും പറഞ്ഞു.

പുറപ്പെടാനുള്ള സമയം ആഗതമായി. എന്നിരുന്നാലും, മറ്റാരെങ്കിലും മനസ്സ് മാറ്റി അവരോടൊപ്പം വരുമോ എന്ന് അറിയാൻ അവർ അൽപസമയം കാത്തിരുന്നു. പക്ഷേ ആരും വരാത്തതിനാൽ അവർക്ക് ഇനി അവിടെ തുടരാന്‍ സാധിച്ചില്ല.

‘നമുക്ക് പോകണ്ടേ?’ – അവർ നേതാവിനോട് ചോദിച്ചു.

അയാൾ ഒരു വാക്കുപോലും പറയാതെ എഴുന്നേറ്റു.

ഏറ്റവും ധീരരായ ആളുകൾ എന്ത് സഹായത്തിനുമായി ഉടൻ തന്നെ അയാളുടെ ചുറ്റും കൂടി.

നേതാവ് മുഖം ചുളിച്ചു, തല താഴ്ത്തി, കുറച്ച് ചുവടുകൾ വെച്ചു. അന്തസ്സായ രീതിയിൽ തന്‍റെ വടി മുൻപിലേക്ക് കുത്തി നടന്നു. ആ കൂട്ടം അദ്ദേഹത്തിന്‍റെ പിന്നില്‍ അണിനിരന്ന് ഉച്ചത്തില്‍ അലറി, “ഞങ്ങളുടെ നേതാവ് നീണാള്‍ വാഴട്ടെ!”

അദ്ദേഹം കുറച്ച് ചുവടുകൾ മുന്നോട്ടു വെച്ച് ഗ്രാമത്തിന്‍റെ പൊതുഹാളിനു മുന്നിലെ വേലിയുടെ അടുത്തെത്തി. സ്വാഭാവികമായും, അയാള്‍ അവിടെ നിന്നു; അതിനാൽ സംഘവും നിന്നു.

നേതാവ് അൽപ്പം പിന്നോട്ട് മാറി വേലിയിൽ വടികൊണ്ട് പലതവണ അടിച്ചു.

‘ഞങ്ങൾ എന്തുചെയ്യണമെന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്?’ – അവർ ചോദിച്ചു.

അയാൾ ഒന്നും പറഞ്ഞില്ല.

‘നാം എന്തു ചെയ്യണം? വേലി പൊളിക്കുക – അതാണ് നമ്മൾ ചെയ്യേണ്ടത്! എന്തുചെയ്യണമെന്ന് വടി കൊണ്ട് അദ്ദേഹം നമ്മളെ കാണിച്ചുതന്നത് നിങ്ങൾ കാണുന്നില്ലേ?’ – നേതാവിന് ചുറ്റും നിന്നവർ അലറി.

‘അവിടെയാണ് ഗേറ്റ്! അവിടെയാണ് ഗേറ്റ്!’ – കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചുകൂവിക്കൊണ്ട് അവരുടെ എതിർവശത്തുള്ള ഗേറ്റിലേക്ക് വിരൽ ചൂണ്ടി.

‘മിണ്ടാതെയിരിക്കൂ, കുട്ടികളെ… ’

‘ദൈവമേ ഞങ്ങളെ സഹായിക്കൂ, എന്താണ് ഇവിടെ നടക്കുന്നത്?’ – ഇങ്ങനെ പറഞ്ഞുകൊണ്ട് കുറച്ച് സ്ത്രീകൾ കുരിശുവരച്ചു.

‘ഒന്നും മിണ്ടരുത്! എന്തുചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. വേലി പൊളിക്കുക!’

ഒരിക്കലും അവിടെ സ്ഥിതി ചെയ്തിട്ടില്ലയെന്നത് പോലെ ഒരു നിമിഷം കൊണ്ട് ആ വേലി നിലംപരിശ്ശായി.

അവർ ആ വേലി മറികടന്നു.

ഒരു നൂറു ചുവടുകള്‍ വെച്ചുകഴിഞ്ഞപ്പോള്‍ നേതാവ് വലിയ മുള്ളുള്ള ഒരു മുൾപടർപ്പിനകത്തേക്ക് നടന്നു കയറി. വളരെ പ്രയാസത്തോടെ അയാൾ പുറത്തേക്കു വരുകയും തുടർന്ന് എല്ലാ ദിശകളിലേക്കും തന്‍റെ വലിയ വടി തട്ടാൻ തുടങ്ങുകയും ചെയ്തു. ആരും അയാളെ തടഞ്ഞില്ല.

‘ഇപ്പോൾ എന്താണ് പ്രശ്‌നം?’ – പിന്നിലുള്ളവർ അലറി.

‘മുൾപടർപ്പു മുറിക്കുക!’ – നേതാവിന് ചുറ്റും നിൽക്കുന്നവർ നിലവിളിച്ചു.

‘അതാ അവിടെ, മുള്ളുള്ള കുറ്റിക്കാട്ടിന് പിന്നില്‍ വഴിയുണ്ട്! അതവിടുണ്ട്!’ – പിന്നിലുള്ള നിരവധി ആളുകളും കുട്ടികളും വിളിച്ചു പറഞ്ഞു.

‘വഴിയുണ്ട്! വഴിയുണ്ട്!!’ – വിളിച്ചു പറഞ്ഞവരെ കളിയാക്കികൊണ്ട്‌ നേതാവിനു ചുറ്റുമുള്ളവര്‍ കോപത്തോടെ പറഞ്ഞു. ‘അദ്ദേഹം നമ്മെ എവിടേക്കാണ് നയിക്കുന്നതെന്ന് അന്ധരായ നമുക്ക് എങ്ങനെ അറിയാൻ കഴിയും? എല്ലാവർക്കും ഉത്തരവുകൾ നൽകാൻ കഴിയില്ല. നേതാവിന് ഏറ്റവും മികച്ചതും നേരിട്ടുള്ളതുമായ വഴി അറിയാം. മുൾപടർപ്പു മുറിക്കുക!’

വഴി വൃത്തിയാക്കാന്‍ അവർ ചാടി വീണു.

‘അയ്യോ’ മുള്ളു കയ്യിൽ കൊണ്ട ഒരാളും ബ്ലാക്ക്‌ബെറിയുടെ ഒരു ശാഖ മുഖത്ത് അടിച്ച മറ്റൊരാളും നിലവിളിച്ചു.

‘സഹോദരന്മാരേ, എന്തെങ്കിലും ചെയ്യാതെ നിങ്ങള്‍ക്ക് ഒന്നും നേടാനാവില്ല. വിജയിക്കാൻ നിങ്ങൾ അൽപ്പം ബുദ്ധിമുട്ടണം. ’ – സംഘത്തിലെ ധീരർ അവര്‍ക്ക് ഉത്തരം നൽകി.

വളരെയധികം പരിശ്രമത്തിനുശേഷം അവർ മുൾപടർപ്പിനെ തകർത്ത് മുന്നോട്ട് നീങ്ങി.

കുറച്ചുകൂടി അലഞ്ഞുനടന്ന ശേഷം അവർ ശിഖരങ്ങള്‍ പിണച്ചു കെട്ടിയ ഒരു വേലിയുടെ മുന്നില്‍ ചെന്ന് നിന്നു. അതും പൊളിച്ചുമാറ്റി അവർ തുടർന്നു.

സമാനമായ നിരവധി തടസ്സങ്ങൾ മറികടക്കേണ്ടിവന്നതിനാൽ ആദ്യ ദിവസം വളരെ കുറച്ച് വഴികളെ അവര്‍ക്ക് താണ്ടാനായുള്ളൂ. ഇതെല്ലാം വളരെ കുറച്ചു ഭക്ഷണത്തിന്‍റെ പിന്‍ബലത്തിലായിരുന്നു. ചിലർ ഉണക്കറൊട്ടിയും അല്പം ചീസും മാത്രമേ കൊണ്ടുവന്നിട്ടുണ്ടായിരുന്നുള്ളൂ. മറ്റുള്ളവർക്ക് വിശപ്പ് തൃപ്തിപ്പെടുത്താൻ കുറച്ച് റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലർക്ക് ഒന്നുമില്ലായിരുന്നു. ഭാഗ്യവശാൽ അത് വേനൽക്കാലമായിരുന്നതിനാൽ അവർക്ക് അവിടെയുമിവിടെയും നിന്നുമായി കുറച്ചു ഫലങ്ങള്‍ കിട്ടി.

അങ്ങനെ, ആദ്യ ദിവസം വളരെ ചെറിയ ദൂരം മാത്രമേ പിന്നിട്ടിരുന്നുള്ളൂവെങ്കിലും അവർക്ക് വളരെ ക്ഷീണം തോന്നി. വലിയ ആപത്തുകളോ അപകടങ്ങളൊ ഒന്നും സംഭവിച്ചില്ല. സ്വാഭാവികമായും ഇത്രയും വലിയൊരു ഉദ്യമത്തിൽ താഴെപ്പറയുന്ന സംഭവങ്ങളെ നിസ്സാരമായി കണക്കാക്കണം: ഒരു സ്ത്രീയുടെ ഇടത് കണ്ണിൽ ഒരു മുള്ളു കൊണ്ടു, അത് അവര്‍ നനഞ്ഞ തുണികൊണ്ട് കെട്ടിവെച്ചു; ഒരു കുട്ടിയുടെ കാല്‍ തടിയില്‍ തട്ടി, അവന്‍ അലറികരയുകയും ഞൊണ്ടി നടക്കാന്‍ തുടങ്ങുകയും ചെയ്തു. ഒരു വൃദ്ധൻ ഒരു ബ്ലാക്ക്ബെറി മുൾപടർപ്പിനു മുകളില്‍ തട്ടി വീണ്‌ കണങ്കാലിൽ ഉളുക്കുണ്ടായി; അതില്‍ സവാള പുരട്ടിയശേഷം, ആ മനുഷ്യൻ വേദന സഹിച്ചു, ധൈര്യത്തോടെ വടി കുത്തി, നേതാവിന്‍റെ പുറകെ ധീരമായി മുന്നോട്ട് നീങ്ങി. (സത്യം പറഞ്ഞാല്‍, തിരിച്ചു പോകുവാനുള്ള ആഗ്രഹത്തില്‍ ആ വൃദ്ധന്‍ മനപ്പൂര്‍വം ഉളുക്ക് വരുത്തിയതാണെന്ന് പലരും അടക്കം പറഞ്ഞു) അല്‍പ്പ സമയത്തിനുള്ളില്‍ മുഖം ഉറയാത്തവരോ, കയ്യില്‍ മുള്ള് കുത്തികയറാത്തവരോ ആയി വളരെ കുറച്ചു ആളുകളെ അവിടെ ശേഷിച്ചുള്ളൂ. പുരുഷന്മാർ ഇതെല്ലാം വീരോചിതമായി സഹിച്ചപ്പോള്‍, തങ്ങള്‍ ഇറങ്ങിത്തിരിച്ച സമയത്തെ സ്ത്രീകൾ ശപിക്കുകയും, കുട്ടികൾ സ്വാഭാവികമായും കരയുകയും ചെയ്തു. കാരണം ഈ അധ്വാനത്തിനും വേദനയ്ക്കും സമൃദ്ധമായ പ്രതിഫലം ലഭിക്കുമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നില്ല.

നേതാവിന് ഒന്നും സംഭവിച്ചില്ലയെന്നത് എല്ലാവരുടെയും സന്തോഷത്തിന് കാരണമായി. സത്യം പറഞ്ഞാൽ, അയാള്‍ വളരെയധികം സംരക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, ആ മനുഷ്യൻ ഭാഗ്യവാനുമായിരുന്നു. ആദ്യ രാത്രിയിലെ ക്യാമ്പിൽ എല്ലാവരും പ്രാർത്ഥിക്കുകയും ആ ദിവസത്തെ യാത്ര വിജയകരമാണെന്നും ഒരു ചെറിയ ദുരിതം പോലും നേതാവിന് സംഭവിച്ചിട്ടില്ലെന്നും ഓര്‍ത്ത്‌ ദൈവത്തോട് നന്ദി പറയുകയും ചെയ്തു. അപ്പോൾ ധീരനായ ഒരാൾ സംസാരിക്കാൻ തുടങ്ങി. അയാളുടെ മുഖം ബ്ലാക്ക്ബെറി മുൾപടർപ്പു കൊണ്ടുരഞ്ഞിരുന്നു. എന്നാല്‍ അയാള്‍ അതിൽ ശ്രദ്ധിച്ചില്ല.

‘സഹോദരന്മാരേ,’ – അയാള്‍ ആരംഭിച്ചു. ‘ദൈവത്തിന് നന്ദി, ഒരു ദിവസത്തെ യാത്ര വിജയകരമായി നമ്മള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. പാത എളുപ്പമല്ല, പക്ഷേ നമ്മള്‍ സഹിക്കണം കാരണം ഈ പാത നമ്മെ സന്തോഷത്തിലേക്ക് നയിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. സർവ്വശക്തനായ ദൈവം നമ്മുടെ നേതാവിനെ എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും സംരക്ഷിക്കട്ടെ, അങ്ങനെ അദ്ദേഹം നമ്മെ വിജയകരമായി മുന്നോട്ടു നയിക്കട്ടെ!’

‘ഇന്നത്തെ പോലെ കാര്യങ്ങൾ നടന്നാൽ നാളെ എനിക്ക് എന്‍റെ മറ്റെ കണ്ണും നഷ്ടപ്പെടും!’ – സ്ത്രീകളിലൊരാൾ ദേഷ്യത്തോടെ പറഞ്ഞു.

‘അയ്യോ, എന്‍റെ കാല്!’ – ആ സ്ത്രീയുടെ പരാമർശം പ്രോത്സാഹിപ്പിച്ചപ്പോള്‍, വൃദ്ധനും കരഞ്ഞു.

കുട്ടികൾ അലറിക്കരഞ്ഞുക്കൊണ്ടിരുന്നു. വക്താവിനെ കേൾക്കാനായി അമ്മമാർ അവരെ നിശബ്ദരാക്കാന്‍ നന്നേ പണിപ്പെടേണ്ടി വന്നു.

‘അതെ, നിങ്ങളുടെ മറ്റേ കണ്ണും നഷ്‌ടപ്പെടട്ടെ. . ’ – അയാള്‍ കോപത്തോടെ പൊട്ടിത്തെറിച്ചു. ‘നിങ്ങളുടെ രണ്ടു കണ്ണും നഷ്ടപ്പെടട്ടെ! ഇത്രയും വലിയ ഒരു കാര്യത്തിന് വേണ്ടി ഒരു സ്ത്രീക്ക് കണ്ണുകൾ നഷ്ടപ്പെടുന്നത് അത്ര ദൗർഭാഗ്യകരമായ കാര്യമല്ല. നിങ്ങൾക്ക് സ്വയം ലജ്ജ തോന്നണം! നിങ്ങളുടെ കുട്ടികളുടെ ക്ഷേമത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലുമൊക്കെ ചിന്തിച്ചിട്ടില്ലേ? ഈ ശ്രമത്തിൽ നമ്മിൽ പകുതിയും നശിച്ചെന്നു വരാം! അതുകൊണ്ട് എന്ത് വ്യത്യാസമാണ് ഉണ്ടാവാന്‍ പോകുന്നത്? എന്തിനാണ് ഒരു കണ്ണ്? നമ്മെ സന്തോഷത്തിലേക്ക് നയിക്കുന്ന ഒരാള്‍ ഉള്ളപ്പോൾ നമ്മുടെ കണ്ണുകൾകൊണ്ട് എന്ത് പ്രയോജനം? നിങ്ങളുടെ കണ്ണും വൃദ്ധന്‍റെ കാലും നിമിത്തം ഞങ്ങൾ ഞങ്ങളുടെ കര്‍ത്തവ്യം ഉപേക്ഷിക്കണോ?’

‘അയാള്‍ കള്ളം പറയുകയാണ്! വൃദ്ധൻ കള്ളം പറയുകയാണ്! അയാൾക്ക് തിരികെ വീട്ടിലേക്ക് പോകാനായി അഭിനയിക്കുകയാണ്. ’ – എല്ലാ ഭാഗത്തുനിന്നും ശബ്ദങ്ങൾ ഉയർന്നു.

‘സഹോദരന്മാരേ, കൂടുതൽ ദൂരം പോകാൻ ആഗ്രഹിക്കാത്തവർ, പരാതിപ്പെടുന്നതിനും മറ്റുള്ളവരെ ഇളക്കിവിടുന്നതിനും പകരം തിരികെ പോകട്ടെ. ’ – വക്താവ് വീണ്ടും പറഞ്ഞു. ‘എന്നിൽ എന്തെങ്കിലും അവശേഷിക്കുന്നിടത്തോളം കാലം ഞാൻ ഈ ബുദ്ധിമാനായ നേതാവിനെ പിന്തുടരും!’

‘നമ്മൾ എല്ലാവരും പിന്തുടരും! നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നാമെല്ലാം അദ്ദേഹത്തെ പിന്തുടരും!’

നേതാവ് നിശബ്ദനായിരുന്നു.

എല്ലാവരും അദ്ദേഹത്തെ നോക്കി മന്ത്രിക്കാൻ തുടങ്ങി:

‘അദ്ദേഹം തന്‍റെ ചിന്തകളിൽ ലയിച്ചിരിക്കുകയാണ്!’

‘ജ്ഞാനി!’

‘അദ്ദേഹത്തിന്‍റെ നെറ്റിയിൽ നോക്കൂ!’

‘അദ്ദേഹം മുഖം ചുളിക്കുന്നു!’

‘ഗൌരവം!’

‘അദ്ദേഹം ധീരനാണ്! അദ്ദേഹത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും അത് കാണപ്പെടുന്നു.

‘നിങ്ങള്ക്ക് വീണ്ടും പറയാം! വേലികൾ, മതിലുകള്‍ – അദ്ദേഹം അതെല്ലാം മറികടക്കും. അദ്ദേഹം ഒന്നും പറയാതെ വടി കുത്തുന്നു. അദ്ദേഹത്തിന്‍റെ മനസ്സിലുള്ളത് നമ്മള്‍ മനസ്സിലാക്കുന്നു.’

(അടുത്ത പേജ്)

നേതാവ് (1/3)

‘സഹോദരന്മാരെ, സ്നേഹിതരെ, നിങ്ങള്‍ ഇവിടെ പ്രസംഗിച്ചതൊക്കെ ഞാന്‍ കേട്ടു. ഇനി നിങ്ങള്‍ എന്നെയുമൊന്നു കേള്‍ക്കണമെന്ന് നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയാണ്. നമ്മള്‍ ഈ തരിശ്ശു ഭൂമിയില്‍ വസിക്കുന്നിടത്തോളം കാലം, നമ്മുടെ ഈ കൂടിയാലോചനകളും ചര്‍ച്ചകളുമൊക്കെ ഉപയോഗശൂന്യമാണ്. നല്ല മഴയുള്ള കാലത്തുപോലും ഈ പാറയിലും പൂഴി മണ്ണിലും ഒന്നും വിളഞ്ഞിട്ടില്ല. അപ്പോഴാണോ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര തീവ്രമായ ഈ വരള്‍ച്ചയില്‍? എത്ര നാള്‍ നമ്മളിങ്ങനെ ഒന്നിച്ചുകൂടി ഒരു ഉപയോഗവുമില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കും? തീറ്റയില്ലാതെ കന്നുകാലികള്‍ ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നു. വൈകാതെ നമ്മളും നമ്മുടെ കുട്ടികളും പട്ടിണിയിലാവും. മികച്ചതും പ്രാവര്‍ത്തികവുമായ ഒരു പരിഹാരം നമ്മള്‍ കണ്ടെത്തിയേ മതിയാകൂ. എനിക്ക് തോന്നുന്നത് നമ്മള്‍ ഈ ഊഷരഭൂമി വിട്ട്, ഫലപുഷ്ടിയുള്ള മണ്ണ് തേടി ഈ ലോകത്തിന്‍റെ മറ്റു കോണിലേക്ക് ഇറങ്ങി ചെല്ലണമെന്നാണ്. കാരണം നമുക്കിവിടെ ഇങ്ങനെയിനി ജീവിക്കാനാവില്ല.’

ഒരിക്കല്‍ ഏതോ ഒരു ചര്‍ച്ചയില്‍, ഫലപുഷ്ടിയില്ലാത്ത ഒരു പ്രദേശത്തെ ഒരാള്‍, തളര്‍ന്ന സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. എവിടെ, എപ്പോള്‍ എന്നുള്ളത് എന്നെയോ നിങ്ങളെയോ ബാധിക്കുന്ന കാര്യമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏതോ ഒരു കാലത്ത്, ഏതോ ഒരു നാട്ടില്‍ ഇത് നടന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കണമെന്നത് മാത്രമാണ് പ്രധാനം. സത്യം പറഞ്ഞാൽ, ഒരു സമയത്ത് ഈ കഥ മുഴുവൻ ഞാൻ എങ്ങനെയൊക്കെയോ കണ്ടുപിടിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാൽ ക്രമേണ ഈ വ്യാമോഹത്തിൽ നിന്ന് ഞാൻ എന്നെതന്നെ മോചിപ്പിച്ചു. ഇത് എവിടെയെങ്കിലും എപ്പോഴെങ്കിലും ശരിക്കും സംഭവിച്ചതായിരിക്കുമെന്നും, ഒരു തരത്തിലും കെട്ടിച്ചമച്ചതാവില്ലെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

വിളറിയ വിഷമിച്ച മുഖവും, ഇരുണ്ട, ഒന്നും തന്നെ വായിച്ചെടുക്കാന്‍ കഴിയാത്ത നോട്ടങ്ങളുമുള്ള ആ ശ്രോതാക്കൾ, കൈകൾ ബെൽറ്റിനടിയിൽ വച്ചുകൊണ്ട്, ഈ വിവേകം നിറഞ്ഞ വാക്കുകളിൽ അതീവ ശ്രദ്ധാലുക്കളായി കാണപ്പെട്ടു. നട്ടെല്ല് വെള്ളമാക്കി പണിയെടുക്കുമ്പോള്‍ സമൃദ്ധമായ വിളവ്‌ പ്രതിഫലം ലഭിക്കുന്ന ഒരുതരം മാന്ത്രിക, പറുദീസ ഭൂമിയില്‍ എത്തിച്ചേര്‍ന്നെന്നു ഓരോരുത്തരും ഇതിനകം സങ്കല്‍പ്പിച്ചു കഴിഞ്ഞിരുന്നു.

‘അവന്‍ പറഞ്ഞത് ശരിയാണ്, വളരെ ശരിയാണ്’ തളര്‍ന്ന സ്വരങ്ങള്‍ പലയിടത്ത് നിന്നായി വിളിച്ചു പറഞ്ഞു.

‘ഈ സ്ഥലം അടുത്താണോ?’ ഒരു കോണില്‍ നിന്നൊരു പതിഞ്ഞ സ്വരം പുറത്തു വന്നു.

അപ്പോള്‍ ഒരു ഉറച്ച സ്വരം പെട്ടെന്ന് പൊട്ടി വീണു, ‘സോദരെ, ഈ ഉപദേശം എത്രയും പെട്ടെന്ന് നാം കൈക്കൊള്ളണം. കാരണം ഇങ്ങനെ അധിക നാള്‍ നമുക്ക് മുന്‍പോട്ടു പോകാനാവില്ല. നമ്മള്‍ ഒരുപാട് കഷ്ടപ്പെട്ടു, അധ്വാനിച്ചു പക്ഷേ യാതൊരു ഫലവുമുണ്ടായില്ല. ഭക്ഷണമാക്കമായിരുന്ന ധാന്യങ്ങള്‍ നമ്മള്‍ വിതച്ചു. വെള്ളപ്പൊക്കം മലഞ്ചെരുവില്‍ പാറ മാത്രം ശേഷിപ്പിച്ച്, ആ വിത്തും മണ്ണും കൊണ്ടുപോയി. രാവും പകലും കഷ്ടപ്പെട്ട് പണിയെടുത്തിട്ടും ഉടുക്കാന്‍ വസ്ത്രങ്ങളും ധരിക്കാന്‍ ചെരുപ്പുകളുമില്ലാതെ, വിശപ്പും ദാഹവും സഹിച്ചു, എല്ലാക്കാലവും ഇവിടെ താമസിക്കാണോ? നമ്മുടെ കഷ്ടപ്പാടിനു ഫലം തരുന്ന മികച്ചതും ഫലഭൂയിഷ്ഠവുമായ മണ്ണ് തേടി നാം പോകണം. ’

‘നമുക്ക് പോകാം, എത്രയും പെട്ടെന്ന് പോകാം. എന്തെന്നാല്‍ ഈ സ്ഥലം ഒട്ടും തന്നെ വാസയോഗ്യമല്ല. ’ അടക്കം പറച്ചിലുകള്‍ ഉയര്‍ന്നു, എങ്ങോട്ടെന്ന് അറിയാതെ, പലരും നടന്നു തുടങ്ങിക്കഴിഞ്ഞിരുന്നു.

‘നില്‍ക്കൂ, നിങ്ങള്‍ എങ്ങോട്ടേക്കാണ് പോകുന്നത്?’ ആദ്യം സംസാരിച്ചയാള്‍ വീണ്ടും സംസാരിച്ചു തുടങ്ങി. ‘തീര്‍ച്ചയായും നമ്മള്‍ പോകണം, പക്ഷേ ഇങ്ങനെയല്ല. എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഒരു ധാരണ വേണം. അല്ലെങ്കില്‍, നമ്മുടെ രക്ഷക്ക് പകരം നാശമായിരിക്കും സംഭവിക്കുക. അതിനാല്‍ നമ്മളെ നയിക്കാനും, ഏറ്റവും നല്ലതും നേരെയുള്ളതുമായ വഴിക്കാട്ടാനും, നമുക്ക് അനുസരിക്കാനും വേണ്ടി ഒരു നേതാവിനെ ഇപ്പോള്‍ തിരഞ്ഞെടുക്കാം. ’

‘നമുക്ക് തിരഞ്ഞെടുക്കാം, ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം. ’ പല ശബ്ദങ്ങള്‍ ഉയര്‍ന്നു.

യഥാര്‍ത്ഥ പ്രശ്നങ്ങളുടെ ആരവം അപ്പോഴാണ്‌ ഉയര്‍ന്നത്. എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നു. ആര്‍ക്കും ഒന്നും കേള്‍ക്കാനോ മനസ്സിലാക്കാനോ പറ്റിയില്ല. അവര്‍ പല സംഘങ്ങളായി തിരിഞ്ഞു അവരവര്‍ക്കിടയില്‍ പിറുപിറുക്കാനായി തുടങ്ങി. ആ സംഘങ്ങള്‍ പിന്നെയും ചെറുതായി പിരിഞ്ഞു. രണ്ടു മിനിറ്റിനുള്ളില്‍, അവര്‍ കയ്യില്‍ പിടിച്ചു സംസാരിക്കാനും എന്തൊക്കെയോ തെളിയിക്കാനുമുളള ശ്രമത്തില്‍ ആയിരുന്നു. അവര്‍ വസ്ത്രത്തിന്‍റെ കയ്യില്‍ പിടിച്ചു വലിക്കാനും കയ്യുകൊണ്ട് നിശബ്ദരാവാന്‍ ആവശ്യപ്പെടാനുംയും തുടങ്ങി.

‘സോദരെ’ അവിടെ ഉണ്ടായിരുന്ന പതുങ്ങിയ, അടഞ്ഞ ശബ്ദങ്ങളെ ഭേദിച്ച് കൊണ്ട് ശക്തമായൊരു ശബ്ദം മുഴങ്ങി. ‘ഇങ്ങനെ ഒക്കെ മുന്നോട്ട് പോയാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ ആരും കേള്‍ക്കുന്നില്ല. നമുക്കൊരു നേതാവിനെ തിരഞ്ഞെടുക്കണം. നമ്മുടെ ഇടയില്‍ നിന്നാരെ തിരഞ്ഞെടുക്കണം? നമുക്കിടയില്‍ ആരാണ് വഴികളെല്ലാം അറിയും വിധം യാത്രകള്‍ ചെയ്തിട്ടുള്ളത്? നമുക്കെല്ലാവര്‍ക്കും പരസ്പരം അറിയാം. എന്നാല്‍ ഈ ഞാന്‍ പോലും ഇവിടെയുള്ള ഒരാളുടെ നേതൃത്വത്തെ വിശ്വസിച്ചു എന്‍റെയോ എന്‍റെ കുട്ടികളുടെയോ ജീവിതം ഏല്‍പ്പിക്കാന്‍ തയ്യാറല്ല. അല്ലെങ്കില്‍ നിങ്ങള്‍ പറയൂ, നിങ്ങളില്‍ ആര്‍ക്ക് രാവിലെ മുതല്‍ ആ വഴിവക്കിലെ ഛായയിലിരിക്കുന്ന സഞ്ചാരിയെ അറിയാമെന്ന്?’

അവിടെ നിശബ്ദത പടര്‍ന്നു. എല്ലാവരും മുടി മുതല്‍ പാദം വരെ അയാളെ അളന്നു.

നീണ്ട താടിയിലും മുടിയിലും ഒളിച്ച ശാന്തമായ മുഖമുള്ള, മദ്ധ്യവയ്സ്ക്കനായ ആ സഞ്ചാരി തന്‍റെ ചിന്തയില്‍ മുഴുകി നിശബ്ദനായി അവിടെ തന്നെയിരുന്നു. അയാള്‍ സമയാസമയങ്ങളില്‍ തന്‍റെ കയ്യിലെ വലിയ വടി നിലത്ത് കുത്തി കൊണ്ടേയിരുന്നു.

‘ഇന്നലെ ഞാന്‍ ഇയാളെ ഒരു ചെറുപ്പക്കാരനോടൊപ്പം കണ്ടിരുന്നു. അവര്‍ കൈകള്‍ കൊരുത്തു തെരുവിലൂടെ നടക്കുകയായിരുന്നു. ഇന്നലെ രാത്രി ആ ചെറുപ്പക്കാരന്‍ ഈ ഗ്രാമം വിട്ടു. എന്നാല്‍ ഈ അപരിചിതന്‍ ഇവിടെ തന്നെ തങ്ങി. ’

‘സഹോദരാ, നമുക്ക് ഈ നിസ്സാരകാര്യങ്ങള്‍ പറഞ്ഞു സമയം കളയാതെ ഇരിക്കാം. അയാള്‍ ആര് തന്നെയായാലും വളരെ ദൂരം സഞ്ചരിച്ചു വന്നതാണ്. കാരണം നമ്മള്‍ ആരും തന്നെ അയാളെ ഇതുവരെ കണ്ടിട്ടില്ല. മാത്രമല്ല, അയാള്‍ക്ക്‌ തീര്‍ച്ചയായും നമ്മളെ ദൂരം കുറഞ്ഞതും ഏറ്റവും നല്ലതുമായ വഴിയിലൂടെ നയിക്കാനാവും. അയാള്‍ ബുദ്ധിമാനായ ഒരു മനുഷ്യനാണെന്നത് എന്‍റെ നിഗമനമാണ്. കാരണം അയാള്‍ നിശബ്ദനായിരുന്ന് ആലോചിക്കുകയാണ്. മറ്റൊരാളായിരുന്നെങ്കില്‍ ഇതിനോടകം നമ്മുടെ ഈ പ്രശ്നത്തില്‍ കുറഞ്ഞത്‌ പത്ത് തവണയെങ്കിലും നുഴഞ്ഞു കയറി ഇടപെടുകയോ, നമ്മളിലാരെങ്കിലുമായി സംസാരിക്കാന്‍ ശ്രമിക്കുകയോ ചെയ്തേനെ. എന്നാല്‍ അദ്ദേഹം ഈ സമയം അത്രയും മൂകനായി ഒറ്റക്കിരുന്നു ചിന്തിക്കുകയായിരുന്നു. ’

‘അയാള്‍ ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് തീര്‍ച്ചയായും എന്തോ ആലോചിക്കുന്നത് കൊണ്ടാണ്. മാത്രമല്ല അയാള്‍ വളരെ മിടുക്കനാണ്. അങ്ങനെ അല്ലാതെയാവാന്‍ യാതൊരു വഴിയുമില്ല. ’ ചിലര്‍ അഭിപ്രായത്തോട് യോജിച്ചു അയാളെ അടിമുടി പരിശോധിക്കാന്‍ തുടങ്ങി. ഓരോരുത്തരും അയാളില്‍ സവിശേഷ ബുദ്ധിശക്തിയുടെ അടയാളങ്ങളും അവയുടെ തെളിവുകളും കണ്ടെത്താന്‍ തുടങ്ങി.

ഒടുവില്‍ ഒട്ടും സമയം പാഴാക്കാതെ, നല്ല വാസസ്ഥലവും വളക്കൂറുള്ള മണ്ണുമുള്ള ലോകത്തിന്‍റെ മറ്റൊരു കോണിലേക്ക് തങ്ങളെ നയിക്കാന്‍ ദൈവം പറഞ്ഞയച്ച ആ സഞ്ചാരിയോട് സംസാരിക്കാന്‍ അവര്‍ തീരുമാനിച്ചു. അയാളായിരിക്കണം അവരുടെ നേതാവ്. അവര്‍ അയാളെ ശ്രവിക്കുകയും മറുചോദ്യങ്ങളില്ലാതെ അനുസരിക്കുകയും വേണം.

ആ അപരിചിതനോട് തങ്ങളുടെ തീരുമാനം അറിയിക്കാനായി അവരുടെ കൂട്ടത്തില്‍ നിന്ന് പത്തു പേരെ തിരഞ്ഞെടുത്തു. ഈ പ്രതിനിധി സംഘത്തിന്‍റെ ഉത്തരവാദിത്തം അദ്ദേഹത്തെ അവരുടെ പരിതാപാവസ്ഥ പറഞ്ഞു മനസ്സിലാക്കുകയും തങ്ങളുടെ നേതാവാകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയെന്നതായിരുന്നു.

ആ പത്തുപേര്‍ അദ്ദേഹത്തിന്‍റെ അടുത്തുചെന്ന് വിനയത്തോടെ കുമ്പിട്ടു. അതിലൊരാള്‍ അവരുടെ ഫലപുഷ്ടിയില്ലാത്ത മണ്ണിനെ കുറിച്ചും, മഴയില്ലാത്ത കാലത്തെ കുറിച്ചും, തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചും പറഞ്ഞു. അയാളുടെ സംസാരം അവസാനിച്ചത്‌ ഇങ്ങനെയാണ്;

ഈ അവസ്ഥകൾ ഞങ്ങളെ സ്വന്തം വീടും മണ്ണും ഉപേക്ഷിച്ച് മെച്ചപ്പെട്ട ഒരു സ്ഥലം കണ്ടെത്തുന്നതിനായി ലോകത്തിലേക്ക് ഇറങ്ങി പുറപ്പെടാൻ പ്രേരിപ്പിക്കുന്നു. ഒടുവിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തിയ ഈ നിമിഷം, ദൈവം ഞങ്ങളോട് കരുണ കാണിച്ചിരിക്കുന്നു. അവൻ ജ്ഞാനിയും യോഗ്യനുമായ ഒരു അപരിചിതനെ, അതായത് താങ്കളെ, ഞങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. താങ്കൾ ഞങ്ങളെ നയിക്കുകയും ഞങ്ങളുടെ ദുരിതങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും ചെയ്യും. ഇവിടെയുള്ള എല്ലാവരുടെയും പേരിൽ, ഞങ്ങളുടെ നേതാവാകാൻ ഞങ്ങൾ താങ്കളോട് ആവശ്യപ്പെടുന്നു. താങ്കൾ പോകുന്നിടത്തേക്കൊക്കെ ഞങ്ങൾ പിന്തുടരാം. താങ്കൾക്ക് വഴികൾ അറിയാം, താങ്കൾ തീർച്ചയായും സന്തോഷകരവും മികച്ചതുമായ ഒരു രാജ്യത്തിലായിരിക്കും ജനിച്ചിട്ടുണ്ടാവുക. ഞങ്ങൾ താങ്കൾ പറയുന്നത് ശ്രദ്ധിക്കുകയും താങ്കളുടെ ഓരോ ആജ്ഞയും അനുസരിക്കുകയും ചെയ്യും. ബുദ്ധിമാനായ അപരിചിതാ, ഇത്രയധികം ആത്മാക്കളെ നാശത്തിൽ നിന്ന് രക്ഷിക്കാൻ താങ്കൾ തയ്യാറാവുമോ? താങ്കൾക്ക് ഞങ്ങളുടെ നേതാവാകുവാന്‍ സാധിക്കുമോ?

ഈ പ്രഭാഷണത്തിനിടയിൽ, ആ ബുദ്ധിമാനായ അപരിചിതൻ ഒരിക്കല്‍ പോലും തല ഉയർത്തിയില്ല. മുഴുവൻ സമയവും അവർ കണ്ടെത്തിയ അതേ അവസ്ഥയില്‍ അയാള്‍ തുടർന്നു. തല താഴ്ത്തി, മുഖം ചുളിച്ചിരുന്ന അയാള്‍ ഒന്നും പറഞ്ഞില്ല. ഇടയ്ക്കിടയ്ക്ക് അയാള്‍ തന്‍റെ കൈയ്യിലെ വടി നിലത്തു തട്ടി ചിന്തിച്ചുകൊണ്ടിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ, തന്‍റെ അതേ സ്ഥിതിയില്‍ ഇരുന്നുകൊണ്ട് വളരെ ചുരുക്കി, സാവധാനത്തില്‍ അദ്ദേഹം സംസാരിച്ചു:

“ഞാൻ ആവാം!”

‘അപ്പോൾ ഞങ്ങൾക്ക് താങ്കളോടൊപ്പം വന്ന് ഒരു നല്ല ഭൂമി അന്വേഷിക്കാമോ?’

“നിങ്ങൾക്ക് വരാം!”, തല ഉയർത്താതെ അദ്ദേഹം തുടർന്നു.

അഭിനന്ദനപ്രകടനങ്ങളും ഉത്സാഹവും അപ്പോഴേക്കും ഉയർന്നുവന്നു കഴിഞ്ഞിരുന്നു, എന്നാൽ ആ അപരിചിതൻ അതിലൊന്നും ഒരു വാക്കുപോലും ഉരിയാടിയില്ല.

ആ പത്ത് പേർ തങ്ങളുടെ വിജയത്തെക്കുറിച്ച് ഒത്തുകൂടിയവരെ അറിയിച്ചു. ഈ മനുഷ്യന് എത്ര വലിയ ജ്ഞാനമുണ്ടെന്ന് ഇപ്പോൾ മാത്രമാണ് അവർ മനസ്സിലാക്കിയതെന്നും കൂട്ടിച്ചേർത്തു.

‘തന്നോട് ആരാണ് സംസാരിക്കുന്നതെന്ന് കാണാൻ അയാൾ സ്വസ്ഥാനത്തുനിന്ന് നീങ്ങുകയോ തല ഉയർത്തുകയോ ചെയ്തില്ല. അദ്ദേഹം നിശബ്ദനായി ഇരുന്നു ധ്യാനിച്ചു. ഞങ്ങളുടെ എല്ലാ സംസാരത്തിനും അഭിനന്ദനത്തിനും അദ്ദേഹം നാല് വാക്കുകൾ മാത്രമാണ് ഉത്തരമായി ഉച്ചരിച്ചത്. ’

‘ഒരു യഥാർത്ഥ മുനി! അപൂർവ ബുദ്ധിശാലി!’ – തങ്ങളെ രക്ഷിക്കാനായി ദൈവം തന്നെ സ്വർഗത്തിൽ നിന്ന് ഒരു ദൂതനായി അയാളെ അയച്ചതായി അവർ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു. ലോകത്ത് ഒന്നിനും തന്നെ ശ്രദ്ധ തിരിക്കാന്‍ കഴിയാത്ത അത്തരമൊരു നേതാവിന്‍റെ കീഴിൽ എല്ലാവർക്കും വിജയത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതിനാൽ അടുത്ത ദിവസം പ്രഭാതത്തിൽ തന്നെ യാത്ര പുറപ്പെടാൻ അവര്‍ തീരുമാനിച്ചു.

(അടുത്ത പേജ്)